• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജയിച്ചു നില്‍ക്കുന്ന സിപിഎം ഓര്‍ക്കുന്നുണ്ടോ 1969 ഒക്ടോബര്‍ 24?

ജയിച്ചു നില്‍ക്കുന്ന സിപിഎം ഓര്‍ക്കുന്നുണ്ടോ 1969 ഒക്ടോബര്‍ 24?

ഇ.എം.എസിന്റെ സപ്തകക്ഷി സര്‍ക്കാര്‍ തമ്മിലടിച്ചു നിലത്തുവീണതിന്റെ അന്‍പതാം വാര്‍ഷികദിനത്തിലാണ് ഉപതെരഞ്ഞെടുപ്പു ഫലം പുറത്തുവന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • Last Updated :
  • Share this:
കൃത്യം അന്‍പതു വര്‍ഷം മുന്‍പു സപ്തകക്ഷി സര്‍ക്കാര്‍ നിലംപൊത്തിയപ്പോള്‍ ജാഥയായി ഇ.എം.എസ് രാജ്ഭവനിലേക്കു പോയ വഴികളിലൂടെയാണ് ഇന്ന് വട്ടിയൂര്‍ക്കാവിലെ സിപിഎം വിജയാഘോഷം കടന്നുപോയത്. അംഗസംഖ്യ 91ല്‍ നിന്ന് 93 ആയി എന്നു നിറഞ്ഞുചിരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇടതു സര്‍ക്കാരുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ വാര്‍ഷിക ദിനത്തിലാണ്. ഇ.എം.എസിന്റെ സപ്തകക്ഷി സര്‍ക്കാര്‍ തമ്മിലടിച്ചു നിലത്തുവീണതിന്റെ അന്‍പതാം വാര്‍ഷികദിനത്തിലാണ് ഉപതെരഞ്ഞെടുപ്പു ഫലം പുറത്തുവന്നത്.
1969 ഒക്ടോബര്‍ 24-സിപിഎമ്മിന്റെ നാലു മന്ത്രിമാര്‍ക്കെതിരേ അതേ മന്ത്രിസഭയുടെ ഭാഗമായിരുന്ന സിപിഐ അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കിയ ദിവസമാണ്. സിപിഐയുടെ പ്രമേയം 60ന് എതിരേ 69 വോട്ടുകള്‍ക്കു നിയമസഭയില്‍ പാസായി. 133 അംഗ സഭയില്‍ ഒന്‍പതു കോണ്‍ഗ്രസ് അംഗങ്ങളും അഞ്ചു കേരളാ കോണ്‍ഗ്രസ് അംഗങ്ങളും മാത്രമായിരുന്നു പ്രതിപക്ഷത്ത്. എന്നിട്ടും ആ സര്‍ക്കാര്‍  രണ്ടാം വര്‍ഷം മൂക്കു കുത്തി വീണു.


1969 ഒക്ടോബര്‍ 24ന് സംഭവിച്ചത്


വട്ടിയൂര്‍ക്കാവിലും കോന്നിയിലും സിപിഎമ്മും സിപിഐയും ഒന്നിച്ചു ജയം ആഘോഷിക്കുമ്പോള്‍ അരനൂറ്റാണ്ടു മുന്‍പത്തെ വീഴ്ച ഒരുപാടു കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. സിപിഎം നോമിനികളായി മന്ത്രിമാരായ കെ. ആര്‍ ഗൗരിയമ്മ, എം. കെ കൃഷ്ണന്‍, ഇ.കെ ഇമ്പിച്ചിബാവ, മത്തായി മാഞ്ഞൂരാന്‍ എന്നിവര്‍ അഴിമതി നടത്തിയെന്നും അന്വേഷിക്കണം എന്നുമാവശ്യപ്പെട്ട് സിപിഐ അംഗം ടി.എ മജീദ് പ്രമേയം അവതരിപ്പിച്ചു. ആ പ്രമേയം സഭ പാസാക്കിയതോടെ ഇ.എംഎസും സിപിഎം മന്ത്രിമാരും ജാഥയായി രാജ് ഭവനിലെത്തി രാജി സമര്‍പ്പിച്ചു. അതോടെ സപ്തകക്ഷി സംവിധാനം എന്നേക്കുമായി അവസാനിച്ചു. ഒരു പതിറ്റാണ്ടോളം സിപിഎമ്മും സിപിഐയും ബദ്ധ ശത്രുക്കളായി തുടര്‍ന്നു.


അഴിമതി കേസിലെ സിപിഐക്കാര്‍


സപ്തകക്ഷി മന്ത്രിസഭയുടെ പതനത്തിന് ഒരു ഫ്ലാഷ് ബാക്കുണ്ട്. സിപിഎം മന്ത്രിമാര്‍ക്ക് എതിരായ അഴിമതി അരോപണം വരുന്നതിനു കൃത്യം 10 ദിവസം മുന്‍പ് ഒക്ടോബര്‍ 14ന് മറ്റൊരു പ്രമേയം നിയമസഭയില്‍ വന്നു. കൊണ്ടുവന്നത് പി. ഗോവിന്ദപ്പിള്ള. എംഎന്‍ ഗോവിന്ദന്‍ നായര്‍, ടി.വി തോമസ്, ബി. വെല്ലിങ്ടണ്‍ എന്നിവര്‍ അഴിമതി നടത്തിയെന്നും അന്വേഷിക്കണമെന്നുമായിരുന്നു ഗോവിന്ദപ്പിള്ളയുടെ പ്രമേയം. പ്രമേയം വന്നയുടന്‍ മുഖ്യമന്ത്രി ഇ.എം.എസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ ഈ മന്ത്രിമാര്‍ക്കൊപ്പം പി.ആര്‍ കുറുപ്പും അവുക്കാദര്‍ കുട്ടി നഹയും ടി.കെ ദിവാകരനും കൂടി രാജിവച്ചു.


കള്ളനാക്കിയ തിരുമേനി


ഇ.എം.എസ് അന്വേഷണത്തിന് ഉത്തരവിട്ടതോടെ രാജിവച്ച എം.എന്‍ ഗോവിന്ദന്‍ നായര്‍ നിയമസഭയില്‍ നടത്തിയ വികാര നിര്‍ഭരമായ പ്രസംഗത്തിലാണ് ആ ചോദ്യം ഉയര്‍ത്തിയത്. 'നിങ്ങളെന്നെ കള്ളനാക്കിയതെന്തിനാണ് തിരുമേനീ' എന്നായിരുന്നു ഗോവിന്ദന്‍ നായരുടെ ചോദ്യം. 1957ല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്ന എം.എന്‍ ഗോവിന്ദന്‍ നായരാണ് ഇഎംഎസിനെ കേരളത്തിലെത്തിച്ച് നിലേശ്വരത്തു നിന്ന് മല്‍സരിപ്പിക്കുന്നത്. ടി.വി തോമസിനെ വെട്ടിയ ശേഷം ഇ.എം.എസ് മതിയെന്ന പ്രമേയം സംസ്ഥാന കമ്മിറ്റിയില്‍ വച്ചതും ഗോവിന്ദന്‍ നായരായിരുന്നു. ഈ കഥകളൊക്കെ ഓര്‍മിപ്പിച്ച ശേഷം നിങ്ങളെന്തു വിളിച്ചാലും രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ കള്ളന്‍ എന്നുമാത്രം വിളിക്കരുതെന്നായിരുന്നു എം.എന്‍ ഗോവിന്ദന്‍ നായരുടെ അഭ്യര്‍ത്ഥന.


ലീഗ് ബന്ധം വിട്ട ദിവസം


മഞ്ചേശ്വരത്ത് ലീഗിനും ബിജെപിക്കും പിന്നില്‍ സിപിഎം മൂന്നാമതായ ഈ ദിവസത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൃത്യം അരനൂറ്റാണ്ടു മുന്‍പ് ഈ ദിവസം തന്നെയാണ് ലീഗ് ബന്ധവും സിപിഎം എന്നേക്കുമായി അവസാനിപ്പിച്ചത്. സപ്തകക്ഷി മന്ത്രിസഭയില്‍ സിപിഐക്കു പുറമെ ഉണ്ടായിരുന്ന മുസ്ലിം ലീഗും ആര്‍എസ്പിയും ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയെന്ന ഐഎസ്പിയും എല്ലാം സിപിഎം ബന്ധം ഉപേക്ഷിച്ചു. സിപിഐ പത്തുവര്‍ഷത്തിനു ശേഷവും സോഷ്യലിസ്റ്റ് കക്ഷികള്‍ പലപേരില്‍ പലകാലങ്ങളിലായും മടങ്ങിവന്നിട്ടും ലീഗ് മാത്രം പിന്നീട് ഒരിക്കലും ഇടതു മുന്നണിയുടെ ഭാഗമായില്ല. ലീഗില്‍ നിന്നു പിരിഞ്ഞ ഐഎന്‍എല്‍ 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എല്‍ഡിഎഫിന്റെ ഭാഗമായതാണ് ഇതിനിടെ ഉണ്ടായ ഏക മാറ്റം.

First published: