Breaking| Kerala Bypolls| ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്തില്ല; തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേത്
- Published by:Rajesh V
- news18-malayalam
Last Updated:
അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പുകൾ നടത്താനാണ് നേരത്തെ കമ്മീഷൻ ആലോചിച്ചിരുന്നത്.
ന്യൂഡൽഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്തേണ്ടതില്ലെന്ന് തീരുമാനം. സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. രാവിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പുകൾ നടത്താനാണ് നേരത്തെ കമ്മീഷൻ ആലോചിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള ബുദ്ധിമുട്ടുകൾ ചീഫ് സെക്രട്ടറിമാരും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാരും കമ്മീഷനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്താമെന്നായിരുന്നു തീരുമാനം. എന്നാൽ സംസ്ഥാനത്ത് നിലവിൽ നിലനിൽക്കുന്ന ഗുരുതരമായ കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പുകൾ തൽക്കാലം വേണ്ടെന്ന തീരുമാനമെടുത്തത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടും ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തേടിയിരുന്നു.
advertisement
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏതാനും മാസത്തേക്കുവേണ്ടി ഈ അസംബ്ലി മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇക്കാര്യം സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. സർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലും ഇക്കാര്യത്തിൽ ധാരണയായിരുന്നു. അടുത്ത വർഷം ഏപ്രിൽ -മെയ് മാസങ്ങളിൽ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനാൽ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുന്നയാൾക്ക് കേവലം മൂന്നുമാസം മാത്രമേ പ്രവർത്തിക്കാൻ ലഭിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കാനാണ് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നത്. എന്നാൽ കേരളം ഉൾപ്പടെ നാലു സംസ്ഥാനങ്ങൾ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് ആവശ്യപ്പെടുകയാണെങ്കിൽ റദ്ദാക്കുന്ന കാര്യം പരിഗണിക്കും എന്നാണ് നേരത്തെ കമ്മീഷൻ വ്യക്തമാക്കിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2020 1:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Breaking| Kerala Bypolls| ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്തില്ല; തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേത്