രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങൾ പഠിച്ചത് ഉമ്മൻചാണ്ടിയിൽനിന്നെന്ന് മന്ത്രി വി എൻ വാസവൻ
- Published by:Anuraj GR
- news18-malayalam
Last Updated:
'ഉമ്മൻചാണ്ടിയെ പരിചയപ്പെടുന്നത് 1979 ലാണ്. തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ഉമ്മൻചാണ്ടിക്ക് വേണ്ടി പ്രചാരണത്തിന് നേതൃത്വം നൽകി'
കോട്ടയം: ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ പ്രത്യേകതകൾ കഴിഞ്ഞ കുറേ ദിവസമായി കേരളം ചർച്ച ചെയ്യുന്നതാണ്. എതിർ പാർട്ടിയിൽ ഉള്ള രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയൻ വരെയും ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പങ്കുവെച്ചു. ഇതിനിടെയാണ് കോട്ടയത്ത് നിന്നുള്ള സിപിഎം മന്ത്രി വി എൻ വാസവൻ ഉമ്മൻചാണ്ടിയെ ഓർത്തെടുക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത് ഉമ്മൻചാണ്ടിയിൽ നിന്നാണെന്ന് കോട്ടയം പ്രസ് ക്ലബ് നടത്തിയ അനുസ്മരണ പരിപാടിയിൽ വി എൻ വാസവൻ പറഞ്ഞു.
ഉമ്മൻചാണ്ടിയെ പരിചയപ്പെടുന്നത് 1979 ലാണ്. തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ഉമ്മൻചാണ്ടിക്ക് വേണ്ടി പ്രചാരണത്തിന് നേതൃത്വം നൽകി. അന്ന് വീടുകളിൽ വോട്ട് തേടിയുള്ള ഉമ്മൻചാണ്ടിയുടെ യാത്ര ഇപ്പോഴും ഓർക്കുകയാണ്. രാത്രി വൈകി വീടുകളിൽ വോട്ട് തേടാൻ എത്തുമ്പോൾ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലേയെന്ന് സംശയം തനിക്കുണ്ടായിരുന്നു എന്ന് വിഎൻ വാസവൻ പറയുന്നു. എന്നാൽ നമ്മൾ രാത്രി വൈകിച്ചെന്നാണെങ്കിലും വോട്ട് ചോദിച്ചാൽ അവിടെയെത്തി സംസാരിക്കുന്നതോടെ ആളുകൾക്ക് ഇഷ്ടം വരും എന്ന് ആയിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി. യഥാർത്ഥത്തിൽ ഇതേ അനുഭവം തനിക്ക് പിന്നീട് ഉണ്ടായിട്ടുണ്ടെന്നും വി എൻ വാസവൻ പറയുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലെ ബാലപാഠങ്ങൾ പഠിച്ചത് ഉമ്മൻചാണ്ടിയിൽ നിന്നാണ് എന്ന് പറയാൻ ആകും.
advertisement
കോട്ടയം ജില്ലയിൽ നിന്നുള്ള എംഎൽഎമാർ എല്ലാം ഉമ്മൻചാണ്ടി അനുസ്മരണ പരിപാടികളിൽ പങ്കെടുത്തു. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും അനുസ്മരണ പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് തന്റെ ചില രാഷ്ട്രീയ ഓർമ്മകൾ പങ്കുവെച്ചത്. ഉമ്മൻചാണ്ടിയും വി എൻ വാസവനും തമ്മിൽ തെരഞ്ഞെടുപ്പിൽ നേരിട്ട് ഏറ്റുമുട്ടിയ കാലത്തെക്കുറിച്ചാണ് ചാണ്ടി ഉമ്മൻ ഓർത്തെടുത്തത്. അന്ന് തന്റെ വീട്ടിൽനിന്ന് ഒരു ബന്ധു വി എൻ വാസവന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതായി ചാണ്ടി ഉമ്മൻ ചിരിയോടെ ഓർമ്മ പങ്കുവെച്ചു. ഉമ്മൻചാണ്ടിയുമായി ആ ബന്ധു ഏതോ വിഷയത്തിൽ ചെറിയതോതിൽ പെട്ടെന്ന് അഭിപ്രായവ്യത്യാസം ഉണ്ടായി. ഇതിനെ തുടർന്നാണ് വളരെ പെട്ടെന്ന് അദ്ദേഹം അവിടെ നിന്ന് എതിരാളിയായ വി എൻ വാസവൻ സിന്ദാബാദ് എന്ന് വിളിച്ചതെന്ന് ചാണ്ടി ഉമ്മൻ ഓർക്കുന്നു. അന്ന് താൻ വളരെ ചെറുപ്പം ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇടതുപക്ഷത്തായിരുന്ന സമയത്ത് പോലും ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി സഹായങ്ങൾ തേടിയിരുന്നതായി മാണിസി കാപ്പൻ എംഎൽഎ പറഞ്ഞു. അന്ന് തന്റെ ആവശ്യങ്ങളിൽ രണ്ടാഴ്ച കൊണ്ട് ഉമ്മൻചാണ്ടി നടപടി സ്വീകരിച്ചു. പിന്നീട് യുഡിഎഫിൽ എത്തിയ സമയത്തും അദ്ദേഹം നന്നായി പെരുമാറിയിരുന്നതായി മാണി സി കാപ്പൻ പറഞ്ഞു. എതിർ ചേരിയിൽ ഇരിക്കുമ്പോൾ പോലും പാലായിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എത്തിയപ്പോൾ വ്യക്തിപരമായ ആധിക്ഷേപങ്ങൾ ഉമ്മൻചാണ്ടി നടത്തിയിരുന്നില്ല എന്നും കാപ്പൻ ഓർത്തെടുത്തു. ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ പ്രത്യേകതകൾ കഴിഞ്ഞ കുറേ ദിവസമായി കേരളം ചർച്ച ചെയ്യുന്നതാണ്. എതിർ പാർട്ടിയിൽ ഉള്ള രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയൻ വരെയും ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പങ്കുവെച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
July 27, 2023 4:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങൾ പഠിച്ചത് ഉമ്മൻചാണ്ടിയിൽനിന്നെന്ന് മന്ത്രി വി എൻ വാസവൻ