തിരുവനന്തപുരം: ബിബിസിയുടെ “ഇന്ത്യ- ദി മോഡി ക്വസ്റ്റ്യൻ” ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് ചെയർമാൻ അഡ്വ. ഷിഹാബുദ്ദീൻ കാര്യയത്ത്. റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്യുമെൻററി പ്രദർശിപ്പിക്കും.
ഡോക്യുമെന്ററിയ്ക്ക് രാജ്യത്ത് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഗുജറാത്ത് വംശഹത്യയിൽ മോദി – അമിത്ഷാ കൂട്ടുകെട്ടിന്റെ പങ്കാളിത്തം പുറത്തുവരാതിരിക്ക നാണ് ഡോക്യുമെന്ററി രാജ്യത്ത് വിലക്കിയിരിക്കുന്നതെന്ന് അഡ്വ. ഷിഹാബുദ്ദീൻ കാര്യയത്ത് പറഞ്ഞു.
Also Read- BBC വിവാദ ഡോക്യുമെന്‍ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ സംസ്ഥാനവ്യാപകമായി പ്രദർശിപ്പിക്കുമെന്ന് DYFI
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടതാണ് ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ഡോക്യുമെൻററി. ഡോക്യുമെന്ററി സംസ്ഥാനവ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തു പൂജപ്പുരയിൽ ഇന്ന് വൈകിട്ട് പ്രദർശനം നടത്തുന്നുണ്ട്. ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രദർശനം.
‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകൾ തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും സർക്കാർ വെള്ളിയാഴ്ച നിർദ്ദേശം നൽകിയിരുന്നു. വസ്തുനിഷ്ഠതയില്ലാത്തതും കൊളോണിയൽ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ ഒരു “പ്രചാരണ ശകലം” എന്ന നിലയിലാണ് അതിനെ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.