തൊടുപുഴ: ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ എസ് രാജേന്ദ്രന് എം.എല്‍.എ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയ സംഭവം കൂടുതല്‍ വിവാദമാകുന്നു. സംഭവത്തില്‍ എം.എല്‍.എയ്ക്കെതിരെ സബ്കളക്ടര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്കി. ഇരുവരെയും നേരിട്ട് ഫോണില്‍വിളിച്ചാണ് സബ് കളക്ടര്‍ പരാതി അറിയിച്ചത്. വീഡിയോദൃശ്യങ്ങള്‍ തിങ്കളാഴ്ച നേരിട്ട് പരാതി നല്‍കുമെന്നും സബ്കളക്ടര്‍ വ്യക്തമാക്കുന്നു. സ്റ്റോപ് മെമ്മോ അവഗണിച്ച് നടക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം തടയാനെത്തിയ റവന്യൂ സംഘത്തിന് മുന്നിലാണ് എല്‍.എല്‍.എ സബ്കളക്ടറെ അപഹസിച്ചത്.
വെള്ളിയാഴ്ചയാണ് മൂന്നാറില്‍ വിവാദ സംഭവം അരങ്ങേറിയത്. ഷോപ്പിംഗ് കോപ്ലക്സ് നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എം.എല്‍.എ.യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ മടക്കി അയയ്ക്കുകയായിരുന്നു. ഇതിനിടെയാണ് എം.എല്‍.എ. സബ്കളക്ടര്‍ക്കെതിരെ സംസാരിച്ചത്. ഇത് പ്രദേശക ചാനല്‍ പ്രവര്‍ത്തകര്‍ പകര്‍ത്തുകയായിരുന്നു.
എം.എല്‍.എയുടെ പരാമര്‍ശം ദൃശ്യങ്ങളില്‍ ഇങ്ങനെ;
'അവള് ഇതെല്ലാം വായിച്ചുപഠിക്കണ്ടേ. സ്കെച്ചും പ്ലാനും അംഗീകരിച്ചിട്ടാണോ എന്‍.ഒ.സി. വാങ്ങിച്ചിട്ടാണോ നാളെ ഇവര്‍ ഒടക്കിയാല്‍ ഉദ്ഘാടനം ചെയ്യാന്‍പറ്റുമോ അവള് ബുദ്ധിയില്ലാത്തവള്. വെറും ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു. കളക്ടറാകാന്‍വേണ്ടിമാത്രം പഠിച്ചിട്ട് കളക്ടറാകുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ. ബില്‍ഡിങ് റൂള്‍സ് പഞ്ചായത്ത് വകുപ്പാണ്. അവള്‍ക്കിടപെടാന്‍ യാതൊരു റൈറ്റുമില്ല. അവളുടെ പേരില്‍ ഇതിന്റെ നാശനഷ്ടപരിഹാരം ആവശ്യപ്പെട്ട് കൂട്ടിവന്ന പൊലീസിനെയും ഇവളെയും ചേര്‍ത്ത് പ്രൈവറ്റ് കേസ് ഫയല്‍ ചെയ്യുക. മൂന്നാറില്‍കൂടി നാളെ റോഡ് ടാര്‍ ചെയ്യണമെങ്കില്‍ നാളെ എന്‍.ഒ.സി. ചോദിച്ചാലോ. ഇതൊരു ജനാധിപത്യ രാജ്യമല്ലേ. എന്നിട്ട് ജനപ്രതിനിധികള്‍ പറഞ്ഞാല്‍ കേക്കത്തില്ലെന്ന് പറഞ്ഞാല്‍.'
Also Read തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങി പി.പി.മുകുന്ദൻ: ബിജെപിയെ സമ്മർദ്ദത്തിലാക്കി മുൻ നേതാവ്
ഇതിനിടെ തന്നെ സബ്കളക്ടര്‍ അധിക്ഷേപിച്ചെന്നു വ്യക്തമാക്കി എം.എല്‍.എ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം രേണു രാജ് നിഷേധിച്ചു. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ എം.എല്‍.എയുടെ നടപടിക്കെതിരെ സി.പി.ഐ ജില്ലാനേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.