കോതമംഗലം പള്ളി തർക്കം: യാക്കോബായ വിഭാഗവും ഹൈക്കോടതിയിൽ
Last Updated:
എറണാകുളം: കോതമംഗലം ചെറിയപള്ളിത്തർക്ക കേസിൽ കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം റമ്പാൻ തോമസ് പോൾ നൽകിയ ഹർജിയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഓർത്തഡോക്‌സ് വിഭാഗത്തിന് പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗവും ഹൈക്കോടതിയെ സമീപിച്ചു.
ഓർത്തഡോക്സ് വിഭാഗത്തിന് പളളി വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെന്ന് ആരോപിച്ചാണ് റമ്പാൻ തോമസ് പോൾ ഹർജി നൽകിയത്. കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസ് ജനുവരി നാലിന് വീണ്ടും പരിഗണിക്കും.
ഓർത്തഡോക്‌സ് വിഭാഗത്തിന്‍റെ നീക്കം പള്ളിസ്വത്തിൽ കണ്ണു വെച്ചാണെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ ഹർജിയിലെ ആരോപണം. കേസ് കോടതി തീർപ്പാക്കുന്നതിനു മുമ്പ് റമ്പാൻ തോമസ് പോൾ പള്ളിയിൽ പ്രവേശിക്കാനെത്തിയത് ഇതിന്‍റെ ഭാഗമാണെന്നും അവർ ആരോപിക്കുന്നു. പുനഃപരിശോധന ഹർജി കോടതി പിന്നീട് പരിഗണിക്കും.
advertisement
ഇതേസമയം പിറവം പള്ളിതർക്ക കേസ് പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതിയുടെ രണ്ടാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസുമാരായ വി. ചിദംബരേഷ്, നാരായണ പിഷാരടി എന്നിവർ അടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. ജസ്റ്റിസ് വി.ചിദംബരേഷ് പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ കോടതികളിൽ ഹാജരായിട്ടുണ്ടെന്ന യാക്കോബായവിഭാഗം അഭിഭാഷകന്‍റെ ആരോപണത്തെ തുടർന്നാണ് പിന്മാറ്റം.
advertisement
പിറവം പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനൽകാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി പരിഗണിക്കുന്ന ഡിവിഷൻ ബഞ്ച് ഇത് രണ്ടാം തവണയാണ് പിന്മാറുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 21, 2018 5:19 PM IST


