കാസർകോട്: നിർധനരായ 260ഓളം കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകി ശ്രദ്ധേയനായ ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് (85) (Sairam Bhatt)അന്തരിച്ചു. ബദിയടുക്ക പ്രദേശത്തുകാര്‍ സ്വാമി എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന സായ്‌റാം ഭട്ടിന്റെ വീടായ 'സായ് നിലയ' കാരുണ്യത്തിന്റെ കൂടാരമാണ്.
പാവപ്പെട്ടവർക്ക് തയ്യല്‍ മെഷിനുകള്‍, ഓട്ടോറിക്ഷ, നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ള പദ്ധതി, സമൂഹ വിവാഹങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, വിദ്യഭ്യാസ സഹായം തുടങ്ങി സമാനതകളില്ലാത്ത സേവനങ്ങളാണ് സായിറാം ചെയ്തത്.
1937ല്‍ ബദിയടുക്ക കിളിങ്കാർ നടുമനയിലെ കൃഷ്‌ണഭട്ട്- ദുക്ഷമ്മ ദമ്പതിമാരുടെ മകനായി ഗോപാലകൃഷ്‌ണ ഭട്ടെന്ന സായിറാം ഭട്ട് ജനിച്ചു. പാരമ്പര്യ വൈദ്യവും കൃഷിയുമായിരുന്നു പ്രവർത്തനമേഖല. ഗീതാഞ്ജനേയ വ്യായാമശാല എന്ന പേരിൽ നീർച്ചാലിൽ സ്ഥാപനം ആരംഭിച്ചാണ് പൊതുസേവനരംഗത്ത് സജീവമായത്.
കൃഷിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നായിരുന്നു പാവങ്ങളെ സഹായിക്കാനുള്ള വക കണ്ടെത്തിയിരുന്നത്. 1995ല്‍ കാലവര്‍ഷത്തില്‍ വീട് നഷ്ടപ്പെട്ട അബ്ബാസിന് വീടു നിര്‍മിച്ചു നല്കിയായിരുന്നു വീട് നിർമാണം തുടക്കം. ഉത്തരേന്ത്യയിൽ ക്ഷേത്ര ദർശനത്തിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന ഭട്ടിന്റെ സായ് നിലയത്തിന്‍റെ വാതില്‍ക്കല്‍ വന്ന് ഒരാള്‍ വാവിട്ട് നിലവിളിച്ചു. അയാളുടെ ഓലമേഞ്ഞ കുടില്‍ കനത്ത മഴയില്‍ നശിച്ചു. വര്‍ഷാ വര്‍ഷം കുടിൽ പുതുക്കിപ്പണിയാന്‍ ഓലയും കവുങ്ങ് തടിയും സായിറാമാണ് നല്‍കിയിരുന്നത്. ആ വര്‍ഷവും പുതുക്കിപ്പണിതതാണ്. തന്‍റെ മുന്നില്‍ നിന്ന് കരയുന്ന ആ മനുഷ്യനോട് ഇനി കുടിൽ വേണ്ട. വീട് തരാം' എന്ന് പറഞ്ഞാണ് സായിറാം മടക്കിയത്. ക്ഷേത്ര ദർശനത്തിന് വെച്ച പണം അങ്ങനെ അബ്ബാസിന് വീട് വെക്കുന്നതിനായി ഉപയോഗിച്ചു.ഗുണമേന്മ ഉറപ്പാക്കാൻ പറ്റാത്തതിനാൽ നിർമാണച്ചുമതല മറ്റാരെയും ഏൽപ്പിക്കാതെ തൊഴിലാളികളോടൊപ്പം നിന്ന് വീട് പണിതു.
പിന്നീട് പാവങ്ങൾക്ക് വീട് എന്ന സ്വപ്‌നം സായിറാം ഭട്ട് യാഥാര്‍ഥ്യമാക്കി. കഷ്‌ടപ്പെടുന്നവരെ കണ്ടെത്തി ചുറ്റുപാടുകൾ മനസിലാക്കിയായിരുന്നു വീടുകൾ നിർമിച്ച് നൽകിയത്.ആദ്യകാലത്ത് വീട് വെക്കാനുള്ള സ്ഥലവും ഭട്ട് തന്നെ വാങ്ങി നല്‍കിയിരുന്നു. പിന്നീട് പഞ്ചായത്ത് സ്ഥലമനുവദിക്കാന്‍ തുടങ്ങി.
സായി റാമിന്‍റെ സേവനം അറിഞ്ഞതോടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പത്മശ്രീ പുരസ്‌കാരത്തിനും കഴിഞ്ഞ എൽഡിഎഫ് സർക്കാർ അദ്ദേഹത്തിന്‍റെ പേര് നിർദ്ദേശിച്ചിരുന്നു.
ഭാര്യ: സുബ്ബമ്മ, മക്കൾ: കൃഷ്‌ണഭട്ട് (ബദിയടുക്ക പഞ്ചായത്തംഗം, പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ), ശ്യാമള, മരുമക്കൾ: ഷീലാ കെ ഭട്ട്, ഈശ്വരഭട്ട്. സംസ്കാരം പിന്നീട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.