തിരുവനന്തപുരം : സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗവും ഇതുമൂലമുള്ള പ്രശ്നങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണിത് നടപടിയ്ക്ക് ഒരുങ്ങുന്നത്.
കുട്ടികളുടെ കാര്യത്തിൽ മാത്രമല്ല അധ്യാപകർക്കും സ്കൂളുകളിൽ ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. അധ്യാപകരുടെ ഫോൺ ഉപയോഗം ചെറിയക്ലാസുകളിലെ കുട്ടികളിൽ സ്വാധീനം ഉണ്ടാക്കിയേക്കാം. ക്ലാസ്-സമയത്ത് അധ്യാപകരുടെ മൊബൈൽ ഫോൺ ഉപയോഗത്തിനും കർശന നിയന്ത്രണം വന്നേക്കും.
കോവിഡിനേ തുടർന്ന് വിദ്യാർത്ഥികളുടെ പഠനമേതാണ്ട് പൂർണ്ണമായും ഫോണുകളെ അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോയിരുന്നത്. ഇത് കുട്ടികളിലെ ഡിജിറ്റൽ പരിജ്ഞാനത്തിൽ കാര്യമായ പുരോഗതി കൊണ്ടുവന്നു. എന്നാൽ മൊബൈൽ ഉപയോഗത്തിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളിൽ പലരും പെട്ടുപോകുന്നുണ്ട്. അമിതമായ ഫോണ്‍ ഉപയോഗം വിദ്യാർത്ഥികളിലെ ഏകാഗ്രതയേയും പഠനമികവിനേയും പ്രതികൂലമായി ബാധിക്കുവാനിടയുണ്ട്. ഇതിനെ പ്രതിരോധിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.
സ്കൂളിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊബൈൽ ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തി 2012ലും സർക്കാർ ഉത്തരവിറക്കിയിരുന്നു. കോവിഡിനുശേഷം ക്ലാസുകൾ പൂർണമായും ഓഫ്‌ലൈനായ സാഹചര്യത്തിലാണു നിയന്ത്രണം കർശനമാക്കുന്നത്. സർക്കുലർ വൈകാതെ ഇറങ്ങുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ‘‘കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവരെ വിളിക്കാൻ മൊബൈൽ ഫോൺ കൊടുത്തുവിടുന്ന രക്ഷിതാക്കളുണ്ട്. എന്നാൽ, മൊബൈൽ വരുന്നതിനു മുൻപും കുട്ടികൾ സുരക്ഷിതമായി സ്കൂളുകളിൽ പോയിവന്നിട്ടുണ്ടല്ലോ’’– മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.