'മാവോയിസ്റ്റുകളുടെ അടുത്തേക്ക് പോകാൻ മടിയില്ല'; സെൻകുമാറിന് മറുപടിയുമായി കാനം
Last Updated:
മാവോയിസ്റ്റ് വേട്ടയ്ക്ക് പോകുമ്പോൾ പൊലീസ് കാനത്തെയും ബിനോയ് വിശ്വത്തെയും കൂടെക്കൂട്ടണം എന്നായിരുന്നു സെൻകുമാറിന്റെ പരിഹാസം.
തിരുവനന്തപുരം: അട്ടപ്പാടിയിൽ പൊലീസ് ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഐ നിലപാടിനെ വിമർശിച്ച മുൻ ഡിജിപി ടിപി സെൻകുമാറിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റുകളുടെ അടുത്തേക്ക് പോകാൻ തങ്ങൾക്ക് മടിയില്ലെന്നാണ് കാനത്തിൻറെ മറുപടി. സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അലക്സ്പോൾ മേനോനെ ഛത്തീസ്ഗഢിൽ പിടിച്ചുകൊണ്ട് പോയപ്പോൾ ആരാണ് പോയി മോചിപ്പിച്ചതെന്നും കാനം ചോദിച്ചു.
'ഇപ്പോള്‍ ബിജെപിയിലേക്ക് പോയ പഴയ ഡിജിപി സെൻകുമാർ, അദ്ദേഹമിന്ന് പരിഹസിച്ചു പറഞ്ഞു പ്രശ്നമുണ്ടാകുമ്പോൾ കാനം രാജേന്ദ്രനെയും ബിനോയ് വിശ്വത്തെയും അങ്ങോട്ടേക്ക് അയക്കാമെന്ന്. ഞങ്ങൾക്ക് മടിയൊന്നുമില്ല പോകാന്‍. സെൻകുമാറിന്റെ ഇനത്തിൽപ്പെട്ട സിവിൽ സർവീസ് ഉദ്യോഗസ്ഥൻ അലക്സ്പോൾ മേനോനെ ഛത്തീസ്ഗഢിൽ പിടിച്ചുകൊണ്ടു പോയപ്പോൾ ആരാ പോയി മോചിപ്പിച്ചത്? ആ ഘോരവനത്തിൽപോയി അദ്ദേഹത്തെ രക്ഷിക്കാൻ മുൻകൈ എടുത്തത് ഞങ്ങളുടെ പാർട്ടിയുടെ ദേശീയകൗൺസിൽ അംഗമായ മനീഷ് കുഞ്ചാമാണ്'- കാനം പറഞ്ഞു.
advertisement
മനീഷ് കുഞ്ചാമിന് മാത്രമെ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയുകയുള്ളൂവെന്ന് പഴയ ഐഎഎസ് ഉദ്യോഗസ്ഥനായ ബി ഡി ശർമ സര്‍ക്കാരിനോട് പറഞ്ഞെന്നും അദ്ദേഹത്തെ സർക്കാർ അംഗീകരിച്ചതാണെന്നും കാനം വ്യക്തമാക്കി. അദ്ദേഹത്തിന്റെ കൈയ്യിലും തങ്ങളുടെ കൈയ്യിലുമുള്ളത് ഒരേ കാർഡ് തന്നെയാണെന്ന് സെൻകുമാർ മനസിലാക്കുന്നത് നന്നായിരിക്കുമെന്നും കാനം പറഞ്ഞു.
മാവോയിസ്റ്റ് വേട്ടയ്ക്ക് പോകുമ്പോൾ പൊലീസ് കാനത്തെയും ബിനോയ് വിശ്വത്തെയും കൂടെക്കൂട്ടണം എന്നായിരുന്നു സെൻകുമാറിന്റെ പരിഹാസം.
'ഇനി തണ്ടർബോൾട്ട് വനത്തിൽ പോകുമ്പോൾ സച്ചിദാനന്ദൻ ബിനോയ് വിശ്വം, കാനം തുടങ്ങിയവരെ മുന്നിൽ കൊണ്ടു പോകണം. വെടി വരുമ്പോൾ അറസ്റ്റ് ചെയ്യാൻ ഒരു റിട്ട. ജഡ്ജി നല്ലതാണ്. കാട് മാവോവാദികൾക്ക് പതിച്ചു നൽകിയാൽ പ്രശ്നം തീരും. അല്ലെങ്കിൽ മേൽപ്പറഞ്ഞ മാന്യൻമാരെ വെടിക്കുള്ള പരിച ആക്കിയാലും പ്രശ്നം തീരും'- എന്നായിരുന്നു സെൻകുമാർ ഫേസ്ബുക്കിൽ പരിഹസിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 31, 2019 7:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാവോയിസ്റ്റുകളുടെ അടുത്തേക്ക് പോകാൻ മടിയില്ല'; സെൻകുമാറിന് മറുപടിയുമായി കാനം


