CBL ചാമ്പ്യൻസ് ബോട്ട് ലീഗ് : കോഴിക്കോട് സ്വർണക്കപ്പിൽ മുത്തമിട്ട് അഴിക്കോടൻ അച്ചാം തുരുത്തി
Last Updated:
സി.ബി.എൽ. മൂന്നാം സീസണിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള 15 ചുരുളൻ വള്ളങ്ങളാണ് പങ്കെടുത്തത്.
ചാലിയാറിൻ്റെ ഇരുകരകളിലുമുള്ള പതിനായിരങ്ങളെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിച്ച് ഓളപ്പരപ്പിൽ ആവേശത്തിൻ്റെ തുഴയെറിഞ്ഞ ചാമ്പ്യൻസ് ബോട്ട് ലീഗ് ചാമ്പ്യൻഷിപ്പിൽ വേഗരാജാക്കൻമാരായി അഴിക്കോടൻ അച്ചാം തുരുത്തി. പാലിച്ചോൻ അച്ചാം തുരുത്തി എ ടീമിനെ പിന്നിലാക്കിയാണ് അഴിക്കോടൻ അച്ചാം തുരുത്തി ചാമ്പ്യൻസ് ബോട്ട് ലീഗിലെ ജലരാജാക്കൻമാരായത്. 2.27.561 ന് ഫിനിഷ് ചെയ്താണ് അഴിക്കോടൻ അച്ചാം തുരുത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അണിയത്ത് സജിരാജും അമരത്ത് കെ പി വിജേഷും വള്ളം നിയന്ത്രിച്ചു. കെ ദീപേഷ് ആയിരുന്നു ടീം മാനേജർ.
2.27.846 ന് ഫിനിഷ് ചെയ്‌താണ് പാലിച്ചോൻ അച്ചാം തുരുത്തി എ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. എകെജി പോടോത്തുരുത്തി എ ടീം 2.36.206 ന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വൻ ജനാവലിയെ സാക്ഷിയാക്കി മന്ത്രി പി എ മുഹമ്മദ് റിയാസിൽ നിന്ന് വിജയികൾ ട്രോഫി ഏറ്റുവാങ്ങി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയവർക്ക് യഥാക്രമം ഒന്നര ലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക ലഭിച്ചത്. പങ്കെടുത്ത വള്ളങ്ങൾക്ക് ഒരു ലക്ഷം രൂപ വീതമാണ് ബോണസ്.
advertisement

ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സി.ബി.എൽ. മൂന്നാം സീസണിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള 15 ചുരുളൻ വള്ളങ്ങളാണ് പങ്കെടുത്തത്. എകെജി പോടോത്തുരുത്തി എ ടീം, എകെജി പോടോത്തുരുത്തി ബി ടീം, റെഡ്സ്റ്റാർ കാര്യങ്കോട്, ന്യൂ ബ്രദേഴ്‌സ് മയിച്ച, വയൽക്കര മയിച്ച, എ.കെ.ജി. മയിച്ച, വയൽക്കര വെങ്ങാട്ട്, വിബിസി കുറ്റിവയൽ (ഫൈറ്റിങ് സ്റ്റാർ ക്ലബ്), കൃഷ്ണപിള്ള കാവുംചിറ, പാലിച്ചോൻ അച്ചാം തുരുത്തി എ ടീം, പാലിച്ചോൻ അച്ചാം തുരുത്തി ബി ടീം, അഴിക്കോടൻ അച്ചാം തുരുത്തി, ഇ.എം.എസ്. മുഴക്കിൽ, നവോദയ മംഗലശേരി, സുഗുണൻ മാസ്റ്റർ മെമ്മോറിയൽ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ് മേലൂർ എന്നീ ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 15, 2025 7:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
CBL ചാമ്പ്യൻസ് ബോട്ട് ലീഗ് : കോഴിക്കോട് സ്വർണക്കപ്പിൽ മുത്തമിട്ട് അഴിക്കോടൻ അച്ചാം തുരുത്തി