വയനാട് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിൻ്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കോടതിയിൽ നൽകിയ തോക്കുകൾ മടക്കി നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷയ്ക്കെതിരെ ജലീലിന്‍റെ കുടുംബം നൽകിയ ഹർജിയെ തുടർന്നാണ് ഫോറൻസിക് റിപ്പോർട്ട് ലഭിച്ചത്.
കൽപ്പറ്റ: വയനാട് വൈത്തിരി റിസോർട്ടിൽ മാവോയിസ്റ്റ് നേതാവ് സി.പി ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ വെട്ടിലാക്കി തോക്കുകളുടെ ഫോറൻസിക് ഫലം പുറത്ത്. കൊല്ലപ്പെട്ട സി.പി ജലീലിൻ്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നും വെടിയുതിർത്തിട്ടില്ലെന്നും വലതു കയ്യിൽ നിന്നും ശേഖരിച്ച സ്വാബിൽ വെടിമരുന്നിൻ്റെ അംശമില്ലെന്നുമാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന ആരോപണം ആവർത്തിച്ച് ബന്ധുക്കളും രംഗത്തെത്തി.
2019 മാർച്ച് ഏഴിന് വയനാട് വൈത്തിരിയിലെ ഉപവൻ റിസോർട്ടിലാണ് ജലീലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാവോയിസ്റ്റുകൾ പൊലീസ് സംഘത്തിന് നേരെ നിരവധി തവണ വെടിയുതിർത്തെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇതേത്തുടർന്ന് നടത്തിയ വെടിവയ്പിലാണ് ജലീൽ കൊല്ലപ്പെട്ടത്. എന്നാൽ ജലീലിൻ്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിയുതിർത്തെന്ന് തെളിയിക്കുന്ന ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ശാസ്ത്രീയ പരിശോധന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജലീലിന്റേത് ഏറ്റുമുട്ടൽ കൊലപാതകമാണെന്ന കുടുംബത്തിൻ്റേയും മനുഷ്യാവകാശ പ്രവർത്തകരുടേയും ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്.
advertisement
മുൻധാരണയോടെ ആരെയോ സംരക്ഷിക്കാൻ ആസൂത്രിതമായി നീക്കം നടക്കുകയാണെന്ന് മനുഷ്യാവകാശ സംസ്കാരിക വേദി സംസ്ഥാന സെക്രട്ടിയും ജലീലിന്റെ സഹോദരൻ സി.പി. റഷീദ് ആരോപിച്ചു. പൊലീസുകരുടെ തോക്കിൽ നിന്നുള്ള വെടിയുണ്ടാകളല്ലാതെ മറ്റൊന്നും കണ്ടെത്തിയതായി ബാലിസ്റ്റിക് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല. അതേസമയം ആരുടെ തോക്കിൽ നിന്നുള്ള വെടിയുണ്ട കൊണ്ടാണ് ജലീൽ കൊല്ലപെട്ടതെന്നും കണ്ടെത്തിയിട്ടില്ല. ഉത്തരവാദികളായ പൊലീസുകാരെ രക്ഷപെടുത്താനുള്ള ശ്രമമാണിതെന്നും റഷീദ് ആരോപിച്ചു. .
Also Read മാവോയിസ്റ്റ് സി.പി. ജലീൽ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാതെ പൊലീസ്
advertisement
ജലീൽ വെടിവച്ചതിനെ തുടർന്ന് തിരിച്ച് വെടിവച്ചെന്ന പൊലീസ് വാദം പൊളിക്കുന്നതാണ് റിപ്പോർട്ട്. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ജലീലിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കോടതിയിൽ നൽകിയ തോക്കുകൾ മടക്കി നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷയ്ക്കെതിരെ ജലീലിന്‍റെ കുടുംബം നൽകിയ ഹർജിയെ തുടർന്നാണ് ഫോറൻസിക് റിപ്പോർട്ട് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2020 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിൻ്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്