മതത്തിന്‍റെ പേരില്‍ പരസ്പരം തര്‍ക്കിക്കുന്നവര്‍ ഈ കാഴ്ചയൊന്ന് കാണണം. തിരുവനന്തപുരം ജില്ലയിലെ പീരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട എഴുന്നള്ളത്തിന് നിറപറയും നിലവിളക്കും ഒരുക്കി കൃഷ്ണശില്‍പത്തില്‍ മാലയിട്ട് സ്വീകരിച്ചത് തൈക്കാട്ട് മദര്‍ തെരേസ ദേവാലയത്തിലെ വികാരിയും കൂട്ടരും. ദുഖവെള്ളി ദിനത്തിലെ കുരിശിന്‍റെ വഴി ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോള്‍ ക്രിസ്തുവിന്‍റെ ചിത്രത്തിന് മുന്നില്‍ മെഴുക് തിരി തെളിയിച്ച് അമ്പലക്കമ്മറ്റിയും സ്വീകരിച്ചത് മതമൈത്രിയുടെ മഹനീയ മാതൃകയായി.
പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ചടങ്ങ് വ്യാഴാഴ്ച രാത്രിയാണ് നടന്നത്. പള്ളിവേട്ടയ്ക്കുശേഷം തിരിച്ചെഴുന്നള്ളത്ത് തൈക്കാട്ടുള്ള മദർ തെരേസ ദേവാലയത്തിന്റെ മുന്നിലെ വഴിയിലൂടെയാണ് കടന്നുപോകുന്നത്.
പള്ളിക്കുമുന്നിൽ എഴുന്നള്ളത്തെത്തിയപ്പോൾ വികാരി ഫാ. ജോസ് കിഴക്കേടത്തിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങള്‍ വരവേറ്റു. ചെറിയൊരു പന്തൽ കെട്ടി ശ്രീകൃഷ്ണശില്പവും നിറപറയും നിലവിളക്കും വെച്ചാണ് വരവേറ്റത്. സെന്റ് ജോൺസ് ആശുപത്രി ജീവനക്കാരും സ്വീകരണത്തില്‍ പങ്കെടുക്കാനെത്തി. ക്ഷേത്ര പൂജാരി നിറപറ സ്വീകരിച്ച് കർപ്പൂരം കത്തിച്ച് ആരതിയുഴിഞ്ഞു. നാടിന്റെ ഐക്യവും സ്നേഹവും മതസൗഹാർദ്ദവും ഇവിടെ സംഗമിക്കുകയാണെന്നും ഈശ്വരാനുഗ്രഹം പരസ്പരം പങ്കിടുകയാണെന്നും ഫാ. ജോസ് കിഴക്കേടത്ത് പറഞ്ഞു.
ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ കുരിശിന്റെ വഴി യാത്ര ദേവാലയത്തിൽ നിന്നാരംഭിച്ച് ക്ഷേത്രത്തിന് മുന്നിൽ എത്തിയപ്പോൾ അമ്പലക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കി. മേശപ്പുറത്ത് യേശുക്രിസ്തുവിന്റെ ചിത്രവും ശ്രീകൃഷ്ണശില്പവും ഒന്നിച്ചു വെച്ച്, നിലവിളക്കും മെഴുകുതിരിയും കത്തിച്ചാണ് വരവേറ്റത്. വിഷുദിനംകൂടി ആയതിനാൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് ഉണ്ടായിരുന്നു.
ക്ഷേത്രത്തിലെത്തിയ ഭക്തരെല്ലാം കുരിശിന്‍റെ വഴിയെ സ്വീകരിക്കാൻ ഒപ്പംകൂടി. മതസൗഹാർദ്ദത്തിന്റെ ഈ നല്ല മാതൃക വരുംകൊല്ലങ്ങളിലും തുടരുമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ആർ.എസ്.സുനിൽ പറഞ്ഞു.
ക്ഷേത്രപ്പറമ്പിൽ മുസ്ലിങ്ങളെ വിലക്കിയുള്ള ബോർഡ്; നടപടി കാലത്തിന് ഭൂഷണമല്ലെന്ന് എം വി ജയരാജൻ
കണ്ണൂര്‍: ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിലേക്ക് മുസ്ലിങ്ങള്‍ക്ക് (Muslims) വിലക്കേര്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ച കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി കാലത്തിന് ഭൂഷണമല്ലെന്ന് സിപിഎം(CPM) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ( m v jayarajan ).
ഇത്തരമൊരു ബോര്‍ഡ് മുമ്പ് ഉണ്ടായിരുന്നുവെങ്കിലും ആരും ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെന്നും അതിപ്പോള്‍ പുതുക്കി സ്ഥാപിക്കേണ്ട ആവശ്യം ഇന്നത്തെ കാലത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് ആളുകളെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന ഈ കാലത്ത് ഭാരവാഹികളുടെ നടപടി ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലിങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് സമാനമായ ബോര്‍ഡ് ഇവിടെ പ്രത്യക്ഷപ്പെട്ടെങ്കിലും വിവാദമായതോടെ നീക്കം ചെയ്യുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണ വീണ്ടും ക്ഷേത്രപ്പറമ്പില്‍ സമാനമായ ബോര്‍ഡുകള്‍ സ്ഥാപിച്ചതായി മാധ്യമപ്രവര്‍ത്തകയായ ശരണ്യ എം ചാരു ഫേസ്ബുക്കില്‍ കുറിച്ചു. 'ഉത്സവകാലങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് ക്ഷേത്രപ്പറമ്പില്‍ പ്രവേശനമില്ല' എന്നാണ് ബോര്‍ഡിലുള്ളത്. ക്ഷേത്രത്തിലെ ആരാധനാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നാലൂര്‍ സമുദായിമാരുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.