'ലൈഫ് പദ്ധതിയിലെ വീട് ഉദ്യോഗസ്ഥർ ഇല്ലാതാക്കി'; പാമ്പുകടിയേറ്റു മരിച്ച ആദിത്യയുടെ അച്ഛൻ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇനി ഈ വീട്ടില്‍ മൂന്നു പേരുണ്ട്. പാമ്പു കയറുന്ന മാളങ്ങളുമുണ്ട്. ഇവർക്കൊരു വീടു നൽകാൻ ഇനിയും വൈകരുതെന്ന് നാട്ടുകാർ
കൊല്ലം: പത്തനാപുരത്തെ വീടിനുള്ളില്‍ പാമ്പുകടിയേറ്റു മരിച്ച ഏഴു വയസുകാരി ആദിത്യയുടെ കുടുംബത്തിന് അർഹതപ്പെട്ട വീട് ഉദ്യോഗസ്ഥർ ഇല്ലാതാക്കിയെന്ന് പരാതി. നല്ല ഒരു വീടുണ്ടായിരുന്നെങ്കില്‍ ആദിത്യ മരിക്കില്ലായിരുന്നു. "എൻ്റെ
മക്കള്‍ രണ്ടു വശത്തുമായി കിടന്നുറങ്ങുമായിരുന്നു. ഭക്ഷണം കഴിക്കുന്നതും അങ്ങനെ തന്നെ. പണിസ്ഥലമായ ഗുരുവായൂരിൽ നിന്ന് ഞാൻ വരുന്ന ദിവസം മക്കൾ എന്നെയും കാത്തിരിക്കും. ഇനി അവളുണ്ടാകില്ല. എല്ലാവരും കൂടി കൊന്നതാണ് എൻ്റെ മകളെ "... വേദനയോടെ ആദിത്യയുടെ അച്ഛൻ രാജീവ് പറയുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് വീട് നല്‍കുമെന്ന അറിയിപ്പ് ആദ്യം ഈ കുടുംബത്തിന് കിട്ടി. പിന്നെ തുടര്‍ നടപടിയുണ്ടായില്ലെന്ന് രാജീവ് പറയുന്നു. ലൈഫ് പദ്ധതിയില്‍ പിന്നീട് വീടു ലഭിക്കുന്ന സാഹചര്യം വന്നു. അതില്ലാതാക്കിയത് ചില ഉദ്യോഗസ്ഥരാണെന്നാണ് പരാതി. പട്ടയം പോലുമില്ലാത്ത പട്ടികവിഭാഗത്തില്‍പെട്ട കുടുംബത്തിന് പരിധിയില്‍ കൂടുതല്‍ ഭൂമിയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി. 40 സെൻ്റിലധികം ഭൂമിയുണ്ടെന്ന തെറ്റായ വിവരമാണ് ചില ഉദ്യോഗസ്ഥർ മുകളിലേക്ക് നൽകിയത്.
advertisement
എസ് സി പ്രമോട്ടർക്കെതിരെയും കുടുംബം ഗുരുതരമായ ആരോപണം ഉന്നയിക്കുന്നു. പലതവണ വീടു ലഭിക്കുമായിരുന്നിട്ടും അതില്ലാതെ പോയത് ഈ ഉദ്യോഗസ്ഥൻ്റെ തെറ്റായ നടപടി കാരണമെന്നാണ് വിശദീകരണം. ഉദ്യോഗസ്ഥ ദ്രോഹമുണ്ടായി എന്നത് പഞ്ചായത്തംഗവും ശരിവയ്ക്കുന്നു. ഉദ്യോഗസ്ഥർ തെറ്റായ വിവരം നൽകിയെന്ന് പഞ്ചായത്ത് മെമ്പർ ന്യൂസ് 18 നോട് പറഞ്ഞു.
വീടിനുള്ള ആനുകൂല്യം നഷ്ടമായതിനെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ട് മറുപടിയുമില്ല. ഒറ്റമുറിയും അടുക്കളയുമുള്ള വീട്ടിലാണ് രണ്ട് പെണ്‍മക്കളടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. ഇനി ഈ വീട്ടില്‍ മൂന്നു പേരുണ്ട്. പാമ്പു കയറുന്ന മാളങ്ങളുമുണ്ട്. ഇവർക്കൊരു വീടു നൽകാൻ ഇനിയും വൈകരുതെന്ന് നാട്ടുകാരും പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2020 2:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലൈഫ് പദ്ധതിയിലെ വീട് ഉദ്യോഗസ്ഥർ ഇല്ലാതാക്കി'; പാമ്പുകടിയേറ്റു മരിച്ച ആദിത്യയുടെ അച്ഛൻ