കാട്ടുതെച്ചികളെ കാലിക്കറ്റ് സർവകലാശാല ഇനി പ്രത്യേകമായി സംരക്ഷിക്കും
Last Updated:
പൗരാണിക കാലം മുതൽ ആയൂർവേദ മരുന്നുകളിലും പാരമ്പര്യ ചികിത്സ രീതികളിലും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ഇക്സോറ വർഗ്ഗത്തിൽ പലയിനങ്ങളും ഉപയോഗിക്കുന്നുണ്ട്.
കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാന പ്രദർശനത്തിൻ്റെ ഭാഗമായി കാട്ടുതെച്ചികളുടെ അപൂർവ ശേഖരങ്ങൾക്കായുള്ള പ്രത്യേക സംരക്ഷണ വിഭാഗം രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലോകത്താകെ 561 ഓളം സ്പീഷീസുകളുള്ള ഇക്സോറ ജനുസിൽ പെടുന്ന കാട്ടുതെച്ചികളിൽ ഇന്ത്യയിൽ നിന്ന് 44 ഇനങ്ങളാണുള്ളത്. ഇവയിലെ ഇരുപതോളം വരുന്ന തദ്ദേശ വിഭാഗങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന തെച്ചികളുടെ ശേഖരമാണ് സസ്യോദ്യാനത്തിൽ പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്.
ബോട്ടണി പഠനവകുപ്പിലെ സീനിയർ പ്രൊഫസർ സന്തോഷ് നമ്പിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ കാട്ടുതെച്ചികളിൽ ഗവേഷണം നടത്തുന്ന തൃശ്ശൂർ സ്വദേശിനിയായ കെ.എച്ച്. ഹരിഷ്മയും സംഘവുമാണ് ഈ അപൂർവ്വ ഇനങ്ങളെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, ആസാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും പശ്ചിമഘട്ടം ഉൾപ്പെട്ട ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമായി ശേഖരിച്ചത്. ഈ ജനുസിൻ്റെ വർഗീകരണ പഠനത്തിൻ്റെ ഭാഗമായി ജനിതക തലത്തിലുള്ള പഠനങ്ങൾ ഇവിടെ നടത്തിവരുന്നുണ്ട്. അമ്പതോളം ചെടികളാണ് ഇവിടെ സംരക്ഷിക്കുന്നത്.
advertisement
ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിട്ടുള്ള കീഴ്ക്കുലതെച്ചി എന്നറിയപ്പെടുന്ന ഇക്സോറ മലബാറിക്ക ഉൾപ്പെടെ ഇക്സോറ ലാൻസിയോ ലാരിയ, ഇക്സോറ ഇലോങ്ങേറ്റ, ഇക്സോറ ജോൺസോണി, ഇക്സോറ പോളിയാന്ത തുടങ്ങിയ പത്തോളം തദ്ദേശീയമായ വർഗ്ഗങ്ങളും കാവുകളിലും മറ്റും കാണപ്പെടുന്ന ഇക്സോറ ബ്രാക്കിയേറ്റ, ഇക്സോറ നൊട്ടോണിയാന തുടങ്ങിയ മരങ്ങളും ഇതിൽ ഉൾപ്പെടുന്നു. പൗരാണിക കാലം മുതൽ ആയൂർവേദ മരുന്നുകളിലും പാരമ്പര്യ ചികിത്സ രീതികളിലും കണ്ണുരോഗം, ചർമ്മരോഗം തുടങ്ങിയവയുടെ ചികിത്സയ്ക്കും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ഇതിൽ പലയിനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇവയുടെ പൂക്കൾ, ഇലകൾ, വേര് എന്നിവ നിരവധി ബാക്ടീരിയൽ ഫംഗൽ രോഗങ്ങൾക്കും ഫലപ്രദമാണ്. കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനത്തിൽ നടക്കുന്ന പ്രദർശനം നവംബർ 30-ന് (ഞായർ) അവസാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 03, 2025 12:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കാട്ടുതെച്ചികളെ കാലിക്കറ്റ് സർവകലാശാല ഇനി പ്രത്യേകമായി സംരക്ഷിക്കും


