മഹാരാജാസ് കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോക്കി ടർഫ്
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
"കേരളത്തിൽ സമഗ്ര മേഖലയിലും സംഭവിക്കുന്ന വികസനത്തിൻ്റെ ഉദാഹരണമാണ് മഹാരാജാസ് കോളേജിലെ പുതിയ ഹോക്കി ടർഫ്".
മഹാരാജാസ് കോളേജിലെ ഹോക്കി ടർഫ് കേരളത്തിൻ്റെ കായിക ഭൂപടത്തിൽ പുതിയൊരു അടയാളപ്പെടുത്തലാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഒമ്പതര കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ മഹാരാജാസ് കോളേജിൽ നിർമ്മിച്ച ഹോക്കി ടർഫിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഹോക്കി ടർഫിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രെയിനേജ് സംവിധാനം ക്രമീകരിക്കുന്നതിന് 45 ലക്ഷത്തോളം രൂപ കൂടി അനുവദിച്ചതായും മന്ത്രി യോഗത്തിൽ അറിയിച്ചു. പരമാവധി വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ഹോക്കി ടർഫ് യാഥാർത്ഥ്യമാക്കാൻ അകമഴിഞ്ഞ പിന്തുണ നൽകിയ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിനെയും (സി.എസ്.എം.എൽ.) നേതൃത്വപരമായ പങ്കുവഹിച്ച കൊച്ചി മേയറെയും മന്ത്രി അഭിനന്ദിച്ചു.
കേരളത്തിൽ സമഗ്ര മേഖലയിലും സംഭവിക്കുന്ന വികസനത്തിൻ്റെ ഉദാഹരണമാണ് മഹാരാജാസ് കോളേജിലെ പുതിയ ഹോക്കി ടർഫ് എന്ന് ചടങ്ങിൽ അധ്യക്ഷം വഹിച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സമയബന്ധിതമായി പദ്ധതി നടപ്പിലാക്കിയ സി.എസ്.എം.എല്ലിനെയും പദ്ധതിക്ക് അനുമതി വാങ്ങിയെടുക്കാൻ മുന്നിൽ നിന്ന മേയറെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വികസനം എന്നത് എല്ലാ മേഖലയിലും സംഭവിക്കേണ്ട ഒന്നാണ്. അതിൽ ഏറെ പ്രാധാന്യമുള്ള മേഖലയാണ് സ്പോർട്സ്. മയക്കുമരുന്ന് ഉപയോഗം പോലുള്ള തെറ്റായ പ്രവണതകൾക്ക് എതിരെയുള്ള ഫലപ്രദമായ മറുമരുന്നായി സ്പോർട്സിനെ കാണാം. ഇന്ത്യയുടെ അഭിമാന താരമായ പി.ആർ. ശ്രീജേഷിൻ്റെ പിൻഗാമികളായി ഹോക്കി രംഗത്ത് പുതിയ കളിക്കാരെ വാർത്തെടുക്കാൻ പുതിയ ടർഫ് ഉപകരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
advertisement

കോളേജിലെ ജി.എൻ.ആർ. ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ടി.ജെ. വിനോദ് എംഎൽഎ, മേയർ അഡ്വ. എം അനിൽ കുമാർ എന്നിവർ മുഖ്യാതിഥികളായി. വാർഡ് കൗൺസിലർ പത്മജ എസ്. മേനോൻ, സി.എസ്.എം.എൽ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാജി വി. നായർ, എം.ജി. സർവകലാശാല സിൻ്റിക്കേറ്റ് അംഗം ഡോ. ടി.വി. സുജ, കോളേജ് പ്രിൻസിപ്പൾ ഇൻ ചാർജ് ഡോ. ജി.എൻ. പ്രകാശ്, ഗവേണിംഗ് ബോഡി അംഗം ഡോ. എം.എസ്. മുരളി, കായിക വിഭാഗം അധ്യക്ഷ റീന ജോസഫ്, പി.ടി.എ. വൈസ് പ്രസിഡൻ്റ് എൻ.വി. വാസു, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി സാഗർ, അധ്യാപകർ, വിദ്യാർത്ഥികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 01, 2025 3:23 PM IST