തിരുവനന്തപുരം: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമി കൈയേറിയെന്ന പരാതിയില് അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അട്ടപ്പാടി ട്രൈബൽ താലൂക്കിലെ അഗളി വില്ലേജിലെ 1167/1, 1167/6 സർവേ നമ്പരുകളിലെ ഭൂമി അന്യാധീനപ്പെടുവെന്ന് ചൂണ്ടിക്കാട്ടി നഞ്ചിയമ്മ പരാതി നൽകിയിട്ടുണ്ടെന്ന് കെ കെ രമ എംഎൽഎക്ക് നിയമസഭയിൽ മന്ത്രി രേഖാമൂലം മറുപടി നൽകി.
ഭൂമി തട്ടിയെടുക്കുന്നതിന് മാരിമുത്തുവിന്റെ പേരിൽ വ്യാജ നികുതി രസീത് കോടതിയിൽ ഹാജരാക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഒറ്റപ്പാലം സബ് കളക്ടറുടെ 2020 ഫെബ്രുവരി 20 ലെ ടിഎൽഎ ഉത്തരവ് റദ്ദാക്കണമെന്നും നഞ്ചിയമ്മ, മരുതി, കുമരപ്പൻ എന്നിവർ ആവശ്യപ്പെട്ടു. 1999 ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമത്തിലെ വകുപ്പ് ഏഴ് (അഞ്ച്) പ്രകാരം പാലക്കാട് കളക്ടർക്ക് അപ്പീൽ നൽകി. തുടർന്ന് കളക്ടർ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് നൽകി. 2022 ഓഗസ്റ്റ് 10ന് വിചാരണ നടത്തിയെങ്കിലും മാരിമുത്തു എത്തിയില്ല. അടുത്ത വിചാരണ സെപ്തംബർ 13ന് നടത്താനും നോട്ടീസ് നൽകി.
Also Read- 'ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടി നൽകുന്ന ശൈലി വേണ്ട'; മന്ത്രി വീണാ ജോർജിന് സ്പീക്കറുടെ താക്കീത്
വ്യാജ രേഖ ചമച്ച കേസുകളിൽ സാധാരണ സിവിൽ- ക്രിമിനൽ നടപടികളാണ് സീകരിക്കുന്നത്. എന്നാൽ നഞ്ചിയമ്മയുടെ കേസിൽ പട്ടികവർഗ ഭൂമി കൈമാറ്റം സംബന്ധിച്ച് 1999 ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയമവും പുനരവകാശ സ്ഥാപനവും നടപടി സീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ക്രാന്തികാരി കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ സർക്കാറിന് പരാതി നൽകിയിരുന്നു. ജി.പി. ശെൽവരാജ് എന്നയാളിൽ നിന്നും ഒസ്യത്തുകളുണ്ടാക്കി വ്യാജ രേഖകൾ ചമച്ചതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Also Read- പേ വിഷബാധ വാക്സിൻ സുരക്ഷിതമാണോ? ആരോഗ്യ മന്ത്രി വീണാ ജോർജിനെ തിരുത്തി മുഖ്യമന്ത്രി
പരിധിയിൽ കൂടുതൽ ഭൂമിക്ക് രേഖകളുണ്ടാക്കി കൈവശം വെയ്ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാത്ത വില്ലേജ്, താലൂക്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. എം സുകുമാരൻ സർക്കാറിന് നൽകിയ പരാതി പരിശോധിച്ച് നിയമാനുസരണം നടപടികൾ സ്വീകരിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.