'കേൾക്കാനാളുണ്ടെങ്കിൽ പറയാനേറെയുണ്ട്'; ചോറ്റാനിക്കര ഹാപ്പിനെസ്സ് പാർക്കിൽ മുതിർന്നവർക്കായി പുതിയ ലിസണിങ്ങ് പാർലർ
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
'കേൾക്കാനാളുണ്ടെങ്കിൽ പറയാനേറെയുണ്ട്' എന്ന മഹത്തായ സന്ദേശമാണ് ഈ സംരംഭം മുന്നോട്ട് വെക്കുന്നത്.
കുടുംബബന്ധങ്ങളിലെ തിരക്കുകൾക്കിടയിൽ പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന മുതിർന്ന പൗരന്മാർക്ക് ഇനി ആശ്വാസത്തിനായി ഒരിടമുണ്ട്. വയോ സൗഹൃദ ചോറ്റാനിക്കര പദ്ധതിയുടെ ഭാഗമായി ചോറ്റാനിക്കര ടേക്ക് എ ബ്രേക്കിലുള്ള ഹാപ്പിനെസ്സ് പാർക്കിൽ മുതിർന്ന പൗരന്മാർക്കുവേണ്ടി 'ലിസണിങ്ങ് പാർലർ' പ്രവർത്തനം ആരംഭിച്ചു. 'കേൾക്കാനാളുണ്ടെങ്കിൽ പറയാനേറെയുണ്ട്' എന്ന മഹത്തായ സന്ദേശമാണ് ഈ സംരംഭം മുന്നോട്ട് വെക്കുന്നത്. ലിസണിങ്ങ് പാർലറിൻ്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. രാജേഷ് നിർവ്വഹിച്ചു. ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളെ കേൾക്കുക, അവർക്ക് ആശ്വാസം നൽകുക, ജീവിതത്തിലെ ഉത്കണ്ഠകളും സന്തോഷങ്ങളും പങ്കുവെക്കാൻ ഒരിടം ഒരുക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലിസണിങ്ങ് പാർലർ പഞ്ചായത്തിന് കീഴിൽ ആരംഭിച്ചിരിക്കുന്നത്.
മുതിർന്ന പൗരന്മാരുടെ സമ്പന്നമായ ജീവിതാനുഭവങ്ങൾ, പ്രാദേശിക ചരിത്ര സംഭവങ്ങൾ, ആശങ്കകൾ, ഉത്കണ്ഠകൾ, നിയമപ്രശ്നങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവയൊക്കെ ഇവിടെ പങ്കുവെക്കപ്പെടും. പ്രത്യേകം നിശ്ചയിച്ച ദിവസങ്ങളിൽ കൗൺസിലിങ്ങ് സൈക്കോളജിസ്റ്റ്, നിയമവിദഗ്ധർ, ആരോഗ്യ വിദഗ്ധർ തുടങ്ങിയവർ ലിസണിങ്ങ് പാർലറിൽ എത്തി വയോജനങ്ങൾക്ക് വിദഗ്ധ നിർദ്ദേശങ്ങൾ നൽകും. കൂടാതെ, യുവതലമുറയും മുതിർന്ന തലമുറയും പങ്കെടുക്കുന്ന 'തലമുറകളുടെ സംഗമം' ഇവിടെ സംഘടിപ്പിക്കും. ഈ സംഗമത്തിൽ, മുതിർന്നവരെ അനുഭാവപൂർവം കേൾക്കുന്നതിനുള്ള പ്രത്യേക പരിശീലനവും യുവതലമുറയ്ക്ക് ലഭിക്കും. ഇത് തലമുറകൾ തമ്മിലുള്ള അകലം കുറയ്ക്കാൻ സഹായകമാകും.
advertisement
വയോ സൗഹൃദ ചോറ്റാനിക്കര പഞ്ചായത്ത് സമിതി ചെയർമാൻ പി.വി. പൗലോസ് അധ്യക്ഷനായ യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ്, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രജനി മനോഷ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ഭാസി, വാർസ് അംഗങ്ങളായ ലൈജു ജനകൻ, ലേഖ പ്രകാശൻ എന്നിവർ ആശംസകൾ നേർന്നു. വയോ സൗഹൃദചോറ്റാനിക്കര പഞ്ചായത്ത് സമിതി കൺവീനർ ഒ കെ രാജന്ദ്രൻ, ഗ്രാമപ്പഞ്ചായത്ത് മെമ്പർ പ്രകാശൻ ശ്രീധരൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം സൈക്ക്യാട്രിസ്റ്റ് ഡോ. അമൃത വാണിയുടെ 'മനസ്സ് വികസിച്ചാൽ ലിസണിങ്ങ് പാർലർ അന്വർത്ഥമാകും' എന്ന വിഷയത്തിലുള്ള ക്ലാസ്സും, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മാത്യു ചെറിയാൻ്റെ 'ലിസണിങ്ങ് പാർലർ - പ്രസക്തിയും പ്രയോഗവും' എന്ന ക്ലാസ്സും നടന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 02, 2025 5:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
'കേൾക്കാനാളുണ്ടെങ്കിൽ പറയാനേറെയുണ്ട്'; ചോറ്റാനിക്കര ഹാപ്പിനെസ്സ് പാർക്കിൽ മുതിർന്നവർക്കായി പുതിയ ലിസണിങ്ങ് പാർലർ