ഭഗവതിയുടെ വള വീണ സ്ഥലം; പിൽക്കാലത്തെ വളയനാട് ഭഗവതി ക്ഷേത്രം
Last Updated:
ഏറെ ദൂരം പിന്നിട്ടപ്പോൾ പിന്നിൽ നിന്നും ചിലങ്കയുടെ ശബ്ദം കേൾക്കാതെ...
മലബാറിൻ്റെ പ്രതാപവും സാമ്പത്തിക അഭിവൃദ്ധിയും സാംസ്കാരിക മേന്മയും പ്രധാനമായും വള്ളുവനാടിനെയും കോഴിക്കോടിനെയും ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ഈ അദ്ഭുതകരമായ അവസ്ഥയാകട്ടെ വള്ളുവകോനാതിരിയുടെയും സാമൂതിരി രാജവംശത്തിൻ്റെയും ഉപാസന മൂർത്തിയുടെ വരദാനമായാണ് കരുതപ്പെടുന്നത്.
വള്ളുവകോനാതിരിയും സാമൂതിരിയും തമ്മിലുള്ള അധികാര മത്സരത്തിൽ അക്കാലത്ത് സൈന്യ ബലവും സാമ്പത്തിക ബലവും കൂടുതൽ ഉണ്ടായിട്ടും സാമൂതിരി പരാജയപ്പെട്ടുവത്രെ. സൈനിക ശക്തിയിലും യുദ്ധ നൈപുണ്യത്തിലും തന്നേക്കാൾ വളരെ പുറകിലുള്ള വള്ളുവകോനാതിരിയുടെ ഉപാസന മൂർത്തിയെത്തന്നെ തപസ്സ് ചെയ്ത് (തിരുമാന്ധാംകുന്ന് ഭഗവതി) പ്രത്യക്ഷപ്പെടുത്തി തൻ്റെ നാട്ടിലേക്ക് കൂട്ടി കൊണ്ടുവന്നു. കൂടെ പോരുമ്പോൾ ഭഗവതി സാമൂതിരി രാജാവിനോട് എപ്പോൾ നിങ്ങൾ എന്നെ സംശയിച്ച് തിരിഞ്ഞു നോക്കുന്നുവോ അപ്പോൾ ഞാൻ തിരിച്ചുപോകും എന്നും പറഞ്ഞു.
മുമ്പിൽ സാമൂതിരി രാജാവും പിന്നിൽ ഭഗവതിയും യാത്ര തുടരുകയും ഏറെ ദൂരം പിന്നിട്ടപ്പോൾ പിന്നിൽ നിന്നും ചിലങ്കയുടെ ശബ്ദം കേൾക്കാതെ വരികയും സംശയത്താൽ സാമൂതിരി രാജാവ് തിരിഞ്ഞു നോക്കുകയും ചെയ്തു. സാമൂതിരി തിരിഞ്ഞുനോക്കിയത് മനസ്സിലാക്കിയ ഭഗവതി 'വാക്കു തെറ്റിച്ചതിനാൽ ഇനി യാത്ര മതിയാക്കുകയാണെന്ന് അറിയിക്കുകയും, ഉടൻ തൻ്റെ തെറ്റു മനസ്സിലാക്കിയ സാമൂതിരി ദേവിയോട് കേണപേക്ഷിക്കുകയും സന്തുഷ്ടയായ ഭഗവതി തൻ്റെ കൈയ്യിലെ വള ഊരി എറിയുകയും ചെയ്തു. വള വീഴുന്നിടത്ത് തൻ്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറഞ്ഞ് സാമൂതിരിയെ യാത്രയാക്കി അപ്രത്യക്ഷയായി.
advertisement
ഈ വള ഒരാഴ്ചവട്ടം കറങ്ങിയതിനുശേഷം ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പതിച്ചു. തിരുവള ഒരാഴ്ചവട്ടക്കാലം കറങ്ങിയതിനാൽ ആ പ്രദേശത്തിന് ആഴ്ചവട്ടമെന്നും തിരുവള വീണ സ്ഥലത്തിന് തിരുവളയനാട് എന്നും പിന്നീട് അറിയപ്പെട്ടു. അന്നുതൊട്ട് സാമൂതിരി സ്വരൂപത്തിൻ്റെ ഉപാസനാ ദേവതയാണ് ശ്രീ വളയനാട് ഭഗവതി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 08, 2025 6:17 PM IST