മുഹമ്മദ് റിയാസിനെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ; 'സിനിമ താരമെന്നതല്ല പരിഗണന; സീനിയർ എംഎൽഎയാണ്'
- Published by:Arun krishna
- news18-malayalam
Last Updated:
പത്തനാപുരം മണ്ഡലത്തിന് വേണ്ട വിധത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ അനുവദിക്കുന്നില്ലെന്നാണ് എംഎല്‍എയുടെ വിമര്‍ശനം
പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം മണ്ഡലത്തിലെ റോഡുകൾക്ക് വേണ്ട വിധത്തിൽ പരിഗണന നൽകുന്നില്ല.. സിനിമ താരമെന്ന പരിഗണന വേണ്ട. കേരള നിയമസഭയിലെ സീനിയർ എംഎൽഎയാണെന്ന പരിഗണന നൽകണമെന്നും ഗണേഷ് കുമാർ പറഞ്ഞു..
നടുക്കുന്ന് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പൊതുമരാമത്ത് മന്ത്രിയെ എംഎല്‍എ പരസ്യമായി വിമര്‍ശിച്ചത്. ഉദ്ഘാടന വേദിയില്‍ സ്ഥാപിച്ച ഫ്ലെക്സില്‍ മന്ത്രി റിയാസിന്‍റെ ചിത്രം വേണ്ടിയിരുന്നില്ലെന്നും ഗണേഷ് കുമാര്‍ തുറന്നടിച്ചു.
ഈ റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി റിയാസിന്റെ ചിത്രമാണ് സംഘാടകർ വച്ചിരിക്കുന്നത്. പക്ഷേ, വയ്ക്കേണ്ടിയിരുന്നത് മുൻ മന്ത്രി ജി.സുധാകരന്റെ ചിത്രമാണ്. കോവിഡ് ലോക്ഡൗൺ കാലത്ത് അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ പോയപ്പോൾ ആദ്യം എതിർപ്പ് പറഞ്ഞു. പിന്നീട് ഹൽവ തരികയും സ്നേഹത്തോടെ സംസാരിക്കുകയും റോഡിന് ഫണ്ട് അനുവദിക്കാമെന്നു ഉറപ്പു തരികയും ചെയ്തെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു
advertisement
‘മണ്ഡലത്തിന് വേണ്ടതൊന്നും തരുന്നില്ലെന്ന പരാതിയുണ്ട്. അത് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ശരിയല്ല, എന്നെ പോലെ സീനിയര്‍ ആയിട്ടുള്ള എംഎല്‍എ, കേരള നിയമസഭയില്‍ അഞ്ച് തവണ ജയിച്ചുവന്ന അപൂര്‍വം ആള്‍ക്കാരെയുള്ളു. ഉമ്മന്‍ചാണ്ടി സാര്‍ മരിച്ചതിന് ശേഷം ഞാനും വിഡി സതീശനും റോഷി അഗസ്റ്റിനും കോവൂര്‍ കുഞ്ഞുമോനും നാലെ നാല് പേരാണ് അഞ്ച് തവണ തുടര്‍ച്ചയായി ജയിച്ചുവന്നത്.
advertisement
അങ്ങനെയുള്ള ആളുകളെ ഒന്ന് മാനിക്കണമെന്ന അഭിപ്രായം എനിക്കുണ്ട്. ഇതില്‍ സിനിയോറിറ്റി ഒക്കെയുണ്ട്. സിനിമനടന്‍ ആണെന്ന പരിഗണനയൊന്നും വേണ്ട. ഇവരെക്കാളുമൊക്കെ 20 വര്‍ഷം മുന്‍പ് മന്ത്രിയായ ആളാണ് ഗണേഷ് കുമാര്‍. ആ ഒരു മര്യാദ കാണിക്കണമെന്നാണ് എന്‍റെ അഭിപ്രായം. വേണ്ട വിധത്തില്‍ റോഡുകള്‍ തരുന്നില്ല.
പക്ഷെ ജി.സുധാകരന്‍ തന്നിരുന്നു. അദ്ദേഹം തന്നതിന് നന്ദിയുണ്ട്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി കെട്ടിടങ്ങള്‍ തരുന്നുണ്ട്. രവീന്ദ്രന്‍ മാഷിനെയും പ്രത്യേകം ഓര്‍ക്കുന്നു.അദ്ദേഹം ഒരു പാട് സ്കൂളുകള്‍ക്ക് പണം തന്നു. വലിയൊരു ഉണര്‍വ് വിദ്യാഭ്യാസ രംഗത്ത് അന്നുണ്ടായി. സത്യം എവിടെയാണെങ്കിലും പറയണം. ഇപ്പോ കിട്ടിയ രണ്ട് റോഡും വെട്ടിക്കവല ബ്ലോക്കിലാണ്. പത്തനാപുരം ബ്ലോക്കില്‍ ഈ വര്‍ഷം നൂറ് മീറ്റര്‍ റോഡ് പോലും അനുവദിച്ചിട്ടില്ല’- ഗണേഷ് കുമാര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
August 15, 2023 8:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഹമ്മദ് റിയാസിനെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ; 'സിനിമ താരമെന്നതല്ല പരിഗണന; സീനിയർ എംഎൽഎയാണ്'