തെലങ്കാനയാണ് അനുയോജ്യമെങ്കിൽ സിനിമ അവിടെ ചിത്രീകരിക്കട്ടേ, ടി.പി.ആർ. കുറയാതെ കേരളത്തിൽ അനുമതിയില്ല; മന്ത്രി സജി ചെറിയാൻ
- Published by:user_57
- news18-malayalam
Last Updated:
സിനിമാ പ്രവർത്തകരോടും വ്യാപാരികളോടും സർക്കാരിന് വിരോധമില്ല. ജനങ്ങളെ മരണത്തിൽ നിന്നും രക്ഷിയ്ക്കുന്നതാണ് പ്രാഥമിക പരിഗണന: സജി ചെറിയാൻ
കൊച്ചി: കോവിഡ് ടി.പി.ആർ. കുറയുന്നതനുസരിച്ച് മാത്രമേ സംസ്ഥാനത്ത് സിനിമാ ചിത്രീകരണത്തിന് അനുമതി നൽകാനാവൂ എന്ന് സിനിമാ മന്ത്രി സജി ചെറിയാൻ. സിനിമാ പ്രവർത്തകരോടും വ്യാപാരികളോടും സർക്കാരിന് വിരോധമില്ല. ജനങ്ങളെ മരണത്തിൽ നിന്നും രക്ഷിയ്ക്കുന്നതാണ് പ്രാഥമിക പരിഗണന.
മലയാള സിനിമ തെലങ്കാനയിൽ ചിത്രീകരിക്കുന്നതിനേക്കുറിച്ച് അറിയില്ല. തെലങ്കാനയാണ് ചിത്രീകരണത്തിന് യോജ്യമായ സ്ഥലമെങ്കിൽ അവിടെ ചിത്രീകരിയ്ക്കട്ടെ. സിനിമാ സംഘടനയായ ഫെഫ്ക്ക നൽകിയ കത്തിൽ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഉൾപ്പെടെ ഏഴോളം സിനിമകളാണ് തെലങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. മറ്റു പല ചിത്രങ്ങളും അന്യസംസ്ഥാനങ്ങൾ തേടുന്നതായും സിനിമാ മേഖല വ്യക്തമാക്കുന്നു. സീരിയലിന് കൊടുത്ത പിന്തുണ പോലും തങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിച്ചില്ലെന്ന് മലയാള സിനിമയിലെ കൂട്ടായ്‌മയായ ഫെഫ്ക വ്യക്തമാക്കി. നിർമ്മാണ അനുമതി നൽകണമെന്ന് ഫെഫ്കയുടെ നേതൃത്വവും അതിൽ അംഗങ്ങളായിട്ടുള്ള 19 യൂണിയനുകളും ചേർന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു.
advertisement
കത്തിൻ്റെ പൂർണ്ണ രൂപമിങ്ങനെ:
മലയാള സിനിമ ഒരു തൊഴിൽ മേഖല എന്ന നിലയിലും, ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വമ്പൻ പ്രതിസന്ധിയാണ്. ഒന്നാം ലോക്ഡൗണിനെ അതിജീവിച്ചു എന്ന തോന്നലുണ്ടായി തുടങ്ങിയപ്പോഴാണ് രണ്ടാം ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഒന്നാം അടച്ചിടൽ സമയത്ത്, സർക്കാർ ചലച്ചിത്ര തൊഴിലാളികൾക്ക് സഹായമായി തന്നത് ആളൊന്നുക്ക് 2000 രൂപയാണ്. അതിനു പുറമേ, ഞങ്ങളുടെ സംഘടനാസംവിധാനവും, സംഘടിതശക്തിയും, സഹപ്രവർത്തകരുടെ സ്നേഹപൂർവ്വമുള്ള കൈത്താങ്ങും, ബിസിനസ് ഗ്രൂപ്പുകളുടെ സി എസ് ആർ ഫണ്ടുകൾ ലഭ്യമാക്കുന്ന ആസൂത്രണവുമൊക്കെ ചേർന്നപ്പോൾ, സഹായമഭ്യർത്ഥിച്ച ഒരോ ചലച്ചിത്ര പ്രവർത്തകനും 5000 രൂപ അക്കൗണ്ടിൽ എത്തിച്ചു കൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.
advertisement
കൂടാതെ സ്ഥിരമായി ജീവൻരക്ഷാ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് ഒരു മാസത്തെ മരുന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എല്ലാവർക്കും ഭഷ്യകിറ്റ്, ചികിത്സാ സഹായം, ആശ്രിതർക്ക് മരണാനതര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവർത്തനങ്ങളിലൂടെ തൊഴിലാളികൾക്ക് ആത്മവിശ്വാസം പകരാനായി. ഏതാണ്ട് 2, 25,00,000 രൂപ സംഘടന കണ്ടെത്തി ചെലവിട്ടു.
രണ്ടാം അടച്ചിടൽ ഘട്ടത്തിൽ, സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് ആളൊന്നിന് 1000 രൂപസഹായമാണ്. ഫെഫ്ക അതിന്റെ ഏറെ പരിമിതമായ സാമ്പത്തിക സ്രോതസുകൾ ഉപയോഗിച്ചുകൊണ്ട്, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളിലൂടെ വാക്സിനേഷൻ, കോവിഡ് ബാധിതർക്ക് ചികിത്സാ സഹായം, കുടുംബങ്ങൾക്ക് മരണാനന്തര സഹായം, ഒരു മാസത്തെ ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം, കുട്ടികൾക്ക് പഠനസഹായം എന്നിങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നു.
advertisement
കൂടാതെ, ഓണക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനുള്ള സംവിധാനം ആവിഷ്ക്കരിച്ച് വരികയുമാണ്. ദീർഘകാല അടിസ്ഥാനത്തിൽ, ഞങ്ങളെപോലുള്ള ഒരു തൊഴിലാളി സംഘടനയ്ക്ക് ഈ വിധം മുന്നോട്ട് പോകാനുള്ള സാമ്പത്തിക ശേഷിയില്ല.
നമ്മുടെ അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു കാർക്കശ്യവുമില്ലാതെ, നിബന്ധനകളില്ലാതെ അവിടങ്ങളിൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിൽ, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താൻ റ്റെലിവിഷൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക്ക് മാത്രം അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവരിൽ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരാണ്. ഷൂട്ടിംഗിനുമുമ്പ് പിസിആർ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയൊബബിൾ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങൾ മാത്രമല്ല നിർമ്മാതാക്കളും സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല.
advertisement
ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ ഏഴോളം സിനിമകളാണ് തെലങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. നിർമ്മാണ മേഖലയുൾപ്പടെവയ്ക്ക് പ്രവർത്തിക്കാൻ തടസമില്ല, സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാ-സാംസ്കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാൽ, മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിംഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 15, 2021 11:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെലങ്കാനയാണ് അനുയോജ്യമെങ്കിൽ സിനിമ അവിടെ ചിത്രീകരിക്കട്ടേ, ടി.പി.ആർ. കുറയാതെ കേരളത്തിൽ അനുമതിയില്ല; മന്ത്രി സജി ചെറിയാൻ








