പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇന്നുമുതൽ 20 രൂപ അധികം ഈടാക്കും; പരീക്ഷണം 2 ജില്ലകളിലെ 20 ഷോപ്പുകളിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പ്ലാസ്റ്റിക് ബോട്ടിൽ തിരിച്ചേൽപ്പിക്കുമ്പോൾ പണം തിരികെ ലഭിക്കും. കുപ്പി തിരിച്ചെടുക്കണമെങ്കിൽ ഇതിൽ പതിച്ചിരിക്കുന്ന ലേബൽ നിർബന്ധമാണ്
തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ബുധനാഴ്ച മുതൽ 20 രൂപ അധികം ഈടാക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്. സി ഡിറ്റ് തയാറാക്കിയ ലേബൽ കുപ്പികളിൽ പതിക്കും. 20 രൂപ വാങ്ങുന്നതിന് പ്രത്യേകം രസീത് നൽകും. പ്ലാസ്റ്റിക് ബോട്ടിൽ തിരിച്ചേൽപ്പിക്കുമ്പോൾ പണം തിരികെലഭിക്കും. കുപ്പി തിരിച്ചെടുക്കണമെങ്കിൽ ലേബൽ നിർബന്ധമാണെന്ന് ബിവറജസ് കോർപറേഷൻ സിഎംഡി ഹർഷിത അട്ടല്ലൂരി അറിയിച്ചു.
ആദ്യഘട്ടത്തിൽ പ്രത്യേകമായിട്ടാകും 20 രൂപ ഈടാക്കുക. ജനുവരിയിൽ സംസ്ഥാന വ്യാപകമാക്കുമ്പോൾ ഒറ്റബില്ലായിമാറും. അതത് ഷോപ്പുകളിൽ വിൽക്കുന്ന കുപ്പികളാകും ആദ്യഘട്ടത്തിൽ തിരിച്ചെടുക്കുക. ഇതിനായി പ്രത്യേക കൗണ്ടർ ഉണ്ടാകും. കുപ്പികൾ ഒരുമിച്ച് കൊണ്ടുവന്നാലും സ്വീകരിച്ച് പണം നൽകും. ഇതിന് പണമടച്ച രസീത് നിർബന്ധമല്ല. കുപ്പികൾ ശേഖരിക്കുന്നതിന് കുടുംബശ്രീ പ്രവർത്തകരെ ഷോപ്പുകളിൽ നിയോഗിച്ചു. ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും.
20 ഷോപ്പുകളിലായി മാസം 27 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകൾ വിൽക്കുന്നുണ്ട്. ഇവ തിരികെ ശേഖരിക്കുന്നതിന്റെ പരിമിതകൾ മനസ്സിലാക്കിയശേഷം അവശ്യമായ മാറ്റംവരുത്തി മറ്റു ഷോപ്പുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഒരുമാസം നാലുകോടി പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചെടുക്കേണ്ടിവരുമെന്നാണ് നിഗമനം.
advertisement
സുരക്ഷാനിക്ഷേപമെന്നനിലയിൽ വാങ്ങുന്ന തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കും. ഉപഭോക്താവിന് തിരിച്ചുകൊടുക്കേണ്ട തുകയായിട്ടാണ് ബിവറേജസ് കോർ പറേഷന്റെ കണക്കിൽ ഉൾക്കൊള്ളിക്കുക. കുപ്പികളിൽ നിലവിൽ പതിച്ചിട്ടുള്ള ക്യൂആർ കോഡ് അടിസ്ഥാനമാക്കി ഒഴിഞ്ഞകുപ്പികൾ തിരിച്ചെടുക്കുന്നതിനുള്ള പദ്ധതിയും ഒരുങ്ങുന്നുണ്ട്. കുപ്പികളിൽ പ്രത്യേക ലേബൽ പതിക്കുന്നത് ഇതോടെ ഒഴിവാക്കാനാകും.
ഒക്ടോബർ ഒന്നുമുതൽ മദ്യവിൽപനകേന്ദ്രങ്ങളിൽ സഞ്ചിയും ലഭിക്കും. 20 രൂപയുടെയും 15 രൂപയുടെയും സഞ്ചികൾ ഷോപ്പുകളിലുണ്ടാകും. ഉപഭോക്താക്കൾക്ക് പണംനൽകി ഇവ വാങ്ങാം. മദ്യം പേപ്പറിൽ പൊതിഞ്ഞുനൽകുന്നത് നിർത്തും. സഞ്ചികളിൽ ബിവറജസിന്റെ ലേബൽ ഉണ്ടാകില്ല. കൂടുതൽ പ്രീമിയം വിൽപനകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സിഎംഡി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 10, 2025 7:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇന്നുമുതൽ 20 രൂപ അധികം ഈടാക്കും; പരീക്ഷണം 2 ജില്ലകളിലെ 20 ഷോപ്പുകളിൽ