വളവിലെ വാഹന പരിശോധന ചോദ്യം ചെയ്തു; PSC ഉദ്യോഗസ്ഥന്റെ പല്ലടിച്ച് കൊഴിച്ച് പൊലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
ഡിജിപിക്ക് പരാതി നൽകിയതിനെ തുടർന്ന് സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ
ആലപ്പുഴ: ഡിജിപിയുടെ നിർദേശത്തിന് വിരുദ്ധമായി വളവിൽ വാഹന പരിശോധന നടത്തിയത് ചോദ്യം ചെയ്ത പി.എസ്.സി ഉദ്യോഗസ്ഥന് പൊലീസ് മർദനത്തിൽ നഷ്ടമായത് സ്വന്തം പല്ല്. ഡിജിപിക്ക് പരാതി നൽകിയതിനെ തുടർന്ന് ചേർത്തല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുധീഷിനെ സസ്പെന്റ് ചെയ്തു. ഗ്രേഡ് എസ്ഐ ബാബുവിനും സിവിൽ പൊലീസ് ഓഫീസർ തോമസിനും എതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
സംഭവത്തെ കുറിച്ച് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും. തിരുവനന്തപുരം പിഎസ്‌സി ഓഫിസിലെ ഉദ്യോഗസ്ഥൻ ചേർത്തല അഞ്ചാം വാർഡ് ഇല്ലിക്കൽ രമേഷ് എസ് കമ്മത്തിനാണ് (52) മർദനമേറ്റത്. ശനിയാഴ്ച വൈകിട്ടു ചേർത്തല പൂത്തോട്ടപ്പാലത്തിനു സമീപത്തെ വളവിലായിരുന്നു സംഭവം. ശനിയാഴ്ച എറണാകുളത്ത് പിഎസ്‌സി ജോലി കഴിഞ്ഞു വരികയായിരുന്ന തന്നെ റോഡിലെ വളവിൽ ഇരുട്ടത്ത് ബൈക്ക് തടഞ്ഞ് മദ്യപിച്ചോ എന്നു പരിശോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് രമേഷ് പറഞ്ഞു.
advertisement
മദ്യപിച്ചില്ലെന്ന് മനസ്സിലായതോടെ വിട്ടയച്ചു. ബൈക്ക് അൽപം മാറ്റി നിർത്തിയ ശേഷം വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്നു ഡിജിപിയുടെ സർക്കുലർ ഇല്ലേയെന്നു ചോദിക്കുകയും ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതു പൊലീസിന് ഇഷ്ടപ്പെട്ടില്ല. കൈ പിന്നിൽ കൂട്ടിക്കെട്ടി പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. തലയിലും കണ്ണിലും ഇടിച്ചു. ജനനേന്ദ്രിയത്തിനു പരുക്കേൽപിച്ചു. മർദനത്തിൽ മുന്നിലെ പല്ല് നഷ്ടമായി. സ്റ്റേഷനിൽ എത്തിച്ചും ഉപദ്രവിച്ചു. മെഡിക്കൽ പരിശോധന സമയത്ത് പൊലീസ് മർദിച്ചെന്നു പറയരുതെന്നു ഭീഷണിപ്പെടുത്തി.
advertisement
പൊലീസിന്റെ കൃത്യനിർവഹണത്തിനു തടസ്സം നിന്നെന്ന വകുപ്പിൽ കേസെടുത്ത് ജാമ്യത്തിൽ വിട്ടെങ്കിലും ഇതു സംബന്ധിച്ചു പരാതിപ്പെടാൻ ഭയന്നു. തുടർന്ന് പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് ഡിജിപിക്കു പരാതി നൽകിയതെന്ന് രമേഷ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2019 8:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വളവിലെ വാഹന പരിശോധന ചോദ്യം ചെയ്തു; PSC ഉദ്യോഗസ്ഥന്റെ പല്ലടിച്ച് കൊഴിച്ച് പൊലീസ്


