കുടുംബ കോടതി ചേംബറിൽ ലൈംഗിക അതിക്രമം; ജഡ്ജിയെ ഹൈക്കോടതി സസ്പെൻഡ് ചെയ്തു
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തിനെതിരെ അന്വേഷണം നടന്നുവരികയായിരുന്നു. മൂന്ന് സ്ത്രീകൾ ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു. കേസിലെ കക്ഷികളായി കോടതിയിലെത്തിയ ഇവരെ ചേംബറിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്
കൊച്ചി: സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ചവറ കുടുംബക്കോടതി മുൻ ജഡ്ജി വി ഉദയകുമാറിനെ ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. 'പൊതുതാല്‍പര്യം' മുൻനിർത്തിയാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തിനെതിരെ അന്വേഷണം നടന്നുവരികയായിരുന്നു. മൂന്ന് സ്ത്രീകൾ ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു. കേസിലെ കക്ഷികളായി കോടതിയിലെത്തിയ ഇവരെ ചേംബറിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് ജഡ്ജിയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. കോടതിയിലെ മുതിർന്ന ജഡ്ജിമാരായ ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. ഉയർന്ന ആരോപണങ്ങൾ ഗുരുതരമായ സ്വഭാവമുള്ളതാണെന്നും ജഡ്ജിയുടെ ഭാഗത്തുനിണ്ടായത് മോശം പെരുമാറ്റമാണെന്നും കമ്മിറ്റി വിലയിരുത്തി.
ഒരു സ്ത്രീയാണ് ആദ്യം ജില്ലാ ജഡ്ജിക്ക് പരാതി നൽകിയത്. തുടർന്ന് ഈ പരാതി ഹൈക്കോടതിക്ക് കൈമാറുകയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. അന്വേഷണ റിപ്പോർട്ടും പരാതിയും പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. നേരത്തെ ഇദ്ദേഹത്തെ മോട്ടോർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണലിലേക്ക് സ്ഥലം മാറ്റിയിരുന്നു.
advertisement
ഹൈക്കോടതി ജഡ്ജിയുടെ അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തും. പരാതിക്കാർ പൊലീസിനെ സമീപിക്കുന്നില്ലെങ്കിൽ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് ജുഡീഷ്യൽ വൃത്തങ്ങൾ അറിയിച്ചു. ലൈംഗിക ദുരുപയോഗ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ജുഡീഷ്യൽ ഓഫീസർമാരുടെ പ്രവർത്തനം ശക്തമായി നിരീക്ഷിക്കാനും ഹൈക്കോടതി തീരുമാനിച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തെ ജുഡീഷ്യൽ ഓഫീസർക്കെതിരെ ഉന്നയിക്കപ്പെടുന്ന രണ്ടാമത്തെ ഇത്തരത്തിലുള്ള ആരോപണമാണിത്. നേരത്തെ സമാനമായ ആരോപണങ്ങൾ നേരിട്ട കോഴിക്കോട് ജില്ലയിലെ ഒരു ജഡ്ജിയെ ആറ് മാസത്തെ സസ്പെൻഷന് ശേഷം സർവീസിൽ തിരിച്ചെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
August 27, 2025 8:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുടുംബ കോടതി ചേംബറിൽ ലൈംഗിക അതിക്രമം; ജഡ്ജിയെ ഹൈക്കോടതി സസ്പെൻഡ് ചെയ്തു