KSRTC | ലോഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കും; ശമ്പള പ്രതിസന്ധിക്കിടെ പുതിയ പരീക്ഷണവുമായി KSRTC
- Published by:Arun krishna
- news18-malayalam
Last Updated:
തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്റ് ടിടിഐലാണ് ലോ ഫ്‌ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക
കെഎസ്ആര്‍ടിസിയില്‍ (KSRTC) ശമ്പള പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി ഗതാഗത വകുപ്പ്. കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം. തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്റ് ടിടിഐലാണ് ലോ ഫ്‌ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക. ഇതിനായി രണ്ട് ബസുകള്‍ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പും ഗതാഗതവകുപ്പും സംയുക്തമായാണ് പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടിയുടേതാണ് ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളിലേക്ക് മാറ്റാനുള്ള ആശയത്തിന് പിന്നില്‍. ഈ ആശയം ഗതാഗതമന്ത്രി അംഗീകരിക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ രണ്ട് ബസുകളാണ് ഇതിനായി വിട്ടുനല്‍കുന്നത്. നേരത്തെ മുന്നൂറിലധികം ബസുകളിറങ്ങിയതില്‍ 75ഓളം ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കാനാകാത്ത ബസുകളാണ് സ്‌കൂളിലേക്കായി പരിഗണിക്കുന്നത്. ഉപയോഗശൂന്യമായ ഇത്തരം ബസുകള്‍ ആക്രിവിലയ്ക്ക് തൂക്കി വില്‍ക്കുകയാണ് ചെയ്തിരുന്നത്.
advertisement
സ്വിഫ്റ്റ് ഒരു മാസം കൊണ്ട് സൂപ്പര്‍ ഹിറ്റ്; വരുമാനം മൂന്നു കോടി രൂപ
തിരുവനന്തപുരം: സംസ്ഥാന, അന്തര്‍- സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഒരുമാസം പിന്നിട്ടപ്പോള്‍ കൂടുതൽ ജനപ്രിയത നേടി മുന്നോട്ടുപോവുകയാണ്. 1078 യാത്രകളില്‍നിന്നായി 3,01,62,808 രൂപയാണ് വരുമാനം. 549 ബസുകളിലായി 55,775 പേരാണ് ഒരു മാസത്തിനുള്ളില്‍ യാത്ര ചെയ്തത്.
എ സി സീറ്റര്‍, നോണ്‍ എ സി സീറ്റര്‍, എ സി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുളള ബസുകളാണ് സ്വിഫ്റ്റ് സംവിധാനത്തില്‍ സര്‍വീസ് നടത്തുന്നത്. നോണ്‍ എ സി വിഭാഗത്തില്‍ പതിനേഴും എസി സീറ്റര്‍ വിഭാഗത്തില്‍ അഞ്ചും വിഭാഗത്തില്‍ നാലും സര്‍വീസാണ് ദിനംപ്രതിയുള്ളത്.
advertisement
എസി സ്ലീപ്പറില്‍ കോഴിക്കോട്-ബെംഗളൂരു രണ്ട് ട്രിപ്പ്, കണിയാപുരം- ബെംഗളൂരു, തിരുവനന്തപുരം- ബെംഗളൂരു ഓരോ ട്രിപ്പുമാണ് ദിവസവുമുള്ളത്. എസി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട്-ബെംഗളൂരു, തിരുവനന്തപുരം- പാലക്കാട് രണ്ട് വീതം സര്‍വീസും പത്തനംതിട്ട- ബെംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്.
നോണ്‍ എസി വിഭാഗത്തില്‍ തിരുവനന്തപുരം- കോഴിക്കോട് മൂന്ന്, തിരുവനന്തപുരം- കണ്ണൂര്‍ ഒന്ന്, നിലമ്പൂര്‍-ബെംഗളൂരു ഒന്ന്, തിരുവനന്തപുരം- പാലക്കാട് ഒന്ന്, തിരുവനന്തപുരം- നിലമ്പൂര്‍ ഒന്ന്, തിരുവനന്തപുരം-സുല്‍ത്താന്‍ബത്തേരി രണ്ട്, പത്തനംതിട്ട- മൈസൂര്‍ ഒന്ന്, പത്തനംതിട്ട-മംഗലാപുരം ഒന്ന്, പാലക്കാട്-ബെംഗളൂരു ഒന്ന്, കണ്ണൂര്‍-ബംഗളൂരു ഒന്ന്, കൊട്ടാരക്കര-കൊല്ലൂര്‍ ഒന്ന്, തലശേരി-ബംഗളൂരു ഒന്ന്, എറണാകുളം- കൊല്ലൂര്‍ ഒന്ന്, തിരുവനന്തപുരം-മണ്ണാര്‍ക്കാട് ഒന്ന് എന്നിങ്ങനെ 17 സര്‍വീസാണ് സ്വിഫ്റ്റിലുള്ളത്.
advertisement
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത സ്വിഫ്റ്റ് സര്‍വിസ് വിവാദങ്ങളുടെ അകമ്പടിയോടെയാണ് ആരംഭിച്ചത്. കെഎസ്ആര്‍ടിസിയെ ഇല്ലാതാക്കാനുള്ളതാണ് സ്വിഫ്റ്റ് എന്ന ആരോപണം ജീവനക്കാരുടെ ഇടയില്‍നിന്നു തന്നെ ഉയര്‍ന്നിരുന്നു. ഇതിനു പുറമെ സര്‍വിസ് ഉദ്ഘാടന ദിവസവും തുടര്‍ന്നും സ്വിഫ്റ്റ് ബസുകള്‍ വിവിധയിടങ്ങളില്‍ അപകടത്തില്‍പ്പെട്ടതും വാര്‍ത്തകളില്‍ ഇടംപിടിച്ചു. അതേസമയം, സീസണ്‍ സമയങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ സ്വിഫ്റ്റ് ബസ് ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് കെഎസ്ആര്‍ടിസി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 17, 2022 1:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC | ലോഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കും; ശമ്പള പ്രതിസന്ധിക്കിടെ പുതിയ പരീക്ഷണവുമായി KSRTC