കോന്നി ദുരന്തം നവദമ്പതികൾ മലേഷ്യയിൽ ഹണിമൂൺ കഴിഞ്ഞ് മടങ്ങിവരവേ
- Published by:Sarika N
- news18-malayalam
Last Updated:
എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് അനുവും നിഖിലും കഴിഞ്ഞ നവംബര്‍ 30 ന് വിവാഹിതരായത്
പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ മരിച്ച അനുവും നിഖിലും വിവാഹിതരായത് എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ.കുമ്പഴ മല്ലശ്ശേരി സ്വദേശികളായ അനുവും നിഖിലും സഞ്ചരിച്ചിരുന്ന കാർ ഇന്ന് പുലർച്ചെയാണ് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസുമായി കുട്ടിയിടിച്ചത്.അപകട സമയം അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയും ഇരുവർക്കൊപ്പമുണ്ടായിരുന്നു. അനുവിന്റെ പിതാവാണ് കാർ ഓടിച്ചിരുന്നത്.അനു ഒഴികെയുള്ളവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ നവംബര്‍ മാസം 30നായിരുന്നു പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍ വച്ച് അനുവും നിഖില്‍ ഈപ്പനും വിവാഹിതരാകുന്നത്. നിഖില്‍ മത്തായിയും അനുവും ഒരേ ഇടവകക്കാരാണ്. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്.അതുകൊണ്ട് തന്നെ കാത്തിരുന്ന വിവാഹിതരായതിന്റെ സന്തോഷം ഇരുവരുടെയും മുഖത്ത് നിറഞ്ഞ് നിന്നിരുന്നു.വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഇരുവരും മലേഷ്യയിലേക്ക് മധുവിധു യാത്രയ്ക്ക് പുറപ്പെട്ടത്. എന്നാൽ മടങ്ങിവരവ് ഇത്തരത്തിലൊരു ദുരന്തത്തിലേക്കാവുമെന്ന് ഇരുവരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ജീവിച്ചു തുടങ്ങും മുൻപേ സ്വപ്നങ്ങൾ ബാക്കിയാക്കി ഇരുവരും യാത്രയായി. നിഖിൽ കാനഡയിൽ ജോലി ചെയ്ത് വരികയായിരുന്നു. അനു എംഎസ്ഡബ്ല്യു പൂര്‍ത്തിയാക്കിയിരുന്നു.
advertisement
മധുവിധുവിന് ശേഷം തിരിച്ചെത്തിയ ഇരുവരേയും സ്വീകരിക്കാനായി പോയ രണ്ടുപേരുടെയും അച്ഛന്മാരും അപകടത്തില്‍ മരിച്ചു.മലേഷ്യയില്‍നിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാന്‍ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജു പി ജോര്‍ജ്ജും നേരത്തെ ഇക്കാര്യം അണുവിനെയും നിഖിലിനെയും അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട് എത്തുന്നതിന് 7 കിലോമീറ്റര്‍ മുന്‍പ് അപകടം സംഭവിച്ചു.വാഹനത്തിന്‍റെ അമിത സ്പീഡും ഡ്രൈവർ ഉറങ്ങിയതും കാരണമാവാം അപകടം ഉണ്ടായതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
December 15, 2024 11:51 AM IST