തിരുവനന്തപുരം: സൗജന്യ വാക്സിൻ വിതരണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി പണം എത്തിക്കാനുള്ള വാക്സിൻ ചലഞ്ചിന് പിന്തുണയുമായി സംസ്ഥാനത്തെ പ്രതിപക്ഷവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തുന്നത് നല്ല കാര്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
അതേസമയം, തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ദൗർഭാഗ്യകരവും പൂർണമായും വാസ്തവ വിരുദ്ധമാണെന്നും ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് താൻ പറഞ്ഞു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്.
ഭാരത് ബയോടെക്കിന്‍റെ കോവാക്സിന് വില നിശ്ചയിച്ചു; സംസ്ഥാനങ്ങൾക്ക് നൽകുന്നത് 600 രൂപയ്ക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏത് ഘട്ടത്തിലായാലും ജനങ്ങൾ സംഭാവന ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് താൻ പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി. സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി പ്രതിപക്ഷം പൂർണ മനസ്സോടെ സഹകരിക്കുമെന്നാണ് ഇന്ന് വാർത്താസമ്മേളനത്തിൽ താൻ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. അന്ധമായ പ്രതിപക്ഷ വിരോധം കൊണ്ടാണ് വാസ്തവവിരുദ്ധമായ കാര്യങ്ങൾ മുഖ്യമന്ത്രി പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Covid 19 | ഇന്ന് 26,685 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35
അതേസമയം, കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നാണ് യു ഡി എഫിന്റെയും മുസ്ലിം ലീഗിന്റെയും അഭിപ്രായമെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. സക്കാർ കൂടുതൽ കാര്യക്ഷമത കാണിക്കണം. ഓക്സിജനില്ല, വാക്സിനില്ല എന്നിങ്ങനെ പറഞ്ഞു നടക്കുകയല്ല വേണ്ടതെന്നും കാര്യങ്ങൾ നടന്നിരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന് എതിരെയും കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. കേന്ദ്ര സർക്കാർ ആദ്യം ശ്രദ്ധിച്ചത് പേരെടുക്കാനാണ്. എന്നാൽ, അവനവന്റെ പൗരൻമാരെ നോക്കിയിട്ടാണ് പേരെടുക്കേണ്ടതെന്നും കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയത്തിന് മുൻഗണന നൽകിയത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും കുഞ്ഞാലിക്കുട്ടി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു പൊതുഫണ്ടാണെന്നും ആർക്കും അതിലേക്ക് സംഭാവന നൽകാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid, Covid 19, Covid vaccine, Vaccine Challenge