ക്ഷീരകർഷകർക്ക് ആശ്വാസമായി അയിരൂർപാടത്ത് പുതിയ വെറ്റിനറി സബ് സെൻ്റർ
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
അയിരൂർപാടം ക്ഷീരോദ്പാദക സഹകരണ സംഘത്തിൻ്റെ വാടക രഹിത കെട്ടിടത്തിലാണ് വെറ്റിനറി സബ് സെൻ്റർ പ്രവർത്തിക്കുന്നത്.
പിണ്ടിമന ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ അയിരൂർപാടത്ത് മൃഗാശുപത്രി ഉപകേന്ദ്രം (വെറ്റിനറി സബ് സെൻ്റർ) പ്രവർത്തനം ആരംഭിച്ചു. എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ 8,9,10,11 വാർഡുകളിലെ ക്ഷീരകർഷകരുടെ ദീർഘനാളായുള്ള സ്വപ്നമാണ് യാഥാർത്ഥ്യമായത്. പിണ്ടിമന ഗ്രാമപഞ്ചായത്തിലെ ഏറ്റവും കൂടുതൽ ക്ഷീര കർഷകരുള്ള പ്രദേശങ്ങളാണിത്. മൃഗാശുപത്രി സേവനത്തിനായി കന്നുകാലികളുമായി ഏറെ ദൂരം യാത്ര ചെയ്യേണ്ട സ്ഥിതിയാണ് കർഷകർക്ക് ഉണ്ടായിരുന്നത്. സബ് സെൻ്റർ യാഥാർത്ഥ്യമായതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. മറ്റ് വളർത്തുമൃഗങ്ങൾ ഉള്ളവർക്കും ഉപകാരപ്രദമാകുന്നതാണ് പദ്ധതി. സമീപ പഞ്ചായത്തുകളായ നെല്ലിക്കുഴിയിലും, കോട്ടപ്പടിയിലും, അതിർത്തി പ്രദേശങ്ങളിലും ഉള്ളവർക്ക് പുതിയ സബ് സെൻ്റർ പ്രയോജനം ചെയ്യും.
അയിരൂർപാടം ക്ഷീരോദ്പാദക സഹകരണ സംഘത്തിൻ്റെ (മിൽമ) വാടക രഹിത കെട്ടിടത്തിലാണ് വെറ്റിനറി സബ് സെൻ്റർ പ്രവർത്തിക്കുന്നത്. വാടകരഹിത കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കി നൽകിയ ക്ഷീരോദ്പാദക സഹകരണ സംഘം ഭരണസമിതിയെ ചടങ്ങിൽ അനുമോദിച്ചു. ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു അധ്യക്ഷയായി. വാർഡ് മെമ്പർ എസ് എം അലിയാർ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് ജയ്സൺ ദാനിയേൽ, മറ്റ് ജനപ്രതിനിധികളായ വിൽസൺ കെ. ജോൺ, ടി കെ കുമാരി, സിജി ആൻ്റണി, ലതാ ഷാജി, ലാലി ജോയ്, ക്ഷീരസംഘം പ്രസിഡൻ്റ് ജയ്സൺ ജോർജ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ബിനു സാജു, റ്റി എ ടോമി, സജിത്ത് കെ. വർഗീസ്, എം ആർ ജയചന്ദ്രൻ, ടി എ അപ്പുക്കുട്ടൻ, സംഘം സെക്രട്ടറി അനുഷ ടി. സജീവ്, ഡോ. വിക്ടർ ജുബിൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 26, 2025 5:11 PM IST