കോഴിക്കോട് ജില്ലയിൽ 86.5 ശതമാനം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി
Last Updated:
2,215 ബൂത്തുകളിൽ വ്യാപകമായി പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാമ്പ് നടന്നു.
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിവിധ ബൂത്തുകളിലായി 1,78,457 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി. ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുള്ള 2,06,363 കുട്ടികളാണ് ഉള്ളത്. അതിൽ 86.5 ശതമാനം പേർക്കാണ് ഒന്നാം ദിവസം പോളിയോ തുള്ളിമരുന്ന് നൽകിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ 1117 കുട്ടികളാണ് വാക്‌സിൻ സ്വീകരിച്ചത്.
ജില്ലയിൽ സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി ഒരുക്കിയ 2,215 ബൂത്തുകൾക്ക് പുറമേ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ 53 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിച്ചു. ബൂത്തുകളിൽ എത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാൻ 26 മൊബൈൽ ടീമുകളുമുണ്ടായിരുന്നു. തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് ഒക്ടോബർ 13,14 എന്ന തീയതികളിൽ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി വാക്‌സിൻ നൽകി.
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം നിർവഹിച്ചു. കോഴിക്കോട് നഗരസഭ ഡിവിഷൻ കൗൺസിലർ എസ് കെ അബൂബക്കർ അധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ എച്ച് എം പ്രോഗ്രാം ഓഫീസർ ഡോ. സി കെ ഷാജി, സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോ. എം സുജാത, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. നവ്യ ജെ തൈക്കാട്ടിൽ, മാസ് മീഡിയ ഓഫീസർ ഡോ. എൻ ഭവില, ആർഎംഒ ഡോ. ബിന്ദു, പി പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. സുജിത്ത്, എൻ ക്യു എ എസ് നോഡൽ ഓഫീസർ ഡോ. അഫ്സൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 16, 2025 5:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് ജില്ലയിൽ 86.5 ശതമാനം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി