• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗവർണർക്കെതിരെ ഇനി തെരുവിൽ; സംസ്ഥാന വ്യാപകമായി ഇടതുപ്രതിഷേധം ഇന്നുമുതൽ

ഗവർണർക്കെതിരെ ഇനി തെരുവിൽ; സംസ്ഥാന വ്യാപകമായി ഇടതുപ്രതിഷേധം ഇന്നുമുതൽ

വൈസ് ചാൻസലർമാരുടെ രാജി വിഷയത്തിൽ ഗവർണറും സർക്കാരും തമ്മിൽ തുറന്ന പോരിലേക്ക് നീങ്ങുന്നതിനിടെ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തിൽ യുഡിഎഫിനുള്ളിൽ ഭിന്നത തുടരുകയാണ്

  • Share this:
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഇടതുമുന്നണിയുടെ പ്രത്യക്ഷ സമരം ഇന്നുമുതൽ. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഗവര്‍ണര്‍ക്കെതിരെ ഇനി തെരുവിൽ പ്രതിഷേധം എന്ന നിലപാടിലാണ് ഇടതുമുന്നണി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോ​​ഗം സംഘടിപ്പിച്ചിട്ടുണ്ട്.

ഗവർണറും മുഖ്യമന്ത്രിയും ഇരുചേരുകളിൽ നിന്ന് ഏറ്റുമുട്ടാൻ തീരുമാനിച്ചതോടെ അസാധാരണ രാഷ്ട്രീയ നീക്കങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ഗവർണർക്കെതിരായ നീക്കങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ച് ഇടതു പോഷക സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തി. രാജ്ഭവന് മുന്നിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ വരാൻ പോകുന്ന സമരങ്ങളുടെ സൂചനയാണെന്നാണ് വിലയിരുത്തൽ. ഗവർണറുടെ നടപടികൾക്കെതിരെ ഭരണ സംവിധാനങ്ങളെ ഉപയോഗിച്ചുകൊണ്ട് ഇടതുമുന്നണി തെരുവിൽ സമരം തുടങ്ങിയാൽ ഗവർണർക്ക് വേണ്ടി ബിജെപി നേതൃത്വം രംഗത്തെത്തും എന്നാണ് സൂചന.

Also Read- ഗവർണർ ഉത്തരവ് ഇറക്കുന്നതുവരെ വിസിമാർക്ക് തുടരാം; നിയമപരമായി മാത്രമേ പുറത്താക്കാൻ സാധിക്കൂവെന്ന് ഹൈക്കോടതി

നവംബര്‍ 15ന് രാജ്ഭവന് മുന്നിൽ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധം ഇടതുമുന്നണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ കര്‍ക്കശ നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുമ്പോൾ ​ഗവര്‍ണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ഗവര്‍ണറുടെ ശ്രമം എന്ന വാദമാണ് സിപിഎം ഉയർത്തുന്നത്. ഗവർണർ ഗവർണറായി പെരുമാറിക്കൊള്ളണമെന്നും അതിനപ്പുറത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞു. അങ്ങനെയുള്ള തോണ്ടലൊന്നും ഇവിടെ ഏശില്ലെന്നും മുഖ്യമന്ത്രി പൊതുവേദിയിൽ വച്ച് തുറന്നടിച്ചിരുന്നു.

അതേസമയം, വൈസ് ചാൻസലർമാരുടെ രാജി വിഷയത്തിൽ ഗവർണറും സർക്കാരും തമ്മിൽ തുറന്ന പോരിലേക്ക് നീങ്ങുന്നതിനിടെ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തിൽ യുഡിഎഫിനുള്ളിൽ ഭിന്നത തുടരുകയാണ്. ലീഗ് നേതൃത്വം ഗവർണറുടെ നിലപാടിനെതിരെ രംഗത്ത് എത്തിയത് എൽഡിഎഫ് ആയുധമാക്കിയിരിക്കുകയാണ്. വിഭിന്ന നിലപാടികളുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തുന്നത് പാർട്ടി പ്രവർത്തകരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.Also Read- 'സുപ്രീം കോടതി വിധി സുവ്യക്തം; ടെക്നിക്കൽ യൂണിവേഴ്സിറ്റി വി സിക്ക് എതിരെയല്ല; തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് എതിരെ': ഗവർണർ

ഗവർണർ സംഘപരിവാർ അജണ്ട നടപ്പിലാക്കുകയാണെന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഗവർണറുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പരസ്യ പ്രതികരണം പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. ബിജെപി സിപിഎം ഏറ്റുമുട്ടലിലേക്ക് സാഹചര്യങ്ങൾ നീങ്ങിയാൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും യുഡിഎഫിനുള്ളിൽ ആശയക്കുഴപ്പം തുടരുകയാണ്.
Published by:Rajesh V
First published: