ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് തപാൽ വകുപ്പ് വീട്ടിലെത്തിക്കും. തപാൽ വകുപ്പ് കേരള സർക്കിൾ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്. സ്വാമിപ്രസാദം എന്ന കിറ്റിന്റെ ഓൺലൈൻ ബുക്കിംഗ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അരവണ, നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റിന് 450 രൂപയാണ്. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഇ-പേയ്മെന്റിലൂടെ കിറ്റ് ബുക്ക് ചെയ്യാം. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിലെത്തിക്കുക. ഇന്നു മുതൽ ബുക്കിംഗ് ആരംഭിച്ചു. നവംബർ 16 മുതലാണ് കിറ്റുകൾ അയച്ചു തുടങ്ങുക. ചടങ്ങിൽ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ വി. രാജരാജൻ, ദേവസ്വം കമ്മീഷണർ ബി.എസ് തിരുമേനി, പോസ്റ്റൽ സർവീസ് ഡയറക്ടർ സയ്യിദ് റഷീദ് എന്നിവർ പങ്കെടുത്തു.
മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് 15ന് വൈകിട്ട് 5ന് ശബരിമല നട തുറക്കും. പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം അന്നു നടക്കും. മണ്ഡല പൂജ കഴിഞ്ഞ് ഡിസംബർ 26നു രാത്രി നട അടയ്ക്കും. മകരവിളക്ക് തീർത്ഥാടനത്തിനായി ഡിസംബർ 30ന് തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്. തുടർന്ന് 19 വരെ ദർശനം ഉണ്ട്.
മണ്ഡല മകരവിളക്ക് തീർഥാടന കാലത്തേക്ക് ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്കിങ് 2 ദിവസം കൊണ്ടുതന്നെ പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിൽ ശബരിമലയിൽ മണ്ഡല, മകരവിളക്ക് കാലത്ത് 1000 പേർക്കേ പ്രവേശനം അനുവദിക്കൂ എന്നതിൽ പുനരാലോചന നടത്താൻ സർക്കാർ ആലോചിക്കുന്നതാണ് വിവരം. കോവിഡ് ചട്ടം പാലിച്ച് തിങ്കൾ മുതൽ വെള്ളി വരെ 1000 പേരെ വീതവും ശനിയും ഞായറും 2000 പേരെ വീതവും അനുവദിക്കാനാണ് നിലവിൽ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.