ബഹിരാകാശ സ്വപ്നങ്ങൾക്ക് അഗ്നിച്ചിറക് നൽകാൻ അന്ന് ഭൂമി നൽകി; ഉടമകൾക്ക് അരനൂറ്റാണ്ടിന് ശേഷം നീതി

Last Updated:

റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ ഭൂമി വിട്ടുനൽകിയ പള്ളിക്കും സ്കൂളിനും പള്ളിത്തുറയിലെ ഭൂമി പതിച്ചു നല്‍കാൻ മന്ത്രിസഭാ തീരുമാനം

ഡോ. വിക്രം സാരാഭായിയുടെയും എ പി ജെ അബ്ദുൽ കലാമിന്റെയും ആത്മാക്കൾ സന്തോഷിക്കുന്നുണ്ടാവും. ഒപ്പം കഴക്കൂട്ടം എം എൽ എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇത് അഭിമാനത്തിന്റെയും കൃതാർഥതയുടെയും നിമിഷങ്ങൾ.
റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ ഒരു വലിയ പള്ളിയും പരിസരവും വിട്ടു കൊടുത്ത ബിഷപ്പിനും പരാതി പോലും പറയാതെ വീടുകൾ ഒഴിഞ്ഞു കൊടുത്തു മാറിത്താമസിച്ച കുടുംബങ്ങളുടെ പിൻമുറക്കാർക്കും ഒടുവിൽ നീതി. രാജ്യത്തിന്റെ അഭിമാനം കാക്കാൻ സ്ഥലം വിട്ടു കൊടുത്തവർക്ക് എല്ലാം സ്വന്തം ഭൂമിയായി. പല ഘട്ടങ്ങളിലായി പലർക്ക് ഭൂമി നൽകാൻ നടപടിയെടുത്തിരുന്നെങ്കിലും പലർക്കും പട്ടയം ലഭിച്ചിരുന്നില്ല. പുനരധിവാസ പദ്ധതിയുടെ പരിധിയിൽ വരില്ലെന്ന തടസവാദമുയർത്തി പള്ളിക്കും സ്കൂളിനും വരെ സ്ഥലവും നിഷേധിച്ചിരുന്നു. തടസങ്ങൾ നീക്കി സ്ഥലം അനുവദിക്കലും പട്ടയവിതരണവും നടത്താൻ നവംബർ 21നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
advertisement
ബഹിരാകാശഗവേഷണത്തിന് അഗ്നിച്ചിറകു നൽകിയ പള്ളി
അറുപതുകളിൽ തുമ്പ ചെറിയൊരു മത്സ്യബന്ധന ഗ്രാമം മാത്രമായിരുന്നു മലയാളികളെ സംബന്ധിച്ചിടത്തോളം. എന്നാൽ രാജ്യത്തെ ബഹിരാകാശ ശാസ്ത്രഞ്ജർക്ക് അതു സ്വപ്നഭൂമിയായിരുന്നു. അവരുടെ സ്വപ്നങ്ങൾക്ക് പിന്നീട് അഗ്നിച്ചിറക് നൽകിയ ഭൂമി.
1960ലാണ് തുമ്പ എന്ന മത്സ്യബന്ധന ഗ്രാമം തേടി വിക്രം സാരാഭായ് എത്തുന്നത്. ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമധ്യരേഖയോട് സാമീപ്യമുള്ള പ്രദേശം വിട്ടുനല്‍കണമെന്ന ആവശ്യവുമായി അദ്ദേഹം അന്നത്തെ ബിഷപ്പ് റവ. പീറ്റർ ബർണാർഡ് പെരേരയെ സമീപിച്ചു. രണ്ടാമതൊരു ആലോചന പോലുമില്ലാതെയാണ് സെന്റ് മേരീസ് മഗ്ദലന ദേവാലയവും അതു സ്ഥിതി ചെയ്തിരുന്ന 61 ഏക്കറും കൈമാറാമെന്നു ബിഷപ്പ് സമ്മതിച്ചത്. ഒപ്പം തുമ്പയിൽ താമസിച്ചിരുന്ന 183 കുടുംബങ്ങളുടെ വീടും സ്ഥലവും പള്ളിത്തുറ സ്‌കൂളിന്റെ വക 3.39 ഹെക്ടർ ഭൂമിയും ഉൾപ്പെടെ 89.32 ആർ ഭൂമിയാണ് സർക്കാരിനു വിട്ടുകൊടുത്തത്. അമ്പലത്തിന്റെയും പള്ളിയുടെയും പേരിൽ പോരു നടക്കുന്ന കാലത്ത് ജനിച്ചവർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാവും ഈ കഥ.
advertisement
ആദ്യ റോക്കറ്റ് പറന്നുയരുന്നു, ഒപ്പം ഇന്ത്യയുടെ സ്വപ്നങ്ങളും
അങ്ങനെ തുമ്പ സെന്റ് മേരീസ് മഗ്ദലൻസ് ദേവാലയം തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ (TERLS) ആയി. പള്ളി മന്ദിരം ബഹിരാകാശ കേന്ദ്രത്തിന്റെ ഓഫിസായി. ബിഷപ്സ് ഹൗസിലെ ബിഷപ്പിന്റെ മുറി ഡോ. അബ്ദുൽ കലാം എന്ന യുവശാസ്ത്രജ്ഞന്റെ ഡിസൈൻ ആൻഡ് ഡ്രോയിംഗ് ഓഫീസായി. ചെറിയ പ്രാർഥനാ മുറി അബ്ദുൽ കലാമിന്റെ ആദ്യ പരീക്ഷണശാലയായി. ദൈവവും ശാസ്ത്രവും കൈകോർത്ത നാളുകൾ. ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങൾക്ക് ശുഭപ്രതീക്ഷയുടെ നാളുകൾ.
advertisement
കഠിനാധ്വാനത്തിന്റെ ഫലമായി ഗവേഷണ കേന്ദ്രം യാഥാർഥ്യമായി. സ്വപ്നങ്ങൾക്കു ചിറകു നൽകാൻ മുന്നിൽ തന്നെ ഡോ അബ്ദുൽ കലാമുണ്ടായിരുന്നു. 1963 നവംബർ 21ന് ഇന്ത്യയുടെ ആദ്യ റോക്കറ്റ് ഇവിടെ നിന്നു വിക്ഷേപിച്ചു. ആ ദിവസങ്ങൾ തന്റെ ആത്മകഥയായ അഗ്നിച്ചിറകുകളിൽ (Wings of Fire) കലാം വിവരിക്കുന്നുണ്ട്. “അതൊരു സൗണ്ടിംഗ് റോക്കറ്റ് ആയിരുന്നു. ‘നൈക്കി – അപ്പാച്ചെ’ എന്ന റോക്കറ്റ് വികസിപ്പിച്ചു നൽകിയത് യു എസ് സ്പെയ്സ് ഏജൻസിയായ നാസയായിരുന്നു. റോക്കറ്റിന്റെ ഭാഗങ്ങൾ സംയോജിപ്പിച്ചത് പള്ളിമന്ദിരത്തിനുള്ളിൽ വച്ചായിരുന്നു…” റോക്കറ്റിന്റെ ഭാഗങ്ങളും ഉപഗ്രഹവുമൊക്കെ സൈക്കിളിന്റെ പിന്നിൽ വച്ചു കെട്ടി വിക്ഷേപണത്തറയിലേക്കു കൊണ്ടു പോകുന്നത് അന്നു സ്ഥിരം കാഴ്ചയായിരുന്നു. ഇന്ന് ആ ചിത്രങ്ങൾ ആവേശമുണർത്തുന്ന കൗതുകക്കാഴ്ച.
advertisement
ആ മന്ദിരം ഇന്ന് ശാസ്ത്രജ്ഞരുടെ പുണ്യഭൂമി
കലാമിന്റെ ഓഫീസ് മുറിയും അദ്ദേഹം ഉപയോഗിച്ചിരുന്ന മേശയും കസേരയുമൊക്കെ അതു പോലെ തന്നെ ഇന്നും സൂക്ഷിച്ചിരിക്കുന്നു. രാഷ്ട്രപതിയായ ശേഷം ആദ്യ സന്ദർശനത്തിനെത്തിയപ്പോൾ കലാം ഒരിക്കൽ കൂടി യുവശാസ്ത്രജ്ഞനായി. സുരക്ഷാ ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തി അദ്ദേഹം ബാരിക്കേഡുകൾ ചാടിക്കടന്ന് ശാസ്ത്രജ്ഞർക്കിടയിലേക്ക് ഓടിക്കയറി. തന്റെ സ്വന്തം ലോകത്തേക്ക്. അവർ അദ്ദേഹത്തെ പഴയ ഓഫീസ് മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. ആ മുറി അങ്ങനെ തന്നെയുണ്ടെന്ന് കാട്ടിക്കൊടുക്കാൻ. അദ്ദേഹം ഒരിക്കൽ കൂടി ആ കസേരയിലിരുന്നു. ആവേശം നിറയുന്ന ഓർമകളിലേക്ക് ഒരിക്കൽ കൂടി പറന്നിറങ്ങി. ആ ചിത്രം കൂടി ഇന്ന് ആ മുറിയെ അലങ്കരിക്കുന്നു. പള്ളിക്കായി വേറെ കെട്ടിടം പണിതു. പക്ഷേ ആ മുറി അവിടത്തെ ശാസ്ത്രജ്ഞർക്ക് ഇന്നും ദേവാലയതുല്യമായ പുണ്യസ്ഥലമാണ്.
advertisement
ആ പള്ളി മന്ദിരം ഇന്ന് ബഹിരാകാശ മ്യൂസിയമാണ്. വരും തലമുറകൾക്കായി ഇന്ത്യയുടെ അഭിമാനമായ റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും മോഡലുകൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. അതിൽ കലാമിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (SLV) അഥവാ ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ മാതൃകയുമുണ്ട്. 1980 ജൂലൈ 18ന് രോഹിണി എന്ന 40 കിലോഗ്രാം മാത്രം തൂക്കമുള്ള ഉപഗ്രഹവുമായി ബഹിരാകാശത്തേക്ക് പറന്നുയർന്ന ചെറുവാഹനം. കലാമിന്റെ തന്നെ വാക്കുകളിൽ “സംശയമില്ല, അതൊരു ചെറിയ വാഹനം മാത്രം, പക്ഷേ രാജ്യത്തിന് അതൊരു വലിയ കുതിപ്പായിരുന്നു.”
advertisement
സ്വപ്നങ്ങൾക്കു ചിറകു നൽകിയവരോടു പിന്നെയും നന്ദികേട്
പക്ഷേ പിന്നെ കുറെനാളെങ്കിലും നാം കണ്ടത് നന്ദികേടിന്റെ, സൗകര്യപൂർണമായ ഓർമക്കുറവിന്റെ നാളുകൾ. ഭൂമി ഏറ്റെടുക്കാൻ ആവേശം കാട്ടിയ നിയമം പകരം ഭൂമി നൽകേണ്ട സമയമായപ്പോൾ നിയമത്തിന്റെ നൂലാമാലകളി‍ൽ പാവങ്ങളെ കുരുക്കിയിട്ടു. വൻകിട നിർമാണങ്ങൾക്കും ഖനനത്തിനും എളുപ്പം വഴിമാറുന്ന നിയമം പള്ളിയെയും സ്കൂളിനെയും പുനരധിവാസ ചട്ടത്തിന്റെ പരിധിയിൽ പെടുത്താനാവില്ലെന്നു വാശി പിടിച്ചപ്പോൾ വേദനിച്ചത് ഇവിടത്തെ പാവങ്ങൾ മാത്രമായിരുന്നില്ല, ഒറ്റ വാക്കു ചോദിച്ചപ്പോൾ ഭൂമി വിട്ടുകിട്ടിയ ബഹിരാകാശ ഗവേഷകർ കൂടിയായിരുന്നു. ഏതായാലും നിയമം ഇച്ഛാശക്തിക്കു മുന്നിൽ വഴിമാറി. പട്ടയം ലഭിക്കാത്തവർക്കെല്ലാം പട്ടയം നൽകാനും സെന്റ് മേരീസ് മഗ്ദലന ദേവാലയത്തിനും ഹയർ സെക്കൻഡറി സ്കൂളിനും സ്ഥലം പതിച്ചു നൽകാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.
തുമ്പയിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ടവരെ പള്ളിത്തുറയിൽ പുനരധിവസിപ്പിച്ചിരുന്നു. അന്ന് ഭൂമി വിട്ടുനൽകിയവർക്ക് പകരം സർക്കാർ ഭൂമി നൽകിയെങ്കിലും പട്ടയം നൽകിയിരുന്നില്ല. നീണ്ടകാലത്തെ നിയമ നടപടികൾക്കൊടുവിൽ 2000ൽ എംഎൽഎ ആയിരുന്ന കടകംപള്ളി സുരേന്ദ്രന്റെ ശ്രമഫലമായി 142 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു. തുടർന്നുള്ള 41 പേർക്കും പള്ളിക്കും സ്‌കൂളിനും പട്ടയം കിട്ടിയില്ല. ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ ഒരിക്കൽ കൂടി കടകംപള്ളി സുരേന്ദ്രൻ എം എൽ എ ആയതോടെ ബാക്കിയുള്ളവർക്കു കൂടി പട്ടയം നൽകാനുള്ള ശ്രമങ്ങൾക്കു വീണ്ടും ജീവൻ വച്ചു. മന്ത്രി എന്ന നിലയിലെ ശക്തമായ സമ്മർദം കൂടി ചെലുത്തിയതോടെ കഴിഞ്ഞ ഡിസംബറിൽ 41 കുടുംബങ്ങള്‍ക്ക് കൂടി പട്ടയം ലഭിച്ചു.
അര നൂറ്റാണ്ടിനൊടുവിൽ നീതി
അപ്പോഴും ഏറ്റവും വലിയ നന്ദികേടിനു പരിഹാരമുണ്ടായില്ല. പുനരധിവാസ ഭൂമിയിൽ സ്ഥാപിക്കപ്പെട്ട സെന്റ് മേരി മഗ്ദലന പള്ളിക്കും, ഹയർ സെക്കൻഡറി സ്കൂളിനും സ്ഥലം പതിച്ചു നൽകിയിരുന്നില്ല. പള്ളി, സ്കൂൾ എന്നിവ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന ചട്ടങ്ങളാണ് ഇതിനു കാരണമായത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലിനെ തുടർന്നു വീണ്ടും മന്ത്രിസഭായോഗം ഇക്കാര്യം പരിശോധിച്ചാണ് സെന്റ് മേരീസ് മഗ്ദലന പള്ളിയും സെമിത്തേരിയും നിലനിൽക്കുന്ന 4.37 ഏക്കർ ഭൂമിയും, പള്ളിത്തുറ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന 3.39 ഏക്കർ ഭൂമിയും പതിച്ചു നൽകാൻ തീരുമാനിച്ചത്. അര നൂറ്റാണ്ടിലേറെയായി പള്ളിത്തുറ നിവാസികൾ ഉയർത്തുന്ന പരിദേവനത്തിനാണ് ഇതോടെ പരിഹാരമായത്. വി എസ് എസ് സി പോലൊരു മഹത്തായ സ്ഥാപനത്തിന് ഭൂമി വിട്ടുനല്‍കിയവർക്കു നീതി ലഭ്യമാക്കാൻ നടത്തിയ ഇടപെടൽ വിജയം കണ്ടതിൽ സന്തോഷമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.​
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബഹിരാകാശ സ്വപ്നങ്ങൾക്ക് അഗ്നിച്ചിറക് നൽകാൻ അന്ന് ഭൂമി നൽകി; ഉടമകൾക്ക് അരനൂറ്റാണ്ടിന് ശേഷം നീതി
Next Article
advertisement
Modi@75: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
Modi@75:പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
  • പ്രധാനമന്ത്രി മോദിയുടെ 75 വർഷത്തെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം പുറത്തിറങ്ങി.

  • നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷി പുസ്തകം അമിത് ഷായ്ക്ക് സമ്മാനിച്ചു.

  • മോദിയുടെ ജീവിതം, ദർശനം, നാഴികക്കല്ലുകൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം അഞ്ച് വിഭാഗങ്ങളിലായി ക്രമീകരിച്ചു.

View All
advertisement