SNGOU കലോത്സവം കൊടിയിറങ്ങി; 255 പോയൻ്റുമായി കൊല്ലം റീജണൽ സെൻ്റർ ഓവറോൾ ചാമ്പ്യന്മാർ
Last Updated:
സമാപന സമ്മേളനം നടനും സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ മധുപാല്‍ ഉദ്ഘാടനം ചെയ്തു.
വിദ്യകൊണ്ട് സ്വതന്ത്രരാവാന്‍ ആഹ്വാനം ചെയ്ത ശ്രീനാരായണഗുരുവിൻ്റെ സന്ദേശവുമായി ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി സംസ്ഥാന കലോത്സവം കോഴിക്കോട് സാമൂതിരിയുടെ മണ്ണില്‍ സമാപിച്ചു. മൂന്നുദിവസമായി നടന്ന കലോത്സവത്തില്‍ 1500ലേറെ വിദ്യാര്‍ത്ഥി പ്രതിഭകളാണ് മാറ്റുരച്ചത്. 255 പോയൻ്റുമായി കൊല്ലം റീജണല്‍ സെൻ്റര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 206 പോയൻ്റുമായി പട്ടാമ്പി റീജണല്‍ സെൻ്ററാണ് റണ്ണറപ്പ്. ഷിഫ്‌ന മറിയം (മാര്‍ ഇവാനിയോസ് കോളജ് നാലാഞ്ചിറ തിരുവനന്തപുരം - റീജണല്‍ സെൻ്റര്‍ കൊല്ലം) കലാതിലകമായി.
രഞ്ജിത്ത് ആര്‍ (ഗവണ്‍മെൻ്റ് വിക്ടോറിയ കോളജ് പാലക്കാട് - പട്ടാമ്പി റീജണല്‍ സെൻ്റര്‍) കലാപ്രതിഭയും സ്‌നേഹ സെബാസ്റ്റ്യന്‍ സി.എ. (മഹാരാജാസ് കോളജ് എറണാകുളം - എറണാകുളം റീജണല്‍ സെൻ്റര്‍) കലാരത്‌നവുമായി. കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്സ് ആൻ്റ് സയന്‍സ് കോളജിലാണ് മൂന്നു ദിവസം നീണ്ടു നിന്ന കലോത്സവം അരങ്ങേറിയത്. മൂന്നാംദിവസം നടന്ന ജനപ്രിയ ഇനങ്ങളായ മിമിക്രി, മോണോ ആക്ട്, പ്രച്ഛന്നവേഷം എന്നിവ ആസ്വദിക്കാന്‍ നിരവധി പേരാണ് എത്തിയത്.
നാടന്‍പാട്ട്, സംഘഗാനം, കവിതാപാരായണം, ഡിബേറ്റ്, പ്രസംഗം (ഹിന്ദി), മോഹിനിയാട്ടം, കോല്‍ക്കളി, മാര്‍ഗംകളി തുടങ്ങിയ ഇനങ്ങളും അരങ്ങേറി. പതിനെട്ടു മുതല്‍ എണ്‍പത് വയസ്സുവരെയുള്ള കലാകാരന്മാരാണ് മേളയില്‍ പങ്കാളികളായത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും സര്‍ക്കാര്‍ ജീവനക്കാരുമെല്ലാം തങ്ങളുടെ കലാവൈഭവം പ്രകടിപ്പിക്കാന്‍ ഒത്തുചേര്‍ന്നു. വിദൂരപഠനത്തോടൊപ്പം കലയും സാഹിത്യവും സംസ്‌കാരവും ചേര്‍ത്തുനിര്‍ത്തുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികളുടെ സര്‍ഗപ്രകടനമാണ് മൂന്നുദിവസത്തെ ധന്യമാക്കിയത്.
advertisement

വിവിധ സോണല്‍ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരും ഗ്രൂപ്പ് മത്സരങ്ങളില്‍ റീജ്യണല്‍ കേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്തവരുമാണ് കലോത്സവത്തിൻ്റെ ഭാഗമായത്. സമാപന സമ്മേളനം നടനും സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ മധുപാല്‍ ഉദ്ഘാടനം ചെയ്തു. 'വിദ്യകൊണ്ട് സ്വതന്ത്രരാവാനാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. സോഷ്യല്‍ മീഡിയ സത്യത്തെയും ചരിത്രത്തെയുമൊക്കെ വളച്ചൊടിച്ച് അവതരിപ്പിക്കുകയാണ്. അതെല്ലാം തന്നെ യാഥാര്‍ത്ഥ്യമാണോ എന്നു പരിശോധിക്കുക കൂടി ചെയ്യേണ്ട കാലത്താണ് നാം ജീവിക്കുന്നത്. അറിവ് നമ്മെ മുന്നോട്ട് നയിക്കണം. പിന്നോട്ട് നയിക്കുന്നതാവരുത്' എന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 03, 2025 3:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
SNGOU കലോത്സവം കൊടിയിറങ്ങി; 255 പോയൻ്റുമായി കൊല്ലം റീജണൽ സെൻ്റർ ഓവറോൾ ചാമ്പ്യന്മാർ


