• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുല്ലപ്പള്ളി രാമചന്ദ്രനോട് പറയാനുള്ളത് 'Its just not Cricket'

മുല്ലപ്പള്ളി രാമചന്ദ്രനോട് പറയാനുള്ളത് 'Its just not Cricket'

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം സിപിഎമ്മിന്റെ ശബരിമല ഓവര്‍ത്രോയിലൂടെയും ന്യൂനപക്ഷങ്ങളുടെ ഗ്രൗണ്ട് സപ്പോട്ടും കൊണ്ട് കൂടി നേടിയതാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ വിജയത്തിന്റെ ലഹരിയില്‍ കഴിഞ്ഞില്ല.

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

  • Last Updated :
  • Share this:
ഇത് ഭാഷാപ്രയോഗങ്ങളുടെ കാലമാണല്ലോ. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണെങ്കില്‍ ഇംഗ്‌ളീഷ് ശൈലി പ്രയോഗങ്ങളില്‍ ഒട്ടും പിന്നിലല്ല. അതു കൊണ്ട് ഒട്ടും കുറയ്ക്കുന്നില്ല. അദ്ദേഹത്തോട് പറയാനുള്ളത് ഇത്ര മാത്രം. 'Its just not Cricket'. ഇതിന്റെ അര്‍ഥമെന്താണെന്നും എന്തുകൊണ്ട് ഇക്കാര്യം മുല്ലപ്പള്ളി രാമചന്ദ്രനോട് പറയുന്നുവെന്നുമാണ് ഇനി പറയുന്നത്

ക്രിക്കറ്റിലെ സിക്‌സര്‍ മൂന്നല്ല

പാലാ ഉപതെരഞ്ഞെടുപ്പും ചേര്‍ത്ത് കേരളത്തില്‍ ആറ് ഉപതെരഞ്ഞെടുപ്പുകള്‍ ആണ് നടന്നത്. ആറും ജയിക്കുമെന്ന അമിത ആത്മവിശ്വാസത്തിലാണ് സിക്‌സര്‍ നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ട്വന്റി ട്വന്റി ആയിരിക്കുമെന്ന് പറഞ്ഞു. ഫലം വന്നപ്പോള്‍ ഒന്നേ കുറഞ്ഞുള്ളൂ. അതുകൊണ്ടാണ് കണ്ണും പൂട്ടി സിക്‌സര്‍ പറത്താന്‍ കെ പി സി സി ക്യാപ്ടന്‍ ഇത്തവണ പാഡ് കെട്ടി ഇറങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം സിപിഎമ്മിന്റെ ശബരിമല ഓവര്‍ത്രോയിലൂടെയും ന്യൂനപക്ഷങ്ങളുടെ ഗ്രൗണ്ട് സപ്പോട്ടും കൊണ്ട് കൂടി നേടിയതാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ വിജയത്തിന്റെ ലഹരിയില്‍ കഴിഞ്ഞില്ല. അതു മറന്നാണ് സിക്‌സര്‍ വീരവാദം മുഴക്കിയത്. ജയിക്കാന്‍ സിക്‌സര്‍ വേണ്ടിടത്ത് ഓടിക്കിതച്ച് നേടിയത് ഇപ്പോള്‍ മുന്നേ മൂന്നെണ്ണം മാത്രം.

also read :മഹാരാഷ്ട്രയിലും ഹരിയാനയിലും ജയിച്ചിട്ടും തോറ്റ് ബിജെപി

ഈ കളിയിലും വേണം മാന്യത

ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണെന്നാണ് പരമ്പരാഗത സങ്കല്പം. അതില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. അപ്പോള്‍ പിന്നെ രാഷ്ട്രീയത്തില്‍ അതിലും കുറഞ്ഞ മാന്യത പ്രതീക്ഷിച്ചാല്‍ മതിയെന്ന് കരുതുന്നവരുണ്ടാകാം. ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിക്കുന്നതിനേയും തോല്‍പ്പിക്കുന്നതിനേയും വോട്ട് കച്ചവടമെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് എന്തിനാണ്. ഇക്കാര്യം എല്ലാ പാര്‍ട്ടികളും ചെയ്യുന്നതാണെന്ന് പറഞ്ഞു വേണമെങ്കില്‍ രക്ഷപ്പെടാം. പക്ഷെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു പടി കൂടി കടന്നു വട്ടിയൂര്‍ക്കാവില്‍ ബിജെപി സിപിഎം വോട്ടു കച്ചവടത്തിന് തെളിവുണ്ടെന്നാണ് ആദ്യം പറഞ്ഞത്. തെളിവ് ചോദിച്ചപ്പോള്‍ ഒന്നുമില്ല പറയാന്‍. വട്ടിയൂര്‍ക്കാവില്‍ തോറ്റു തൊപ്പിയിട്ടപ്പോള്‍ മറ്റൊന്നും പറയാനില്ലാതെ വീണ്ടും വോട്ടുകച്ചവട ആരോപണം ഉന്നയിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വോട്ട് ചെയ്ത ജനങ്ങളെ ഇങ്ങനെ ആക്ഷേപിക്കരുത് ശ്രീ മുല്ലപ്പള്ളി.

മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വന്തം പദവി മറക്കരുത്

യുഡിഎഫിനെ പിന്തുണയ്ക്കുന്ന എന്‍ എസ് എസിന്റെ ശരിദൂര പ്രസ്താവനയെക്കുറിച്ച് പ്രതികരിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് തന്നെയാണോയെന്ന് ആര്‍ക്കെങ്കിലുമൊക്കെ സംശയം തോന്നിയെങ്കില്‍ തെറ്റു പറയാനാവില്ല. എന്‍ എസ് എസ് നിലപാടിനെ എന്തെന്നില്ലാത്ത സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നാണ് അന്ന് മുല്ലപ്പള്ളി പറഞ്ഞത് മാത്രമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തില്‍ എന്‍ എസ് എസ് പിന്തുണ പ്രധാനഘടകമായിരുന്നുവെന്ന സര്‍ട്ടിഫിക്കറ്റും നല്‍കി. കേരളത്തില്‍ എല്ലാ വിഭാഗം ജനങ്ങളും വോട്ടുചെയ്യുന്ന ഒരു ജനാധിപത്യപ്രക്രിയയാണ് നടക്കുന്നതെന്നും അതല്ലാതെ സമുദായശക്തികളുടെ പിന്തുണയ്ക്ക് വേണ്ടി രാഷ്ട്രീയകക്ഷികള്‍ തമ്മില്‍ നടക്കുന്ന മത്സരമല്ലെന്നും തിരിച്ചറിയാനുള്ള പക്വത മഹത്തായ പാരമ്പര്യമുള്ള കോണ്‍ഗ്രസിന്റെ നേതാവിന് ഇല്ലാതെ പോയോ

വലിയ വില കൊടുക്കേണ്ടി വന്നു, വലിയ വില

എന്‍ എസ് എസ് പിന്തുണ കൊണ്ട് എല്ലാമായെന്ന കണക്കൂകൂട്ടല്‍ കോണ്‍ഗ്രസിനെ വലിയ അബദ്ധത്തിലേക്കാണ് കൊണ്ടു ചാടിച്ചത്. വട്ടിയൂര്‍ക്കാവ് പോലെ വിവിധ ജാതി മതവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ഒരു സമുദായത്തെ മാത്രം കൂട്ടുപിടിച്ച് മുന്നോട്ടുപോകാമെന്ന ബുദ്ധി ഉദിക്കുന്നതും അതിന് പരസ്യമായ സ്വീകാര്യത നല്‍കാന്‍ നേതാവ് തന്നെ മുന്‍കൈ എടുക്കുന്നതും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്ലതല്ല. അത് മനസിലാക്കാന്‍ ലോക്‌സഭാ ഫലത്തെ ആവേശം മാറ്റിവെച്ച് ഒന്നൂകൂടി ഹരിച്ചും ഗുണിച്ചും നോക്കിയാല്‍ മതി. ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍ എന്‍ എസ് എസിന്റെ പരസ്യ പിന്തുണ തിരിച്ചടിയായെന്ന് തോന്നിയാല്‍ അതിന് കാരണക്കാരനെ വേറെ അന്വേഷിക്കേണ്ടതില്ല. ഒരു പിന്തുണ പ്രസ്താവനക്കപ്പുറം പ്രാധാന്യം കൊടുക്കേണ്ടതില്ലാത്ത കാര്യത്തെ തമ്പുരാനില്‍ നിന്ന് പട്ടും വളയും കിട്ടിയപോലെ മതിമറന്ന് ആഘോഷിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. ഇക്കാര്യം കോണ്‍ഗ്രസ് യോഗത്തില്‍ മുഖത്ത് നോക്കി പറയാന്‍ ആരുണ്ടാകും.

രണ്ട് കൈ പൊക്കുന്നത് രാഷ്ട്രീയത്തില്‍ സിക്‌സറല്ല

വട്ടിയൂര്‍ക്കാവില്‍ മാത്രമല്ല കോന്നിയിലെ തോല്‍വിയിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിഴവ് ചെറുതല്ല. ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസിന് കഴിഞ്ഞില്ല. പി മോഹന്‍രാജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ അടൂര്‍ പ്രകാശ് എതിര്‍ത്തു. പക്ഷെ അതേ അടൂര്‍ പ്രകാശിനെ എല്ലാം പറഞ്ഞ് ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. അടൂര്‍ പ്രകാശ് മണ്ഡലത്തില്‍ വേണ്ട വിധം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കെ പി സി സി പ്രസിഡന്റിന് കഴിഞ്ഞോ? ആരെ പ്രീതിപ്പെടുത്താനായിരുന്നു വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് പകരം ഇപ്പോള്‍ തോറ്റയാളെ നിറുത്തിയത്. ഫലത്തില്‍ വട്ടിയൂര്‍ക്കാവും കോന്നിയും തോറ്റ് രണ്ടും കൈയും പൊക്കി നില്‍ക്കുന്നത് ആരാണ്. തോല്‍വി മറച്ചുവെക്കാന്‍ വോട്ടുമറിക്കല്‍ ആരോപണം ഉന്നയിക്കുന്നത് ശരിയാണോ?

എന്താണ് Its just not cricket

അംഗീകരിക്കാന്‍ കഴിയാത്ത കാര്യം മാന്യയില്ലാത്ത രീതി എന്നീ കാര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇംഗ്ലീഷിലെ ഭാഷാപ്രയോഗമാണ് ഇത്. ക്രിക്കറ്റിനെ ഏറ്റവും മാന്യമായി കണ്ടിരുന്ന കാലത്താണ് ഇംഗ്ലണ്ടില്‍ ഈ പ്രയോഗം ഉണ്ടായത്.
First published: