കൊച്ചി: കാരാട്ട് ഫൈസലിനെതിരെ നിർണായക തെളിവുകളുമായി കസ്റ്റംസ്. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സന്ദീപ് നായരെ കാണാനായി കാരാട്ട് ഫൈസൽ പലതവണ എത്തിയതായി സന്ദീപിന്റെ ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നൽകി. ഇരുവരും സ്വർണക്കടത്തിനെ കുറിച്ചും ചർച്ച നടത്തിയിരുന്നു.
നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണം വിൽക്കാൻ സന്ദീപ് നായരെ കാരാട്ട് ഫൈസൽ സഹായിച്ചതായും സൗമ്യ മൊഴി നൽകിയിട്ടുണ്ട്. വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതി കെ.ടി റമീസും കാരാട്ട് ഫൈസലിനെതിരെ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം കൊടുവള്ളിയിലെ കാരാട്ട് ഫൈസലിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്.
വീട്ടിലും സമീപത്തെ കെട്ടിടത്തിലുമായി നടത്തിയ പരിശോധനയിൽ ചില രേഖകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ച കാരാട്ട് ഫൈസലിന്റെ ചോദ്യംചെയ്യൽ ഏഴ് മണിക്കൂർ പിന്നിട്ടു. സ്വർണക്കടത്തിൽ കാരാട്ട് ഫൈസൽ നിക്ഷേപം നടത്തിയിട്ടുണ്ടോ. കടത്തിയ സ്വർണം കേരളത്തിലോ പുറത്തോ വില്പന നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൽ ആണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്.
Also Read: Karat Faisal| 'മിനി കൂപ്പർ മുതൽ സ്വർണക്കടത്ത് വരെ'; കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ ആരാണ്?
സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപനയും സരിതും ഉൾപെടെ ഉള്ള പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് 200 കിലോയോളം സ്വർണം വിമാനത്താവളം വഴി പല ഘട്ടങ്ങളിലായി കടത്തി എന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളിയിലും മലപ്പുറത്തും ഉള്ള ചില ഇടനിലക്കാരെയും നിക്ഷേപകരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold Smuggling Case, Sandeep nair, Swapna Suresh Gold Smuggling