തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ (Gold Smugglung Case) മുഖ്യമന്ത്രിയെ (Chief Minister) വലിച്ചിഴക്കാൻ അന്വേഷണ ഏജൻസികൾക്ക് മേൽ (Investigation Agencies)സമ്മർദ്ദം ഉണ്ടായെന്ന് എം ശിവശങ്കർ(m sivasankar). തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജൻസികൾ കരുതിയെന്നും ശിവശങ്കർ ആരോപിക്കുന്നു. കേസിൽ താനാണ് കിംഗ് പിൻ എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ കള്ളം പറഞ്ഞു. നയതന്ത്രബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോൾ സ്വപ്ന സഹായം ചോദിച്ചെങ്കിലും നൽകിയില്ലെന്നും ശിവശങ്കർ പറയുന്നു.
സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിന് ശുപാർശ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ശിവശങ്കർ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിനെയും തള്ളുന്നു. ഡിസി ബുക്സ് ശനിയാഴ്ച പ്രസിദ്ധീകരിക്കുന്ന ശിവശങ്കറിന്റെ ആത്മകഥയിലാണ് ആരോപണങ്ങളും തുറന്ന് പറച്ചിലുകളുമുള്ളത്.
'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരിലുള്ള പുസ്തകത്തിലാണ് കോളിളക്കമുണ്ടാക്കിയ സ്വർണ്ണക്കടത്തുകേസിനെ കുറിച്ച് എം ശിവശങ്കർ ആദ്യമായി വിശദമായി പറയുന്നത്. സ്വർണക്കടത്ത് വിവാദം തുടങ്ങുമ്പോൾ തന്നെ തന്നിലേക്കും അത് വഴി സർക്കാറിലേക്കും കാര്യങ്ങൾ എത്തിക്കാൻ ആസൂത്രിത ശ്രമം ഉണ്ടായെന്നാണ് വിമർശനം. സ്വപ്നയുമായി മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് നയതന്ത്ര ബാഗേജ് തടഞ്ഞുവെച്ചപ്പോൾ സ്വപ്ന ആദ്യം ഫോൺ വഴിയും പിന്നീട് നേരിട്ടെത്തിയും വിട്ടുകിട്ടാൻ സഹായം തേടി. കസ്റ്റംസ് നടപടികളിൽ ഇടപെടാനാകില്ലെന്നാണ് മറുപടി നൽകിയത്. ബാഗേജിൽ സുഹൃത്തായ സരിത്തിന് വേണ്ട് ഡ്യൂട്ടി അടക്കാതെ ആരോ അയച്ച സാധനങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് സ്വപ്നം പറഞ്ഞത്. സ്വപ്നക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് അറിഞ്ഞപ്പോൾ അസ്തപ്രജ്ഞനായെന്ന് ശിവശങ്കർ പുസ്തകത്തിൽ കുറിക്കുന്നു.
Also Read- M Sivasankar Autobiography| 'അശ്വത്ഥാമാവ് വെറും ഒരു ആന'; ആത്മകഥയുമായി എം ശിവശങ്കർ
ബാഗേജ് പിടിച്ചപ്പോൾതന്നെ കെ സുരേന്ദ്രനും പിന്നെ ചെന്നിത്തലയും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിട്ടുകിട്ടാൻ ശ്രമിച്ചെന്ന ആക്ഷേപം ഉയർത്തി. സ്വർണ്ണം അയച്ചവരെ രക്ഷിച്ച് തന്നെ കുടുക്കാൻ ഗൂഢാലോചന ഉണ്ടായി. ദേശീയ അന്വേഷണ ഏജൻസികളുടെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലിനെ പ്രശംസിച്ച ശിവശങ്കർ പിന്നീട് ഏജൻസികൾ ലൈൻ മാറ്റിയെന്ന് വിമർശിക്കുന്നു. 90 ദിവസം തന്നെ ചോദ്യം ചെയ്തപ്പോൾ കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ ഏജൻസികൾക്ക് മേൽ സമ്മർദ്ദം ഉണ്ടായെന്ന് മനസ്സിലായി. തന്റെ അറസ്റ്റിലൂടെ അതിലേക്കെത്തിക്കാനായിരുന്നു ശ്രമമെന്നാണ് ആക്ഷേപം. പക്ഷെ തന്റെ മൊഴികളിൽ പൊരുത്തക്കേടില്ലായിരുന്നു.
തെരഞ്ഞെടുത്ത മൊഴികൾ ഏജൻസികൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നെും ശിവശങ്കർ കുറ്റപ്പെടുത്തുന്നു. സ്വപ്നയെ നിയമിക്കണമെന്ന് ശുപാർശ ചെയ്തിട്ടില്ല. പക്ഷെ സ്വപ്ന ബയോഡാറ്റയിൽ തന്റെ പേര് റഫറൻസായി വെച്ചിരുന്നു. മാധ്യമങ്ങൾ തന്റെ രക്തത്തിനായി ദാഹിച്ചുവെന്നും കുറ്റപ്പെടുത്തുന്നു. ശിവശങ്കർ ജയിലിൽ നിന്നിറങ്ങി ഒരു വർഷം പിന്നിടുമ്പോഴാണ് പുസ്തകം വരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold Smuggling Case, M sivasankar