കൊല്ലം: മൂന്ന് മീൻ ലേലത്തിൽ പോയത് രണ്ടേ കാൽ ലക്ഷം രൂപയ്ക്ക്. കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ കൊല്ലം നീണ്ടകരയിലാണ് വീണ്ടും പൊന്നിന്‍റെ വിലയുള്ള മീൻ ലഭിച്ചത്. കടല്‍ സ്വര്‍ണ്ണമെന്ന് അറിയപ്പെടുന്ന പട്ത്തിക്കോര വീണ്ടും മത്സ്യലേലത്തെ ചൂടു പിടിപ്പിച്ചത്. ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ വലിയ ശസ്ത്രക്രിയയ്‌ക്ക് ആവശ്യമായ നൂല് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് പട്ത്തിക്കോരയുടെ ബ്ലാഡറാണ്(പളുങ്ക്). കഴിഞ്ഞ ദിവസമാണ് നീണ്ടകര തുറമുഖത്ത് പട്ത്തിക്കോര ലേലത്തിന് എത്തിച്ചത്. നിമിഷ നേരം കൊണ്ട് തന്നെ മോഹവിലയ്‌ക്ക് മീന്‍ വിറ്റു പോവുകയും ചെയ്തു.
സമുദ്രത്തിൽ പൊങ്ങിക്കിടക്കാനും നീന്താനും സഹായിക്കുന്ന പട്ത്തിക്കോരയുടെ എയര്‍ ബ്ലാഡറാണ് മോഹവിലയ്‌ക്ക് കാരണം. ഗുജറാത്ത്, മഹാരാഷ്‌ട്ര, ഓഡീഷ തീരങ്ങളിലാണ് പട്ത്തിക്കോരയെ പ്രധാനമായും കാണാറുള്ളത്. ശക്തികുളങ്ങര തുറമുഖത്ത് നിന്നും കടലില്‍ പോയ ലൂക്കായുടെ മനു എന്ന വള്ളത്തിലാണ് കഴിഞ്ഞ ദിവസം പട്ത്തിക്കോരയെ ലഭിച്ചത്. നീണ്ടകരയില്‍ നിന്നും മൂന്ന് കിലോമീറ്ററുള്ളില്‍ നിന്നാണ് പട്ത്തിക്കോരയെ ലഭിച്ചതെന്ന് വള്ളത്തിലുണ്ടായിരുന്നവർ പറയുന്നു.
20 കിലോ ഭാരമുള്ള ആണ്‍ മത്സ്യത്തിന്റെ ശരീരത്തില്‍ 300 ഗ്രാം പളുങ്കുണ്ടാകും. ഒരു കിലോ പളുങ്കിന് മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വിലയുണ്ട്. എന്നാലിതിന്റെ മാംസത്തിന് അധികം വിലയില്ല. കിലോയ്‌ക്ക് 250 രൂപ മാത്രമാണുള്ളത്. സിംഗപ്പൂരില്‍ വൈന്‍ ശുദ്ധീകരണത്തിന് ഇതിന്റെ ബ്ലാഡറും സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ മാംസവും ഉപയോഗിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 20നും നീണ്ടകരയിൽ പടത്തിക്കോര വൻ തുകയ്ക്ക് ലേലത്തിൽ പോയത് വലിയ വാർത്തയായിരുന്നു. തലേദിവസം രാത്രി മീൻപിടുത്തം കഴിഞ്ഞ് കായംകുളം തുറമുഖത്തിലേക്ക് (Fishing Harbor) മടങ്ങുകയായിരുന്നു 'പൊന്നുതമ്പുരാൻ' വള്ളവും അതിലെ മൽസ്യത്തൊഴിലാളികളും. അപ്പോഴാണ്, കടലിൽ 'ചത്തുപൊങ്ങിക്കിടക്കുന്ന' പ്രത്യേകതരം മൽസ്യത്തെ അവർ ശ്രദ്ധിച്ചത്. ഇത്രയും കാലത്തെ മൽസ്യബന്ധന (Fishing) ജീവിതത്തിൽ ഇതുപോലെയൊരു മൽസ്യത്തെ വള്ളത്തിലുണ്ടായിരുന്ന സ്രാങ്കായ ഗിരീഷ് കുമാറും ഗോപനും കണ്ടിട്ടില്ല. അങ്ങനെ ആ മീനിനെ പിടിക്കാൻ ഇരുവരും കടലിലേക്ക് ചാടി. തൊട്ടടുത്ത് എത്തിയപ്പോഴാണ് ചത്തതുപോലെ കിടന്ന മീൻ ജീവൻ വെച്ചതുപോലെ നീന്താൻ തുടങ്ങിയത്. എന്നാൽ വിടാൻ ഗിരീഷും ഗോപനും തയ്യാറായിരുന്നില്ല. അവർ ഏറെ ശ്രമപ്പെട്ട് ആ മീനിനെ പിടികൂടി പൊന്നുതമ്പുരാൻ' വള്ളത്തിലെത്തിച്ചു. തൂക്കി നോക്കിയപ്പോൾ 20 കിലോ ഭാരമുണ്ട്. പക്ഷേ മീൻ ഏതാണെന്ന് അറിയില്ല.
അങ്ങനെയാണ് മൽസ്യത്തൊഴിലാളികൾ അംഗങ്ങളായ 'കേരളത്തിന്‍റെ സൈന്യം' എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് പിടിച്ച മൽസ്യത്തിന്‍റെ ചിത്രം അയച്ചുനൽകിയത്. വൈകാതെ ലഭിച്ച മറുപടി കണ്ട് ഗിരീഷ് കുമാറും ഗോപനും അമ്പരന്നു. ഇത് ഏറെ വിലപിടിപ്പുള്ള പടത്തിക്കോര എന്ന മീൻ ആയിരുന്നു. ഔഷധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഈ മൽസ്യത്തിന് കിലോയ്ക്ക് രണ്ടായിരത്തിന് മുകളിൽ വിലയുണ്ട്. എന്നാൽ ഈ മീൻ ലേലത്തിൽ പോകണമെങ്കിൽ കൊല്ലം നീണ്ടകരയിൽ എത്തിക്കണമെന്നും വിവരം ലഭിച്ചു. അങ്ങനെ കായംകുളം തുറമുഖത്തേക്ക് വിട്ട പൊന്നുതമ്പുരാൻ വള്ളം നീണ്ടകരയിലേക്ക് തിരിച്ചുവിട്ടു.
നീണ്ടകരയിൽ എത്തിച്ച് പടത്തിക്കോരയെ ലേലത്തിൽവെച്ചു. 20 കിലോ ഭാരമുള്ള പടത്തിക്കോരയ്ക്ക് അന്ന് ലേലത്തിൽ ലഭിച്ചത് 5900 രൂപയാണ്. ഒരു കിലോയ്ക്ക് 3000 രൂപയോളമാണ് ലഭിച്ചത്. പുത്തന്‍തുറ സ്വദേശി കെ.ജോയ് ആണ് പടത്തിക്കോരയെ അന്ന് ലേലത്തില്‍ പിടിച്ചത്. നീണ്ടകരയിൽ പടത്തിക്കോര ലേലത്തിനുണ്ടെന്ന വിവരം സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. അതുകൊണ്ടുതന്നെ ലേലത്തിൽ പങ്കെടുക്കാൻ നിരവധിപ്പേർ എത്തിയിരുന്നു. വാശിയേറിയ ലേലത്തിനൊടുവിലാണ് കെ ജോയ് 59000 രൂപയ്ക്ക് പടത്തിക്കോരയെ സ്വന്തമാക്കിയത്. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി വിനോദിന്‍റെ ഉടമസ്ഥതയിലുള്ളതാണ് പൊന്നുതമ്പുരാൻ വള്ളം.
എന്താണ് പടത്തിക്കോര?വലിയ ചെതുമ്പലോട് കൂടി മൽസ്യമാണിത്. ചാരനിറത്തിലുള്ള പടത്തിക്കോരയുടെ വയറിനോട് ചേർന്ന് പളുങ്ക് എന്ന് മൽസ്യത്തൊഴിലാളികൾ വിളിക്കുന്ന ഭാഗമാണ് പടത്തിക്കോരയുടെ മൂല്യം വർദ്ധിപ്പിക്കുന്നത്. ഏറെ ഔഷധമൂല്യമുള്ള ഈ ഭാഗമാണ് വില വർദ്ധനയ്ക്ക് പ്രധാന കാരണം. വെളുത്ത സ്പോണ്ട് പോലെയുള്ള ഈ പളുങ്ക് ഉപയോഗിച്ചാണ് ഹൃദയ ശസ്ത്രക്രിയയ്ക്ക് തുന്നലിടുന്ന നൂലുകൾ നിർമ്മിക്കുന്നത്. ഔഷധ നിർമ്മാണ ശാലകൾ വൻവില നൽകിയാണ് ഈ മൽസ്യത്തിന്‍റെ പളുങ്ക് ഭാഗം വാങ്ങുന്നത്. പൂർണ വളർച്ചയെത്തിയ ഒരു പടത്തിക്കോരയിൽ 300 ഗ്രാമോളം പളുങ്ക് ഉണ്ടാകും. വിദേശവിപണിയിൽ പളുങ്ക് ഗ്രാമിന് ലക്ഷങ്ങൾ വില വരും. ഔഷധ ഗുണം മാത്രമല്ല, രുചിയിലും കേമനാണ് പടത്തിക്കോര. ആളനക്കം ഉണ്ടെങ്കിൽ ചത്തതുപോലെ കിടന്ന് സ്വയം രക്ഷപെടാനും കഴിയുന്ന മൽസ്യമാണിത്.
Also Read-
Kerala Police | 'പ്രേത'ത്തെ ഒഴിപ്പിക്കാൻ കേരള പൊലീസ്; മൃതദേഹ പരിശോധനയിലെ 'പ്രേത വിചാരണ' ഒഴിവാക്കിയേക്കുംകൊല്ലത്ത് ആദ്യമായല്ല പടത്തിക്കോരയെ ലഭിച്ചത്. കഴിഞ്ഞ വർഷം ജനുവരി മൂന്നിനും പടത്തിക്കോരയെ ലഭിച്ചിരുന്നു. അന്ന് 25 കിലോയോളം തൂക്കം വരുന്ന പടത്തിക്കോര 47000 രൂപയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്. വളരെ അപൂർവ്വമായി കണ്ടുവരുന്ന പടത്തിക്കോരയെ സംസ്ഥാനത്തെ ഹാർബറുകളിലും അടുത്തകാലത്ത് ലഭിച്ചത് കൊല്ലത്ത് മാത്രമാണെന്ന സവിശേഷതയുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.