ജോസ് കെ. മാണിയുടെ യോഗം: നിര്‍ണായകമാകുന്നത് സി.എഫ് തോമസിന്റെ നിലപാട്
Last Updated:
ജോസ് കെ. മാണി ചെയര്‍മാനും സി.എഫ് തോമസ് വര്‍ക്കിംഗ് ചെയര്‍മാനുമെന്ന ഫോര്‍മുലയാണ് ജോസ് കെ. മാണി വിഭാഗം മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ ഇരുവിഭാഗങ്ങളുടെ യോഗത്തിലും പങ്കെടുക്കേണ്ടെന്ന നിലപാടാണ് സി.എഫ്. തോമസ് സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചന.
കോട്ടയം: നേതൃസ്ഥാനങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം പ്രതിസന്ധിയിലായ കേരള കോണ്‍ഗ്രസ് എമ്മില്‍ ഇനി നിര്‍ണായകമാകുന്നത് സി.എഫ് തോമസിന്റെ നിലപാട്. ജോസ് കെ. മാണി ഇന്ന് കോട്ടയത്ത് വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തിന്റെ ഭാവി നിര്‍ണയിക്കുന്നതും മുതര്‍ന്ന നേതാവും മുന്‍മന്ത്രിയും പാര്‍ട്ടി മുന്‍ ചെയര്‍മാനുമായ സി.എഫ്. തോമസിന്റെ സാന്നിധ്യവും അസാന്നിധ്യവുമാകും. മുന്‍ കാലങ്ങളില്‍ നടന്ന ലയന നീക്കങ്ങളിലൊക്കെ സ്ഥാനങ്ങള്‍ ത്യജിച്ചും മാണിയുടെ നിഴലായും ഒപ്പം നിന്ന സി.എഫ്, ജോസ് കെ. മാണി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റു നോക്കുന്നത്.
ജോസ് കെ. മാണി ചെയര്‍മാനും സി.എഫ് തോമസ് വര്‍ക്കിംഗ് ചെയര്‍മാനുമെന്ന ഫോര്‍മുലയാണ് ജോസ് കെ. മാണി വിഭാഗം മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ ഇരുവിഭാഗങ്ങളുടെ യോഗത്തിലും പങ്കെടുക്കേണ്ടെന്ന നിലപാടാണ് സി.എഫ്. തോമസ് സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചന. രണ്ടു ബിഷപ്പുമാരുടെയും ഒരു ധ്യാനഗുരുവായ വൈദികന്റെയും നിര്‍ദ്ദേശമാണ് ഇത്തരമൊരു നിലപാടിലെത്താന്‍ സി.എഫിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. പാര്‍ട്ടിയിലെ പിളര്‍പ്പിനൊപ്പമല്ല, മുന്നണിക്കൊപ്പം നില്‍ക്കുകയെന്നതാകും സി.എഫിന്റെ നിലപാട്.
കെ.എം മാണിയുടെ നിലപാടിനൊപ്പം എക്കാലവും ഉറച്ചുനിന്നിട്ടുള്ള സി.എഫ് തോമസ്, പി.ജെ ജോസഫ് ലയിച്ചപ്പോള്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിച്ച് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ അതിനു തയാറാകുമോയെന്നതാണ് നിര്‍ണായകമാകുന്നത്. സി.എഫ് പാര്‍ട്ടി ചെയര്‍മാനും ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനും ജോസ് കെ. മാണി ഡെപ്യൂട്ടി ചെയര്‍മാനുമായുള്ള ഫോര്‍മുലയാണ് ജോസഫ് വിഭാഗം മുന്നോട്ടു വച്ചത്. എന്നാല്‍ അത് തള്ളിക്കൊണ്ടാണ് ജോസ് കെ. മാണി വിഭാഗം ഇന്ന് കോട്ടയത്ത് യോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍ ജോസ് കെ. മാണിയുടേത് സമാന്തര യോഗമാണെന്നും പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ യോഗം ഭരണഘടനാപരമായും വ്യവസ്ഥാപിതവുമാണെന്ന വാദമാണ് ജോസ് കെ. മാണി ഉന്നയിക്കുന്നത്.
advertisement
പിളര്‍പ്പിലേക്ക് പോയാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളവര്‍ക്കെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിക്കൂ. നിലവില്‍ റോഷി അഗസ്റ്റിനും എന്‍ ജയരാജുമാണ് ജോസ് കെ മാണിക്കൊപ്പമുള്ളത്. പി.ജെ ജോസഫും മോന്‍സ് ജോസഫും മറുപക്ഷത്തും. മറ്റൊരു എം.എല്‍.എ ആയ സി.എഫ് തോമസിന്റെ പിന്തുണ ഇരു വിഭാഗവും അവകാശപ്പെടുന്നുമുണ്ട്. അതുകൊണ്ടു തന്നെ എക്കാലത്തും നിശബ്ദനായിരുന്ന സി.എഫിന്റെ നിലപാടാകും ഇപ്പോഴത്തെ പ്രതിസന്ധിയില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിര്‍ണായകമാകുക.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 16, 2019 1:48 PM IST


