Assembly Election 2021 | തോമസ് ഐസക്കിനെയും ജി.സുധാകരനെയും മാറ്റി നിർത്തിയത് പാർട്ടിക്ക് ഗുണം ചെയ്യും: എം.എം.ലോറൻസ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"മുൻ പാർട്ടി സെക്രട്ടറിയുടെ ഭാര്യയ്ക്കും മകനും എതിരെ വന്ന ആരോപണങ്ങൾ സത്യമാണെങ്കിൽ ആ രൂപത്തിൽ അംഗീകരിക്കാൻ പാടില്ല."
കൊച്ചി: തോമസ് ഐസക്ക്, ജി.സുധാകരൻ, എസ്.ശർമ്മ , പി.ശ്രീരാമകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കളെ തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് എം.എം.ലോറൻസ് ന്യൂസ് 18 നോട് വ്യക്തമാക്കി. സ്ഥിരമായി ഒരു മണ്ഡലത്തിൽ മത്സരിച്ച് വരുമ്പോൾ പ്രത്യേക രീതിയിലുള്ള ചിന്തയ്ക്ക് ഇടവരുത്തും. ഒരു കമ്യൂണിസ്റ്റുകാരൻ അങ്ങനെ ആകാൻ പാടില്ല. പാർട്ടിയെയാണ് ജയിപ്പിക്കേണ്ടത്. ശർമ്മ ഇല്ലാതായിക്കഴിഞ്ഞാൽ വൈപ്പിനിൽ പാർട്ടി ഇല്ലാതാകുമെന്ന് ചിന്തിക്കാൻ കഴിയില്ലല്ലോ. അതു കൊണ്ട് അഞ്ച്, ആറ് തവണ മത്സരിച്ചവർ മാറി നിൽക്കണമെന്നും മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസ് പറഞ്ഞു.
"പ്രാദേശികമായി ഇത് എതിർപ്പുണ്ടാക്കിയേക്കാം. അവരുടെ അഭിപ്രായങ്ങൾ മാനിക്കേണ്ടതാണ്. എന്നാൽ നിലപാടുകൾ എടുത്ത് മുന്നോട്ട് പോകുന്നതാണ് പാർട്ടിയുടെ വളർച്ചയ്ക്ക് നല്ലത്. അങ്ങനെ മാത്രമേ പാർട്ടി വളരുകയുള്ളൂ. പാർട്ടി നേതാക്കളുടെ ഭാര്യമാരെ മത്സരിപ്പിക്കുന്നതിൽ സാഹചര്യം നോക്കിയേ പ്രതികരിക്കാനാകൂ"- എം.എം.ലോറൻസ് പറഞ്ഞു.
"കഴിവാണ് പ്രധാനം. പാർട്ടി നേതാവായിരുന്ന പി.കെ.കുഞ്ഞച്ചൻ്റെ മകളാണ് ഡോ. പി.കെ.ജമീല. അവർ കഴിവുള്ള സ്ത്രീയാണ്. കുടുംബാധിപത്യം ഒരു പ്രവണതയായി മാറിയാൽ ഞാൻ അംഗീകരിക്കില്ല. പക്ഷേ ഇവിടെ അങ്ങനെ മാറിയിട്ടില്ലെന്നും എം.എം.ലോറൻസ് പറയുന്നു.
advertisement
മുൻ പാർട്ടി സെക്രട്ടറിയുടെ ഭാര്യയ്ക്കും മകനും എതിരെ വന്ന ആരോപണങ്ങൾ സത്യമാണെങ്കിൽ ആ രൂപത്തിൽ അംഗീകരിക്കാൻ പാടില്ല. പക്ഷേ അക്കാര്യം സത്യമാണോ എന്ന് ബോധ്യപ്പെടേണ്ടതുണ്ട്. സ്വപ്ന പറയുന്നത് പൂർണ്ണമായും വിശ്വസിക്കാൻ കഴിയില്ല. നിലപാടുകൾ മാറ്റിപ്പറയുന്ന സ്വഭാവം സ്വപ്നയ്ക്കുണ്ട്. സരിതയുടെ വാക്കുകൾ വിശ്വസിച്ച പാർട്ടി എന്തു കൊണ്ട് സ്വപ്ന യുടെ വാക്കുകൾ അവിശ്വസിക്കുന്നു എന്ന ചോദ്യത്തിന്, സരിതയെ ഇത്ര പോലും വിശ്വസിക്കാൻ കഴിയില്ലെന്ന് എം.എം.ലോറൻസ് പറഞ്ഞു. അവർ ഉമ്മൻ ചാണ്ടിക്ക് എതിരെ പറഞ്ഞ ആരോപണങ്ങൾ വിശ്വസിക്കുകയും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
എറണാകുളം മുളവുകാടുള്ള ബന്ധുവീട്ടിൽ വിശ്രമിക്കുകയാണ് 91 കാരനായ എം.എം.ലോറൻസ്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ നീണ്ട ജയിൽ വാസം അനുഭവിക്കുകയും പോലീസ് മർദ്ദനം ഏൽക്കുകയും ചെയ്ത എം.എം.ലോറൻസിന് ശാരീരികമായ ഒട്ടേറെ അവശതകളുണ്ട്.
പതിനെട്ടാംവയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായിയാണ് രാഷ്ട്രീയ പ്രവേശനം. എറണാകുളത്ത് തൊഴിലാളിവർഗ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടിത്തൊഴിലാളികളെയുമെല്ലാം അദ്ദേഹം സംഘടിപ്പിച്ചു. സായുധ വിപ്ലവത്തിനുള്ള ആഹ്വാനത്തിൽ ആവേശഭരിതരായി കമ്യൂണിസ്റ്റുകാർ കൊച്ചിരാജ്യത്ത് നടത്തിയ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായിരുന്നു. 1950-ൽ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മർദനത്തിന് ഇരയായി. 22 മാസം ജയിലിൽ. പിന്നീട് പല ഘട്ടങ്ങളിലായി കരുതൽത്തടങ്കലിലും മിസ തടവുകാരനായും ആറുവർഷത്തോളം ലോറൻസ് ജയിൽവാസം അനുഭവിച്ചു.
advertisement

പാർട്ടി ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമായി. പാർട്ടിക്കുള്ളിൽ ശക്തനായി നിലനിൽക്കുമ്പോൾത്തന്നെ ഒരു വ്യാഴവട്ടം ഇടതുമുന്നണി കൺവീനറായി. പിന്നെ പാർട്ടിയെ ഗ്രസിച്ച വിഭാഗീയതയുടെ ചുഴിയിൽ വീണ് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ സേവ് സി.പി.എം ഫോറവുമായി ബന്ധപ്പെട്ട വിഭാഗീയ നീക്കങ്ങളിൽ പാർട്ടി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അച്ചടക്കമുള്ള പ്രവർത്തകനായി നിന്ന് പിന്നെയും അദ്ദേഹം പടികൾ കയറി. സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറിയായി. വീണ്ടും സി.പി.എം.സംസ്ഥാനകമ്മിറ്റി അംഗമായി.
advertisement
തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും ലോറൻസിന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. 1969-ൽ പ്രഥമ കൊച്ചി മേയർ തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ സ്ഥാനം കൈവിട്ടുപോയി. 1970-ലും 2006-ലും എറണാകുളം മണ്ഡലത്തിലും 1977-ൽ പള്ളുരുത്തിയിലും 1991-ൽ തൃപ്പൂണിത്തുറയിലും മത്സരിച്ച് പരാജയപ്പെട്ടു. 1980-ൽ ഇടുക്കി പാർലമെൻറ് സീറ്റിൽനിന്ന് വിജയിച്ചു. 1984-ൽ മുകുന്ദപുരത്ത് പരാജയപ്പെട്ടു. പാർട്ടി ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമായി.
MM Lawrence,CPM, Kerala Assembly Election 2021, G Sudhakaram, Thomas isaac, S Sharma
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 08, 2021 8:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | തോമസ് ഐസക്കിനെയും ജി.സുധാകരനെയും മാറ്റി നിർത്തിയത് പാർട്ടിക്ക് ഗുണം ചെയ്യും: എം.എം.ലോറൻസ്