പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിൽ ദുരന്ത സാധ്യത നിലനില്‍ക്കുന്നുവെന്ന് റവന്യു വകുപ്പ്
Last Updated:
കോഴിക്കോട് : പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിലുണ്ടായ ഉരുള്‍പൊട്ടല്‍ അതീവ ഗൗരവതരമെന്ന് റവന്യു റിപ്പോര്‍ട്ട്. എംഎല്‍എയുടെ ഉടമസ്ഥതയില്‍ കക്കാടംപൊയ്കയിലുള്ള വാട്ടര്‍തീം പാര്‍ക്കില്‍ ഉരുള്‍പൊട്ടലുണ്ടായെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. പാര്‍ക്കിനകത്തെ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് ഹെലിക്യാം ദൃശ്യങ്ങള്‍ സഹിതം ന്യൂസ് 18 വാര്‍ത്ത നല്‍കിയിരുന്നു. ഇതനുസരിച്ച് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ പാര്‍ക്കില്‍ നടത്തിയ പരിശോധനയിലാണ് ഉരുള്‍പൊട്ടല്‍ സ്ഥിരീകരിച്ചത്.
തീം പാര്‍ക്കിനകത്തെ നീന്തല്‍ കുളത്തിന് തൊട്ടുപുറകിലായി മൂപ്പത് മീറ്റര്‍ താഴെ 130 മീറ്റര്‍ നീളത്തിലും 60 മീറ്റര്‍ വീതിയിലും ഉരുള്‍പൊട്ടലുണ്ടായതായാണ് റവന്യു വകുപ്പിന്റെ കണ്ടെത്തല്‍.പാര്‍ക്കിനകത്തെ ജനറേറ്റര്‍ റൂമിന് കുറച്ചകലെയായി മണ്ണിടിച്ചില്‍ ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. അതീവ പരിസ്ഥിതി ലോലവും പ്രകൃതിദുരന്ത സാധ്യതയുമുള്ള മേഖലയായതിനാല്‍ മഴ കനത്താല്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി. പാര്‍ക്കില്‍ ഉരുള്‍പൊട്ടലുണ്ടായതായി വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് റവന്യുഅധികാരികള്‍ ഇവിടെ പരിശോധന നടത്തിയത്. പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ രാമചന്ദ്രന്‍ നാളെ താമരശ്ശേരി തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കും.
advertisement
പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് ദുരന്തസാധ്യതയുള്ള മേഖലയിലല്ലെന്ന് നേരത്തെ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കളക്ടറുടെ വാദങ്ങളെ പൊളിച്ചടുക്കുന്ന റിപ്പോര്‍ട്ടാണ് എന്നാല്‍ റവന്യു വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എംഎല്‍എക്കെതിരെ മന്ത്രിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ചട്ടം ലംഘിച്ചാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളെങ്കില്‍ നടപടിയെടുക്കുമെന്നാണ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചത്. അതേസമയം നിയമലംഘനം ആര് നടത്തിയാലും നിയമലംഘനം തന്നെയാണെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ടൂറിസത്തിന്റെ പേരില്‍ ആര്‍ക്കും എന്തുമാകാണെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഇതിനെതിരെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 17, 2018 2:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിൽ ദുരന്ത സാധ്യത നിലനില്‍ക്കുന്നുവെന്ന് റവന്യു വകുപ്പ്