ആരോരുമറിയാതെ ബുക്കിങ് വെബ്സൈറ്റ് മാറ്റി KSRTC; ഏഴുദിവസത്തിനകം എല്ലാം ശരിയാകുമെന്ന് അധികൃതർ

Last Updated:
തിരുവനന്തപുരം: ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന വെബ്സൈറ്റിന്‍റെ വിലാസം കെ.എസ്.ആർ.ടി.സി മാറ്റിയത് യാത്രക്കാരെ വലയ്ക്കുന്നു. വെബ്സൈറ്റ് മാറിയത് അധികമാരും അറിയാതെ പോയതും പുതിയ വെബ്സൈറ്റിൽ മതിയായ സൗകര്യങ്ങളില്ലാത്തതും യാത്രക്കാരെ കെ.എസ്.ആർ.ടി.സിയിൽനിന്ന് അകറ്റിയിട്ടുണ്ട്. ഏറ്റവും ജനപ്രിയമായ അന്തർ സംസ്ഥാന റൂട്ടായ ബംഗളുരുവിൽനിന്നുള്ള മലയാളി യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടിലായത്. എന്നാൽ പഴയ വെബ്സൈറ്റിൽനിന്ന് പുതിയ വെബ്സൈറ്റിലേക്ക് ഡാറ്റ മാറ്റുന്നതിലുള്ള സാങ്കേതികപ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. ഏഴുദിവസത്തിനകം എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് പുതിയ വെബ്സൈറ്റ് ഔദ്യോഗികമായി നിലവിൽ വരുമെന്നും സി.എം.ഡി ടോമിൻ ജെ തച്ചങ്കരി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.
പുതിയ വെബ്സൈറ്റ് ഇതാണ്...
online.keralartc.com - കെഎസ്ആർടിസി ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യേണ്ട പുതിയ വെബ്സൈറ്റ് ഇതാണ്. കൂടുതൽ പരിഷ്ക്കാരങ്ങൾ വരുത്തിയും ഉപയോക്താക്കൾക്ക് സൗകര്യപ്രദമായി ഉപയോഗിക്കുംവിധമാണ് പുതിയ വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ മുമ്പ് ഉണ്ടായിരുന്ന എല്ലാ സർവ്വീസുകളും ഉൾപ്പെടുത്താത്തതും കയറേണ്ടതും ഇറങ്ങേണ്ടതുമായ സ്ഥലങ്ങളുടെ പേരിലുണ്ടായ വ്യത്യാസങ്ങളും യാത്രക്കാർക്ക് പാരയായി.
ബംഗളുരു വീണ്ടും ബാംഗ്ലൂർ ആയി...
കർണാടക സർക്കാർ ബാംഗ്ലൂർ എന്ന പേര് മാറ്റി ബംഗളുരു എന്ന് ആക്കിയപ്പോൾ കെഎസ്ആർടിസിയും ആ പേര് സ്വീകരിച്ചിരുന്നു. മുമ്പ് ഉണ്ടായിരുന്ന വെബ്സൈറ്റിൽ ബംഗളുരുവിൽനിന്നും തിരിച്ചുമുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് Bengaluru എന്നാണ് നൽകേണ്ടിയിരുന്നത്. എന്നാൽ പുതിയ വെബ്സൈറ്റിൽ Bengaluru നൽകുമ്പോൾ അങ്ങനെയൊരു സ്ഥലമേ ഇല്ലെന്നാണ് പറയുന്നത്. തലയിൽ കൈവെച്ചുപോയവർ ഏറെ അന്വേഷണങ്ങൾക്കൊടുവിലാണ് ബംഗളുരു, ബാംഗ്ലൂർ ആയി മാറിയ വിവരം അറിയുന്നത്. ഇപ്പോൾ BANGALORE എന്ന് നൽകിയാൽ മാത്രമെ അവിടേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകൂ. ഇതേപോലെ തിരുവനന്തപുരത്ത് നിന്നോ തിരിച്ചോ ഉള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ THIRUVANANTHAPURAM എന്നാ നൽകിയിട്ടി കാര്യമില്ല. TRIVANDRUM എന്ന് നൽകിയാൽ മാത്രമേ ബുക്ക് ചെയ്യാനാകൂ.
advertisement
യാത്രക്കാരെ ആശയകുഴപ്പത്തിലാക്കി പഴയ വെബ്സൈറ്റുകളും
ഓൺലൈൻ സേവനങ്ങൾക്കായി വെബ്സൈറ്റുകൾ പരിഷ്ക്കരിച്ച് പുതിയത് ഇറക്കുമ്പോൾ പഴയ വെബ്സൈറ്റ് ഒഴിവാക്കാറുണ്ട്. എന്നാൽ കെഎസ്ആർടിസിക്ക് ഇതൊന്നും ബാധകമല്ല. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് പരിഷ്ക്കരിച്ച് പുറത്തിറക്കിയപ്പോഴും, കെഎസ്ആർടിസിയുടെ പേരിൽ മുമ്പ് ഉണ്ടായിരുന്ന വെബ്സൈറ്റുകൾ ഇപ്പോഴും ലഭ്യമാണ്. കാര്യമറിയാതെ, യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അമളി മനസിലാകുന്നത്. പഴയ വെബ്സൈറ്റിൽ കയറി യാത്ര പുറപ്പെടേണ്ട സ്ഥലം നൽകുമ്പോൾ റിക്വസ്റ്റ് ഫെയിൽഡ് എന്നാണ് കാണിക്കുന്നത്.
advertisement
KSRTCക്ക് പറയാനുള്ളത് ഇതാണ്...
അതേസമയം ഇപ്പോഴത്തെ വിവാദങ്ങളിൽ കാര്യമില്ലെന്നും യാത്രക്കാർക്ക് സൗകര്യപ്രദമായ ഒട്ടേറെ ഓപ്ഷനുകൾ ഉൾപ്പെടുത്തിയാണ് വെബ്സൈറ്റ് പരിഷ്ക്കരിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. യാത്രക്കാരുടെ പരാതികളും ആക്ഷേപങ്ങളും പരിഹരിക്കുമെന്നും അവർ പറഞ്ഞു. ആധുനികവൽക്കരണത്തിന്‍റെ ഭാഗമായാണ് വെബ്സൈറ്റ് പരിഷക്കരിക്കുന്നത്. ഓൺലൈൻ ബുക്കിങ് സംവിധാനം 2015ൽ ആരംഭിക്കുമ്പോൾ ടിക്കറ്റൊന്നിന് 15.50 രൂപയാണ് ഓപ്പറേറ്റിങ് കമ്പനിക്ക് നൽകിയത്. 2018 ഏപ്രിലിൽ ഈ തുക 3.25 രൂപയായി കുറച്ച് മറ്റൊരു കമ്പനിക്ക് നൽകിയിരുന്നു. എന്നാൽ ഈ കമ്പനി ചില വെബ്സൈറ്റിൽ വരുത്തിയ ചില തെറ്റുകൾ കാരണം കോർപറേഷന് വലിയ നഷ്ടമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഇവരുമായുള്ള കരാർ റദ്ദാക്കുകയായിരുന്നു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കോർപറേഷനുകളിലെ ഓൺലൈൻ ടിക്കറ്റ് സംവിധാനം കൈകാര്യം ചെയ്യുന്ന കമ്പനിയ്ക്കാണ് പുതിയതായി കരാർ നൽകിയിരിക്കുന്നത്. ടിക്കറ്റൊന്നിന് വെറും 45 പൈസ നിരക്കിൽ പൈലറ്റ് പ്രോജക്ടായാണ് നൽകിയിരിക്കുന്നത്.
advertisement
ശബരിമല ഡിജിറ്റൽ ടിക്കറ്റിംഗ് സംവിധാനവും പൊലീസിന്‍റെ വെർച്വൽ ക്യൂ സംവിധാനവുമായി ബന്ധപ്പെടുത്തുന്ന ജോലികളും അതോടൊപ്പം പഴയ സൈറ്റിൽനിന്ന് പുതിയ സൈറ്റിലേക്ക് വിവരങ്ങൾ കൈമാറുന്ന ജോലിയുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എന്നാൽ കരാർ റദ്ദാക്കപ്പെട്ട കമ്പനികൾ സഹകരിക്കാത്തതിനാൽ ഈ പ്രവർത്തി കുറച്ച് സമയമെടുത്ത് മാത്രമെ പൂർത്തിയാക്കാനാകൂ. ഏഴു ദിവസത്തിനകം എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് പുതിയ വെബ്സൈറ്റ് ഔദ്യോഗികമായി പുറത്തിറക്കും. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും യൂസർ ഫ്രണ്ട്ലിയായ ബസ് ടിക്കറ്റ് ബുക്കിങ് പോർട്ടലായിരിക്കുമെന്നും കെഎസ്ആർടിസി അവകാശപ്പെടുന്നു.
advertisement
പുതിയ വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇങ്ങനെ...
ഇപ്പോഴത്തെ വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാനായി കയറുന്ന സ്ഥലവും ഇറങ്ങുന്ന സ്ഥലവും നൽകിയാൽ ബസുകളുടെ പട്ടികയ്ക്കൊപ്പം ഒഴിവുള്ള സീറ്റുകളുടെ എണ്ണം വിൻഡോ സീറ്റ് സഹിതം തുടക്കത്തിലേ കാണിക്കും. ഇനി ബസും സീറ്റും സെലക്ട് ചെയ്താൽ യാത്രക്കാരുടെ വിവരം, ബന്ധപ്പെടേണ്ട വിവരം(മൊബൈൽ നമ്പരും ഇ-മെയിലും) എന്നിവ അതേ സ്ഥലത്ത് തന്നെ നൽകാനാകും. മുമ്പുണ്ടായിരുന്ന സൈറ്റിൽ ഈ വിവരങ്ങളൊക്കെ മറ്റൊരു പേജിലാണ് നൽകേണ്ടിയിരുന്നത്. മേൽപ്പറഞ്ഞ വിവരങ്ങൾ നൽകിയാൽ, യാത്രാ ടിക്കറ്റിന്‍റെ വിശദ വിവരങ്ങളും ടിക്കറ്റ് നിരക്കും ഉൾപ്പടെയുള്ള വിവരങ്ങൾ ദൃശ്യമാകും. ഇതേ പേജിൽതന്നെ പേമെന്‍റ് ഓപ്ഷനിലേക്ക് പോകാനാകും. മുമ്പ് ഉണ്ടായിരുന്നതുപോലെ പേമെന്‍റ് ഗേറ്റ് വേയിലൂടെ ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ്, ഇന്‍റർനെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനാകും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരോരുമറിയാതെ ബുക്കിങ് വെബ്സൈറ്റ് മാറ്റി KSRTC; ഏഴുദിവസത്തിനകം എല്ലാം ശരിയാകുമെന്ന് അധികൃതർ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement