M Sivasankar Autobiography| 'അശ്വത്ഥാമാവ് വെറും ഒരു ആന'; ആത്മകഥയുമായി എം ശിവശങ്കർ
- Published by:Rajesh V
- news18-malayalam
Last Updated:
ഡി സി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ശനിയാഴ്ച പുസ്തകം പുറത്തിറങ്ങും.
തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ (Gold Smuggling Case) പ്രതിയായ മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ (M Sivasankar) ആത്മകഥ വരുന്നു. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരിലാണ് പുസ്തകം. ഡി സി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ശനിയാഴ്ച പുസ്തകം പുറത്തിറങ്ങും.
ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവകഥയെന്ന് പുസ്തകത്തിന്റെ കവറില്‍ പറയുന്നു. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ ദീര്‍ഘകാലം ജയിലിലായിരുന്നു. തന്റെ ജയിലിലെ അനുഭവം, അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനം തുടങ്ങിയവ പുസ്തകത്തില്‍ വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാര രൂപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ അനുഭവകഥ. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണക്കടത്തുകേസില്‍ ഉള്‍പ്പെടുത്തി, പിന്നെയും കുറേ കേസുകളില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍ വഴികളില്‍ സംഭവിച്ചതെന്തെല്ലാമെന്ന് വെളിപ്പെടുത്തുന്നു.
advertisement
Also Read- Actress Attack Case| നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണം; നിർണായക നീക്കവുമായി ദിലീപ്
സത്യാനന്തരകാലത്ത് നീതി തേടുന്ന ഓരോ മനുഷ്യനും എങ്ങനെയൊക്കെയാകും അനുഭവിക്കേണ്ടി വരികയെന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും പുസ്തകത്തില്‍ പ്രസാധകര്‍ പറയുന്നു.
നേരത്തെ ജയിൽ അനുഭവമടക്കം വിവരിച്ച് പിറന്നാൾദിനത്തിൽ എം ശിവശങ്കർ കുറിപ്പിട്ടിരുന്നു. 59 വയസ് തികഞ്ഞ ജനുവരി 25നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ അനുഭവങ്ങൾ വിവരിച്ചത്.
advertisement
ഇത്തവണയും പിറന്നാളിന് ആഘോഷങ്ങൾ ഒന്നുമില്ല. കഴിഞ്ഞ വർഷം പിറന്നാൾ ജയിൽ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാൾ ഓർക്കാൻ ഉണ്ടായിരുന്നില്ല. ഈ പിറന്നാൾ ദിനത്തിൽ സന്ദേശങ്ങൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാൻ കഴിഞ്ഞു. അത് ചിലർ കവർന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാർത്ഥ സ്നേഹിതരെ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു. മുമ്പ് പിറന്നാൾ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകൾ മാത്രമാണ് ഇത്തവണ പിറന്നാൾ ആശംസിച്ചത് എന്നും ശിവശങ്കർ ഫേസ്‌ബുക്ക് കുറിപ്പിൽ അന്ന് കുറിച്ചു.
advertisement
സ്വർണ്ണക്കടത്ത് കേസിൽ സസ്പെൻഷനിലായ എം ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം അടുത്തിടെയാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തത്. പിന്നീട് കസ്റ്റംസും എൻഫോഴ്സമെന്‍റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി.
advertisement
സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതി ചേർത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലിൽ കഴിയുകയും ചെയ്തു. 2023 ജനുവരിവരെയാണ് ശിവശങ്കറിന്‍റെ സർവീസ് കാലാവധി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 03, 2022 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
M Sivasankar Autobiography| 'അശ്വത്ഥാമാവ് വെറും ഒരു ആന'; ആത്മകഥയുമായി എം ശിവശങ്കർ


