യൂത്ത് കോൺഗ്രസിന് പിന്നാലെ കെപിസിസി നേത്വത്തിനെതിരെ വിമർശനവുമായി കെ.എസ്.യുവും. കോൺഗ്രസ് നേതാക്കള്‍ വിണ്ണിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങിയാൽ തീരുന്ന പ്രശ്നമേ പാർട്ടിക്കുള്ളൂവെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് പറഞ്ഞു. പാർട്ടിയിൽ നേതാക്കളോടുള്ള വിധേയത്വം കൂടുന്ന അവസ്ഥയുണ്ട്. ഇത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപാകത ഉണ്ടാക്കുന്നു. കോൺഗ്രസിൽ ചെറുപ്പക്കാർ മത്സരിക്കുന്നിടത്ത് ചിലർ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കരുതെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. മാർച്ച് മാസത്തിൽ നടത്താൻ നിശ്ചയിച്ച പരീക്ഷ മെയ് മാസത്തിലേക്ക് മാറ്റണമെന്നാണ് കെ.എസ്.യുവിന്‍റെ ആവശ്യം.ജനുവരി മാസത്തിൽ ക്ലാസുകൾ തുടങ്ങി മാർച്ച് മാസത്തിൽ തന്നെ പരീക്ഷയിലേക്ക് പോകുന്ന ത് ശരിയല്ല. ഓണ്‍ലൈന്‍ ക്ലാസുകളുടെ ഗുണം അറുപത് ശതമാനം കുട്ടികള്‍ക്കെങ്കിലും ലഭിച്ചിട്ടില്ല.
Also Read 'സംസ്ഥാനത്തെ SSLC, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണം': KSU
പത്താം ക്ലാസ്, പ്ലസ് ടു എന്നിവ ഒരു വിദ്യാർഥിയുടെ ജീവിതത്തിലെ വലിയ ഘട്ടമാണ്. ഇക്കാര്യം മനസിലാക്കി പരമാവധി ക്ലാസുകൾ അവർക്ക് ലഭ്യമാക്കണം. പ്ലസ് ടു സയൻസ് ക്ലാസുകളിലെ കുട്ടികൾക്ക് ലാബ് സൗകര്യം വേണ്ടത്ര ലഭ്യമായെന്ന് ഉറപ്പ് വരുത്തണം. പരീക്ഷകൾ മേയ് മാസം അവസാനത്തിലേക്ക് മാറ്റണമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് ആവശ്യപ്പെട്ടു. കോളേജുകൾ തുറന്നെങ്കിലും വിദ്യാർത്ഥികൾക്ക് ബസ് യാത്ര ഇളവ് ചിലയിടത്ത് നിഷേധിക്കപ്പെടുന്നു. ബസുടമകൾ അത് പരിഹരിക്കണം. ഇല്ലെങ്കില്‍ കെഎസ് യു സമരത്തിലേക്ക് നീങ്ങും.
വാളയാർ കേസിൽ ഇരകളായ പെൺകുട്ടികളോട് നീതി കാട്ടാൻ സർക്കാറും സാംസ്കാരിക പ്രവർത്തകരും ഒന്നും ചെയ്യുന്നില്ലെന്നും അഭിജിത്ത് പറഞ്ഞു. കോടതി നിർദ്ദേശിച്ച പുനർ വിചാരണ സ്വാഗതം ചെയ്യുന്നു. എങ്കിലും പുനരന്വേഷണമാണ് വേണ്ടത്. വാളയാർ കേസ് സി.ബി.ഐ അന്വേഷിക്കണം. ഹാത്റാസ് കേസിൽ യോഗി ആദിത്യനാഥ് യു പിയിൽ സ്വീകരിച്ച അതേ നിലപാടാണ് വാളയാർ വിഷയത്തിൽ പിണറായി സ്വീകരിക്കുന്നതെന്നും അഭിജിത്ത് കുറ്റപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksu, Plus two Exam, Sslc and plus two, Sslc exam kerala, എസ്.എസ്.എൽ.സി പരീക്ഷ, കെ.എസ്.യു