ആരാധനാലയങ്ങളും ക്ലബ്ബുകളും കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി പതിച്ചു നൽകുന്നു. മതിയായ രേഖകളില്ലാതെ 2008ന് മുമ്പ് കൈവശം വച്ചിരിക്കുന്ന ഭൂമിയാണ് പതിച്ചു നൽകുന്നത്. ഭൂമി എത്ര വർഷമായി കൈവശം വച്ചിരിക്കുന്നുവെന്നതനുസരിച്ച് നിശ്ചിത ഫീസ് ഈടാകും. ഇത് സംബന്ധിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിറങ്ങി.
അപേക്ഷകളുടെ കൂമ്പാരം
വർഷങ്ങളായി കൈവശമിരിക്കുന്ന ഭൂമിയാണെന്നും പതിച്ചുനൽകണമെന്നും ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് സർക്കാരിന് ലഭിച്ചത്. ആരാധനാലയങ്ങൾ, ക്ലബ്ബുകൾ, ചാരിറ്റബിൾ സൊസൈറ്റികൾ, ശ്മശാനങ്ങൾ, വായനശാലകൾ എന്നിങ്ങനെ നിരവധി പേരാണ് അപേക്ഷയുമായെത്തിയത്. ലാൻഡ് റവന്യൂ കമ്മീഷണർ ഇക്കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് ശുപാർശ നൽകി.തുടർന്നാണ് മന്ത്രിസഭാ യോഗം ഇക്കാര്യം അംഗീകരിച്ചത്.
കർശ്ശന നിബന്ധനകൾ
രേഖകളില്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുനൽകുന്നതിന് കർശ്ശനമായ നിബന്ധനകൾ ഉണ്ട്. ആരാധനാലയങ്ങൾക്കും ശ്മശാനങ്ങൾക്കും നിലവിൽ കൈവശമിരിക്കുന്ന ഭൂമി പൂർണ്ണമായി പതിച്ചു നൽകില്ല. പകരം ആ സ്ഥാപനം പ്രവർത്തിക്കാൻ ആവശ്യമായ ഏറ്റവും കുറവ് സ്ഥലമാണ് അനുവദിക്കുക. പരമാവധി ഒരേക്കർ ,ബാക്കി ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കും. വാണിജ്യാവിശ്യങ്ങൾക്ക് സർക്കാർ ഭൂമി വിട്ടുകൊടുക്കുകയില്ല. എന്നാൽ കലാ-കായിക സംഘടനകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഭൂമി അനുവദിക്കാൻ ഇനിയും കർക്കശമായ നിബന്ധനകൾ ഉണ്ട്. പരമാവധി 50 സെന്റ് ഭൂമിയാണ് ഇത്തരം സ്ഥാപനങ്ങൾക്ക് അനുവദിക്കുക.
ഭൂമി കൈവശമിരിക്കുന്ന കാലം മുതൽ പ്രവർത്തിക്കുന്ന സ്ഥാപനമായിരിക്കണം,കൃത്യമായ രജിസ്ട്രേഷൻ ഉള്ളതും കാലാകാലങ്ങളിൽ ഇത് പുതുക്കുന്നതുമായിരിക്കണം, ക്യത്യമായ വരവ് ചെലവ് കണക്ക് സൂക്ഷിക്കുന്നതാവണം ഇതടക്കമുള്ള നിബന്ധനകളോടെയാണ് ഭൂമി നൽകുന്നത്.
പഴക്കമനുസരിച്ച് ഭൂമി വില മാറും
ഭൂമി എത്ര വർഷമായി കൈവശത്തിലിരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഭൂമിക്ക് വില നിശ്ചയിക്കുന്നത്.
1. സ്വാതന്ത്യം കിട്ടുന്നതിന് മുമ്പേ കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് ഫെയർ വാല്യുവിന്റെ 10 ശതമാനം ഈടാക്കും.
2. കേരള പിറവിക്ക് മുമ്പ് കൈവശം ഇരിക്കുന്നതാണെങ്കിൽ ഫെയർ വാല്യുവിന്റെ 25 ശതമാനം ഫീസ്.
3 .1990 ജനുവരി 1 ന് മുമ്പുള്ളതാണെങ്കിൽ ഫെയർ വാല്യു പൂർണ്ണമായി ഈടാക്കും.
4.2008 ഓഗസ്റ്റ് 25 ന് മു മ്പു കൈവശമിരിക്കുന്ന ഭൂമിയാണെങ്കിൽ കമ്പോള വിലയുമാണ് ഈടാക്കുക.
സർക്കാരിലേക്ക് പണം വരും
സർക്കാരിന്റെ പുതിയ തീരുമാനം ഒരു ധനാഗമ സാധ്യത കൂടിയാണ്. രേഖകളിൽ സർക്കാർ ഭൂമിയാണെങ്കിലും ഇതിന്റെ ഒരു നേട്ടവും സർക്കാരിന് ലഭിച്ചിരുന്നില്ല. ഭൂമി പതിച്ചു നൽകാനുള്ള തീരുമാനം വഴി ഖജനാവിലേക്ക് പണം എത്തും. ഒപ്പം ഒരേക്കറിൽ അധികമുള്ള ഭൂമി സർക്കാരിന് ഏറ്റെടുത്ത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും. കൂടുതലായി നിരവധിയാളുകൾ ഭൂമി പതിച്ചു നൽകാനാവശ്യപ്പെട്ട് സർക്കാരിനു മുന്നിലെത്തുമെന്നുറപ്പ്. ഈ സാധ്യത ഉപയോഗപ്പെടുത്തി ഭൂമി പതിച്ചെടുത്തില്ലെങ്കിൽ രേഖകളില്ലാത്ത ഭൂമി ഇനി ഒരു സ്ഥാപനങ്ങൾക്കും കൈവശം വയ്ക്കാനുമാകില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.