സ്കൂളിൽ ചടങ്ങിനിടെ കാറ്റടിച്ച് ഓഡിറ്റോറിയത്തിലെ ഷീറ്റുകളിളകി; പെട്ടെന്ന് മാറ്റിയില്ലെങ്കിൽ സസ്പെൻഷനെന്ന് മന്ത്രി ശിവൻകുട്ടിയുടെ താക്കീത്
- Published by:Rajesh V
- news18-malayalam
Last Updated:
തൊട്ടടുത്ത സ്‌കൂളില്‍ എച്ച് എം സസ്‌പെന്‍ഷനിലാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മാനേജ്‌മെന്റിനെ പിരിച്ചുവിട്ട ചരിത്രം ഓര്‍മിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു
എറണാകുളം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടകനായി പങ്കെടുത്ത തിരുമാറാടി ഗവ. സ്‌കൂളിലെ കെട്ടിട ശിലാസ്ഥാപന ചടങ്ങിനിടയില്‍ വീശിയ ശക്തമായ കാറ്റില്‍ പരിപാടി നടന്ന സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ ഷീറ്റുകള്‍ പറന്നിളകി. ഇതോടെ രോഷാകുലനായ മന്ത്, ഇളകി ദ്വാരം വീണ ഷീറ്റുകള്‍ എത്രയും പെട്ടെന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാറ്റടിച്ചതിനെത്തുടര്‍ന്ന് ഓഡിറ്റോറിയത്തിലെ ഷീറ്റുകള്‍ ഇളകിയതോടെ മന്ത്രിയടക്കം എല്ലാവരും ഭയന്നുപോയി. അഡ്വ. അനൂപ് ജേക്കബ് എംഎല്‍എയുടെ അധ്യക്ഷ പ്രസംഗത്തിനിടെയാണ് ശക്തമായ കാറ്റ് വീശിയത്. ഷീറ്റ് മേഞ്ഞ ഓഡിറ്റോറിയവും വേദിയും കാറ്റില്‍ ഉലഞ്ഞു. ഓഡിറ്റോറിയത്തിലെ ഷീറ്റുകള്‍ ശക്തമായി ഇളകി വലിയ ശബ്ദമുണ്ടാക്കാനും തുടങ്ങി. വേദിയിലുണ്ടായിരുന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോളിനോട് മന്ത്രി ഉടനെ വിശദാംശങ്ങള്‍ തേടി.
കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ സമീപത്തെ കെട്ടിടത്തിലെ ഷീറ്റ് പറന്ന് മാറിയിരുന്നു. ഇത് ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകളിലേക്ക് പതിച്ചാണ് ദ്വാരമുണ്ടായതെന്നും ജനപ്രതിനിധികള്‍ മന്ത്രിയെ ബോധ്യപ്പെടുത്തി. വേഗത്തില്‍ ശിലാഫലകത്തിലെ തിരശ്ശീല മാറ്റിയും ദീപം തെളിച്ചും ഉദ്ഘാടന കര്‍മം നിര്‍വഹിച്ച മന്ത്രി എഴുതി തയാറാക്കിയ പ്രസംഗം വായിച്ചശേഷമാണ് ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്താനുണ്ട് എന്ന ആമുഖത്തോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പിടിഎയ്ക്കും നേരേ ശകാരമാരംഭിച്ചത്.
advertisement
തൊട്ടടുത്ത സ്‌കൂളില്‍ എച്ച് എം സസ്‌പെന്‍ഷനിലാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മാനേജ്‌മെന്റിനെ പിരിച്ചുവിട്ട ചരിത്രം ഓര്‍മിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. തേവലക്കര സ്‌കൂളിലെ നടപടി സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.
'ഒരു കുട്ടി മരിച്ചതിന് ശേഷം അവന്റെ വീട്ടില്‍ ചെന്ന് കരഞ്ഞതുകൊണ്ടോ പണം കൊണ്ടുകൊടുത്തതുകൊണ്ടോ കാര്യമില്ല. കുട്ടിയുടെ ജീവന്‍ എന്നത് നമ്മുടെ മകന്റെയോ മകളുടെയോ ജീവനാണ്. അവര്‍ കേരളത്തിന്റെ മക്കളാണ്. അധ്യാപകര്‍ക്കും പിടിഎയ്ക്കും ഉത്തരവാദിത്തം ഉണ്ട്. ഇത്തരം ഉത്തരവാദിത്തമില്ലാത്ത പിടിഎ വേണ്ട. പിരിച്ചുവിടണം. പിടിഎ മത്സരം നടക്കുമ്പോള്‍ എന്തൊരു ജാഗ്രതയാണ്' - മന്ത്രി ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
July 29, 2025 12:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്കൂളിൽ ചടങ്ങിനിടെ കാറ്റടിച്ച് ഓഡിറ്റോറിയത്തിലെ ഷീറ്റുകളിളകി; പെട്ടെന്ന് മാറ്റിയില്ലെങ്കിൽ സസ്പെൻഷനെന്ന് മന്ത്രി ശിവൻകുട്ടിയുടെ താക്കീത്