ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയെ കുടുക്കിയതോ? രമേശ് ചെന്നിത്തല
- Published by:meera_57
- news18-malayalam
Last Updated:
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഉത്തരവ് അനുസരിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിച്ചതെന്ന് ഇതോടെ വ്യക്തമാവുകയാണ് എന്നദ്ദേഹം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം കൊണ്ടുപോകാനോ അവരെ അറസ്റ്റു ചെയ്യാനോ ശ്രമിക്കാതിരുന്ന പ്രത്യേക അന്വേഷണ സംഘം ഒരു തെളിവുമില്ലാതിരുന്നിട്ടും ശബരിമല തന്ത്രിയെ അറസ്റ്റു ചെയ്യുകയും അദ്ദേഹത്തെ 41 ദിവസം ജയിലില്‍ കിടത്തുകയും ചെയ്തത് സംശയാസ്പദമാണ് എന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഉത്തരവ് അനുസരിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിച്ചതെന്ന് ഇതോടെ വ്യക്തമാവുകയാണ് എന്നദ്ദേഹം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം ശക്തിയായി എതിര്‍ത്തിട്ടും ശബരിമല തന്ത്രി കണ്ഠരര് രാജീവരിന് ജാമ്യം അനുവദിച്ചുകൊണ്ട് കൊല്ലം വിജിലന്‍സ് കോടതി പുറപ്പെടുവിച്ച വിധിയില്‍ അദ്ദേഹത്തിനെതിരെ തെളിവിന്റെ ഒരു കണികപോലുമില്ലെന്ന് വ്യക്തമായി പറയുകയുണ്ടായി. അപ്പോള്‍ എസ്.ഐ.ടി. തന്ത്രിയെ മനപ്പൂര്‍വ്വം കുടുക്കുകയായിരുന്നോ എന്ന സംശമാണ് ഉളവാകുന്നത്. തന്ത്രിയെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ രാഷ്ട്രീയമായ ഇടപെടലുണ്ടായി എന്ന് വ്യക്തമാവുകയാണ്. എസ്.ഐ.ടിയെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണെന്ന സംശയം ഇപ്പോള്‍ സത്യമായി എന്നാണ് മനസിലാകുന്നത്.
ശബരിമല പെരുംകൊള്ളയ്ക്ക് ഉത്തരവാദികളായ വന്‍ തോക്കുകളെ അറസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ വ്യക്തമായ സൂചനകള്‍ 2025 ഒക്ടോബര്‍ 21ലെയും, നവംബർ 5 ലെയും, ഇടക്കാല ഉത്തരവുകളിലൂടെ ഹൈക്കോടതി, എസ്.ഐ.ടിക്ക് നല്‍കിയെങ്കിലും ആ ഉത്തരവുകള്‍ എല്ലാം, എസ്.ഐ.ടി. പൂര്‍ണ്ണമായി അവഗണിക്കുകയായിരുന്നു.
advertisement
ഒക്ടോബര്‍ 21 ലെ ഇടക്കാല ഉത്തരവില്‍, ശബരിമല പെരുംകൊള്ളയുടെ ക്രിമിനല്‍ ഗൂഢാലോചനയുടെ തലം വിശദമായി അന്വേഷിക്കണം എന്നും, 2019 മുതലുള്ള സംഭവവികാസങ്ങളും, ദ്വാരപാലക ശില്‍പങ്ങള്‍ പുറത്തേയ്ക്ക് കടത്തിയതും, ഒരു സംഘടിത വിശാല പദ്ധതിയുടെ ഭാഗം ആണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വിധിയുടെ എട്ടാം ഖണ്ഡികയില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയുടെ 9 കാരണങ്ങള്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ദിശയില്‍ ഒരു അന്വേഷണവും SIT നടത്തിയില്ല.
2025 നവംബര്‍ 5 ലെ ഇടക്കാല ഉത്തരവില്‍, 20 മുതല്‍ 26 വരെയുള്ള ഖണ്ഡികയില്‍, 2025 സെപ്റ്റംബറില്‍ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടുകളെ കുറിച്ച് ഹൈക്കോടതി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. (Page 20 - 23) സി.പി.എം. പ്രതിനിധി ആയ പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഈ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നത്. എന്നാല്‍ പി.എസ്. പ്രശാന്തിനെ രണ്ട് തവണ രഹസ്യമായി ചോദ്യം ചെയ്തു വിട്ട് അയക്കുകയായിരുന്നു.
advertisement
തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പരാജയത്തില്‍, ശബരിമല സ്വര്‍ണ്ണക്കൊള്ള മുഖ്യപങ്ക് വഹിച്ചു എന്ന് തെളിഞ്ഞതോടെ, എസ്.ഐ.ടിയുടെ അന്വേഷണം പൂര്‍ണ്ണമായി അട്ടിമറിക്കപ്പെടുകയും, അന്വേഷണം മറ്റ് ദിശയിലേക്ക് വഴി തിരിച്ച് വിടുകയും ചെയ്തു എന്നാണ് മനസിലാകുന്നത്.
അന്വേഷണം കടകംപള്ളിയിലേക്കും, വാസവനിലേക്കും എത്താനിരിക്കാന്‍ വേണ്ടിയാണ് തന്ത്രിയെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് 41 ദിവസം ജയിലില്‍ പാര്‍പ്പിച്ചത്. യുവതി പ്രവേശനത്തെയും, 365 ദിവസം നട തുറക്കണം എന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെയും എതിര്‍ത്തതിലുള്ള പകപ്പോക്കല്‍ കൂടിയായിരുന്നു തന്റെ അറസ്റ്റ് എന്ന് തന്ത്രി കോടതിയില്‍ അറിയിച്ചത് അറസ്റ്റിന് കാരണമായി. എസ്.ഐ.ടി. കോടതിയില്‍ ബോധിപ്പിച്ച എല്ലാ കാരണങ്ങളും തെളിവിന്റെ കണിക പോലുമില്ല എന്ന് എണ്ണി എണ്ണി വ്യക്തമാക്കി കൊല്ലം വിജിലന്‍സ് കോടതി തള്ളിക്കളയുകയായിരുന്നു.
advertisement
തന്ത്രിയുടെ അറസ്റ്റ് പൂര്‍ണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്നും, അന്വേഷണം വന്‍തോക്കുകളിലേക്കെത്താതെ വഴിതിരിച്ചുവിടുകയായിരുന്നുവെന്നും വ്യക്തമാവുകയാണ്. ശബരിമലയെ ഉപയോഗിച്ച് വീണ്ടും വീണ്ടും രാഷ്ട്രീയം കളിക്കാനുള്ള സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമത്തിന് വിശ്വാസികളും ജനങ്ങളും ചുട്ടമറുപടി നല്‍കും എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 23, 2026 10:15 AM IST







