• HOME
  • »
  • NEWS
  • »
  • crime
  • »
  • പ്ലേ സ്കൂളിൽ പോയില്ലെന്ന് പറഞ്ഞ് മൂന്ന് വയസുകാരിയെ ക്രൂരമായി മര്‍ദിച്ച കേസിൽ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ

പ്ലേ സ്കൂളിൽ പോയില്ലെന്ന് പറഞ്ഞ് മൂന്ന് വയസുകാരിയെ ക്രൂരമായി മര്‍ദിച്ച കേസിൽ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ

ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കുട്ടിയുടെ അച്ഛനേയും മുത്തശ്ശിയെയും പ്രതിചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

  • Share this:

    തിർവനന്തപുരം: പ്ലേ സ്കൂളിൽ പോകാൻ വിസമ്മതിച്ച കുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ കുട്ടിയുടെ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരം വർക്കല പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കുട്ടിയുടെ അച്ഛനേയും മുത്തശ്ശിയെയും പ്രതിചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

    ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ കുട്ടികൾക്ക് എതിരെയുള്ള അതിക്രമം പ്രകാരം മൂന്ന് വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പിന് പുറമെ കരുതിക്കൂട്ടിയുള്ള മർദനം, ആയുധം അല്ലെങ്കിൽ എന്തെങ്കിലും സാധനം കൊണ്ടുള്ള ആക്രമണം എന്നിങ്ങനെ വകുപ്പുകൾ പ്രകാരം ആണ് കേസ്. എന്നാൽ പൊലീസിന്റെ എഫ് ഐ ആറിൽ തീർത്തും വ്യത്യസ്തമായ കാര്യങ്ങൾ ആണ് സംഭവവുമായി ബന്ധപ്പെട്ട് പറയുന്നത്.

    Also Read- പ്ലേ സ്കൂളിൽ പോയില്ലെന്ന് പറഞ്ഞ് മൂന്ന് വയസുകാരിക്ക് ക്രൂരമര്‍ദനം; അമ്മൂമ്മയ്‌ക്കെതിരെ കേസ്

    പ്ലേ സ്കൂളിൽ പോകാതെ പ്രതികളുമായി വിരോധമുള്ളവരുടെ വീട്ടിൽ കുട്ടി പോയതിന്റെ ദേഷ്യത്തിലാണ് അമ്മൂമ്മ ആ വീട്ടിൽ നിന്ന് കുട്ടിയെ വിളിച്ചിറക്കി മർദിച്ചത് എന്നും വൈകിട്ട് വീട്ടിൽ എത്തിയ പിതാവും ഇത് അറിഞ്ഞ് കുട്ടിയെ മർദിച്ചു എന്നുമാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

    പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചതിനാണ് വീട്ടിൽ നിന്ന് ഇടറോഡിലേക്കുള്ള വഴിമധ്യേ കുട്ടിയുടെ അമ്മയുടെ അമ്മ വടികൊണ്ട് പൊതിരെ തല്ലിയതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പ‍ോര്‍ട്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പ്ലേ സ്കൂളിൽ പോകാൻ മുത്തശ്ശിക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. പ്ലേ സ്കൂളിൽ പോകുന്നില്ലെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതിൽ പ്രകോപിതയായാണ് മുത്തശ്ശി വടിയെടുത്ത് കുട്ടിയെ തല്ലിച്ചതച്ചതെന്നായിരുന്നു ദൃക്സാക്ഷികൾ പറഞ്ഞത്.

    ‘അടിയ്ക്കേണ്ട, പ്ലേ സ്കൂളിൽ പൊയ്ക്കോളാം’ എന്ന് പെൺകുട്ടി കരഞ്ഞ് പറയുന്നത് വീഡിയോയിൽ കാണാമായിരുന്നു. കാലിനും മുതുകിനും അടക്കം പൊതിരെ തല്ലിയെ മുത്തശ്ശിയുടെ പിടി വിടീച്ച് സ്വന്തമായാണ് കുട്ടി പ്ലേ സ്കൂളിലേക്ക് പോയത്.

    ഇത്തരത്തിൽ മുത്തശ്ശിയും അച്ഛനും കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. ദൃശ്യങ്ങളെടുത്ത അയൽവാസി പരിചയക്കാര്‍ക്ക് കൈമാറിയതോടെ സാമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചു. നാട്ടുകാരനായ പൊതുപ്രവര്‍ത്തകന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടിലെ മൂന്ന് പെൺമക്കളിൽ ഇളയതാണ് മര്‍ദ്ദനമേറ്റ പെൺകുട്ടി.

    പുറംലോകമറിഞ്ഞത് വീഡിയോ സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചതോടെ

    മൂന്ന് വയസ് പ്രായമുള്ള പെൺകുഞ്ഞിനെ മൃഗീയമായി ഉപദ്രവിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കൂടിയാണ് പുറം ലോകം അറിയുന്നത്. വർക്കല വെട്ടൂർ വലയന്റെ കുഴി പ്രദേശത്താണ് സംഭവം.

    അതിക്രൂരമായി കുഞ്ഞിനെ മർദിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. അനസ് എന്ന ചെറുപ്പക്കാരൻ ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. ഇതിനെ തുടർന്ന് പൊതുപ്രവർത്തകനായ അനിൽ ചെറുന്നിയൂർ വർക്കല പൊലീസിലും വർക്കല ബ്ലോക്ക് പഞ്ചായത്തിന് കിഴിലുള്ള വനിതാ ശിശു ക്ഷേമ വകുപ്പ് ഓഫീസർക്കും വീഡിയോയും രേഖാമൂലവും പരാതി നൽകി.

    Published by:Rajesh V
    First published: