Pala By-election Result | അരനൂറ്റാണ്ട് നിയമസഭയിൽ ഒപ്പംനിന്ന പാലാ എന്ന പരമ്പരാഗത കോട്ട തകർന്നതിന്‍റെ ആഘാതത്തിലാണ് യുഡിഎഫ്. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ 2943 വോട്ടുകൾക്ക് യുഡിഎഫിലെ ജോസ് ടോമിനെ പരാജയപ്പെടുത്തുകയായിരുന്നു. ശക്തമായ യുഡിഎഫ് കോട്ട തകർന്നതിന്‍റെ 10 കാരണങ്ങൾ ഇവയാണ്...
1. കേരള കോൺഗ്രസിലെ പടലപിണക്കംതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോഴും കേരള കോൺഗ്രസിൽ ഐക്യമില്ലായിരുന്നു. ചെയർമാൻ സ്ഥാനത്തിനായി ജോസ് കെ മാണി നടത്തിയ നടപടികൾ കേരള കോൺഗ്രസ് അണികളിൽ അവമതിപ്പുണ്ടാക്കി. ഇത് വലിയൊരളവിൽ വോട്ടെടുപ്പിന് സ്വാധീനിച്ചതായാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
2. ജോസ് കെ മാണിയോടുള്ള വിരോധംകേരള കോൺഗ്രസ് അണികൾക്ക് കെ. എം മാണിയോടുള്ള ആദരവ് മകൻ ജോസ് കെ മാണിയോട് ഇല്ലെന്ന് മാത്രമല്ല, വിരോധവും പ്രകടമായിരുന്നു.
3. യുഡിഎഫ് പൊതുയോഗത്തിൽ ജോസഫിനെ കൂവിയത്കെ.എം മാണി കഴിഞ്ഞാൽ കേരള കോൺഗ്രസിന്‍റെ ഏറ്റവും വലിയ നേതാവായി കണക്കാക്കുന്ന പി.ജെ ജോസഫിനെ പാലായിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ ജോസ് അനുകൂലികൾ കൂവിയത് വോട്ടെടുപ്പിൽ പ്രതിഫലിച്ചു.
4. ജോസ് ടോമിന്‍റെ പ്രതികരണങ്ങൾചിഹ്നം ലഭിക്കാത്തത് സംബന്ധിച്ചും പി.ജെ ജോസഫിനെതിരെയും ജോസ് ടോം നടത്തിയ രൂക്ഷ പ്രതികരണങ്ങൾ വോട്ടർമാർക്കിടയിൽ എതിർപ്പ് ഉളവാക്കി. മീനച്ചിൽ റബർ മാർക്കറ്റിങ് സൊസൈറ്റി തകർന്ന് പണം നഷ്ടപ്പെട്ടവരും ജോസിന് എതിരായി.
5. സീറ്റുമോഹികളുടെ കാലുവാരൽഇത്തവണ പ്രചരണം നയിച്ചത് കോൺഗ്രസായതുകൊണ്ടുതന്നെ അവർ കൈവിടില്ലെന്നായിരുന്നു പൊതുധാരണ. എന്നാൽ കോൺഗ്രസ് വോട്ടുകളും മാണി സി കാപ്പനാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. കോൺഗ്രസിന് ആധിപത്യമുള്ള രാമപുരം പഞ്ചായത്ത് ഇതിന് ഉദാഹരണമാണ്. ഇതിൽ കേരള കോൺഗ്രസിൽനിന്ന് സീറ്റെടുത്ത് മത്സരിക്കാൻ ആഗ്രഹമുള്ള കോൺഗ്രസ് നേതാക്കളും ഉണ്ടെന്നാണ് സൂചന.
6. കാപ്പനോടുള്ള സഹതാപംമൂന്നു തവണ മത്സരിച്ച് തോറ്റത് കെ.എം. മാണിയോട് ആയതുകൊണ്ടുതന്നെ മാണി സി കാപ്പന് ഇത്തവണ വോട്ടർമാർക്കിടയിൽ സഹതാപം ദൃശ്യമായിരുന്നു. ഒന്നരവർഷം മാത്രം കാലാവധിയുള്ള നിയമസഭയിൽ കാപ്പന് ഒരവസരം നൽകണമെന്ന് ചിന്തിച്ച വോട്ടർമാർ ഏറെയായിരുന്നു. അകാലത്തിലുള്ള മരണല്ലാത്തതിനാൽ കെ.എം. മാണിയുടെ വേർപാടിൽ സഹതാപമുണ്ടായില്ല.
7. രണ്ടില നഷ്ടപ്പെട്ടത്കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി രണ്ടില ചിഹ്നത്തിൽ വോട്ട് ചെയ്തുവന്ന ശീലം ഇത്തവണ കേരള കോൺഗ്രസ് അണികൾക്ക് മാറ്റേണ്ടിവന്നു. പുതിയൊരു ചിഹ്നം ചില അണികളിലെങ്കിലും ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇതിനാൽ സ്വതന്ത്രൻമാരുടെ ഇടയിൽപ്പെട്ട് ജോസ് ടോം ഞെരുങ്ങി.
8. സ്ഥാനാർഥികളുടെ ബാഹുല്യംനോട്ട ഉൾപ്പടെ 14 പേരുകളാണ് വോട്ടിങ് മെഷീനിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴാമതായിരുന്നു ജോസ് ടോമിന്‍റെ സ്ഥാനം. ഇത് വോട്ടർമാരിൽ വലിയതരത്തിലുള്ള ആശയകുഴപ്പമുണ്ടാക്കി.
9. അമിത ആത്മവിശ്വാസംജയിക്കുമെന്ന അമിത ആത്മവിശ്വാസം കേരള കോൺഗ്രസിന് വലിയ തോതിൽ തിരിച്ചടിയാകുകയായിരുന്നു. ജോസ് ടോമിനെ നിയുക്ത എംഎൽഎയായി അവതരിപ്പിച്ചു നൽകിയ പരസ്യവും പോസ്റ്ററുകളുമൊക്കെ ഇതിന് ഉദാഹരണമായി മാറി.
10. എൽഡിഎഫിന്‍റെ ചിട്ടയായ പ്രചരണംമുഖ്യമന്ത്രി മൂന്ന് ദിവസം ക്യാംപ് ചെയ്തത് ഉൾപ്പടെ വിവിധ ജില്ലകളിലെ ജനപ്രതിനിധികളും മന്ത്രിമാരും ഉൾപ്പടെ ബൂത്തുതല ചുമതല ഏറ്റെടുത്താണ് പ്രചരണം ഏകോപിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.