News18 Exclusive | കിഫ്‌ബി മസാല ബോണ്ട് കേസില്‍ കുരുക്ക് മുറുകുന്നു; തോമസ് ഐസക്കിന്‍റെ മറുപടി ഇഡി തള്ളി
- Published by:Arun krishna
- news18-malayalam
- Reported by:Nandhakumar H V
Last Updated:
കിഫ്‌ബിയുടെ യോഗ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് തോമസ് ഐസക് ആണെന്നും ഇഡി കണ്ടെത്തി.
കൊച്ചി: കിഫ്‌ബി മസാല ബോണ്ട് കേസില്‍ കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. കേസുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക് നല്‍കിയ മറുപടി ഇഡി തള്ളി. മസാല ബോണ്ട് ഇറക്കിയതിൽ തോമസ് ഐസക്കിന് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. കിഫ്‌ബിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ തോമസ് ഐസകിന് കഴിയില്ല. കിഫ്‌ബിയുടെ യോഗ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് തോമസ് ഐസക് ആണെന്നും ഇഡി കണ്ടെത്തി. കിഫ്‌ബി ഡയക്ടർ ബോർഡ് യോഗത്തിന്റെ മിനുട്സ് ന്യൂസ് 18 ന് ലഭിച്ചു.
കേസുമായി ബന്ധപ്പെട്ട് നാല് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ചപ്പോഴും തോമസ് ഐസക് ഒഴിഞ്ഞുമാറിയിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഇഡിക്ക് അയച്ച മറുപടിയിലെ വാദങ്ങളാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡിന്റേതാണ് മസാല ബോണ്ടിലെ തീരുമാനമെന്നും തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ല. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഏഴു പേജുള്ള മറുപടിയിൽ തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.
advertisement
‘‘കിഫ്‌ബി മസാലബോണ്ടിൽ എനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്തവുമില്ല. കിഫ്‌ബി രൂപീകരിച്ചതുമുതൽ 17 അംഗ ഡയറക്ടർ ബോർഡിന്റെ മേൽനോട്ടത്തിലാണുള്ളത്. മുഖ്യമന്ത്രിയാണ് അതിന്റെ ചെയർമാൻ. കൂട്ടായ തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തമല്ലാതെ ഇക്കാര്യത്തിൽ എനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല.’’– തോമസ് ഐസക് പറഞ്ഞു.
കിഫ്‌ബിയുടെ വൈസ് ചെയർമാൻ, കിഫ്‌ബി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ എന്നീ പദവികൾ മന്ത്രി എന്ന നിലയിൽ വഹിക്കേണ്ടിവന്ന ചുമതലകളാണ്. മന്ത്രി ചുമതല ഒഴിഞ്ഞതോടെ കിഫ്‌ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ എനിക്കു ലഭ്യമല്ല’’ എന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 24, 2024 7:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
News18 Exclusive | കിഫ്‌ബി മസാല ബോണ്ട് കേസില്‍ കുരുക്ക് മുറുകുന്നു; തോമസ് ഐസക്കിന്‍റെ മറുപടി ഇഡി തള്ളി