ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഓര്‍ഡിനന്‍സില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. ഓര്‍ഡിനന്‍സ് ലഭിച്ചതായി രാജ്ഭവന്‍ സ്ഥിരീകരിച്ചെങ്കിലും ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്തില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിൽ. ഇക്കാര്യം രാജ്ഭവന്‍ സ്ഥിരീകരിച്ചു. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അവ്യക്തതകള്‍ക്ക് ഇതോടെ ഉത്തരമായി. തന്നെ ബാധിക്കുന്നത് ആയതിനാല്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് നേരത്തെ തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് എത്താന്‍ വൈകുന്നത് സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചാലും നിയമനിർമാണവുമായി പിന്നോട്ട് പോകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയില്‍ ഇരുന്നാലും നിയമസഭ വിളിച്ചുചേര്‍ത്ത് ബില്‍ അവതരിപ്പിച്ച് പാസാക്കുന്നതിന് തടസ്സമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും നിയമനിർമാണവുമായി മുന്നോട്ട് പോകുമെന്നാണ് നിയമവകുപ്പ് അറിയിക്കുന്നത്.
advertisement
ഓര്‍ഡിനന്‍സില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. ഓര്‍ഡിനന്‍സ് ലഭിച്ചതായി രാജ്ഭവന്‍ സ്ഥിരീകരിച്ചെങ്കിലും ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്തില്ല. ചീഫ് സെക്രട്ടറി വി പി ജോയിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അദ്ദേഹം തിരുവല്ലയിലേക്ക് തിരിച്ചിട്ടുണ്ട്. അവിടെ നിന്നും നെടുമ്പാശ്ശേരി വഴി അദ്ദേഹം ഡല്‍ഹിയിലേക്ക് പോകും. ഈ മാസം 20ന് മാത്രമേ അദ്ദേഹം ഇനി സംസ്ഥാനത്ത് തിരിച്ചെത്തുകയുള്ളൂ. ഇത്രയും ദിവസം ഓര്‍ഡിനന്‍സിന്മേല്‍ തീരുമാനം എടുക്കാതിരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അത്തരത്തില്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ തീരുമാനം എടുക്കാതിരുന്നാല്‍ നിയമനിര്‍മ്മാണവുമായി മുന്നോട്ട് പോകുന്നതില്‍ സര്‍ക്കാരിന് തടസങ്ങളില്ല. എന്നാല്‍ ഇതിനിടയില്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചാല്‍ സഭാ സമ്മേളനം വിളിച്ച് ബില്‍ അവതരിപ്പിക്കുന്നതില്‍ തടസമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
advertisement
ഓർഡിനൻസിൽ ഗവർണറുടെ തുടർനടപടികൾ നിർണായകമാണ്. ഓർഡിനൻസിന് പകരം ബിൽ മതിയായിരുന്നെന്ന അഭിപ്രായം സിപിഎമ്മിലെ ഒരു വിഭാഗത്തിനുണ്ട്.. ഓർഡിനൻസിൽ നിയമോപദേശം പാളിയെന്നും പാർട്ടിക്ക് അഭിപ്രായമുണ്ട്. എന്നാൽ കാര്യമായ ആലോചനകൾ നടത്തി തന്നെയാണ് ഓർഡിനൻസ് തയ്യാറാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
ഓർഡിനൻസ് കാണും മുമ്പ് രാഷ്ട്രപതിയ്ക്ക് കൈമാറുമെന്നത് മുൻ വിധിയാണെന്നാണ് മന്ത്രി പി രാജീവിന്റെ പ്രതികരണം. ഓർഡിനൻസ് ഒപ്പിടുകയാണ് മര്യാദയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 12, 2022 12:19 PM IST