'ബിഷപ്പ് ആന്റണി കരിയിലിനോട് രാജി ആവശ്യപ്പട്ടത് മുറിവുണ്ടാക്കി'; വത്തിക്കാനെതിരെ സത്യദീപം
- Published by:Naseeba TC
- news18-malayalam
Last Updated:
ഭൂമി വിവാദത്തിലൂടെയാണ് സഭയില്‍ ആദ്യമുറിവുണ്ടായത്. ആദ്യമുറിവിനെ അഭിസംബോധന ചെയ്യാതെ ഐക്യത്തിനായി കുര്‍ബാനയിലൂടെ ഐക്യരൂപം അടിച്ചേല്‍പ്പിച്ചുവെന്നും സത്യദീപം ആരോപിക്കുന്നു.
കൊച്ചി: സിറോ മലബാര്‍ സഭ നേതൃത്വത്തിനെതിരെ പ്രത്യക്ഷമായും വത്തിക്കാനെതിരെ പരോക്ഷ വിമര്‍ശനമുയര്‍ത്തിയും എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ബിഷപ്പ് ആന്റണി കരിയിലിനോട് വത്തിക്കാന്‍ രാജി ആവശ്യപ്പെട്ടത് സഭയ്ക്ക് മുറിവുണ്ടാക്കിയെന്ന് എഡിറ്റോറിയല്‍. നിര്‍ണായക നിമിഷങ്ങളില്‍ നേതൃത്വം മനപ്പൂര്‍വമായ നിസംഗത പുലര്‍ത്തിയെന്നും എല്ലാം ഒരുപോലെയാക്കാനുളള ശ്രമത്തില്‍ ഒന്നാകാന്‍ മറന്നുപോയ സഭക്ക് ക്രിസ്തുവും കാലവും മാപ്പുകൊടുക്കുമോയെന്നുമാണ് വിമര്‍ശനം.
ഭൂമി വിവാദത്തിലൂടെയാണ് സഭയില്‍ ആദ്യമുറിവുണ്ടായത്. ആദ്യമുറിവിനെ അഭിസംബോധന ചെയ്യാതെ ഐക്യത്തിനായി കുര്‍ബാനയിലൂടെ ഐക്യരൂപം അടിച്ചേല്‍പ്പിച്ചുവെന്നും സത്യദീപം ആരോപിക്കുന്നു. ബിഷപ്പ് ആൻറണി കരിയലിനെതിരെ വത്തിക്കാനിൽ നിന്ന് നടപടി ഉണ്ടായാൽ അതിരൂപതയിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നതിന്റെ സൂചനയായാണ് സത്യദീപത്തിന്റെ എഡിറ്റോറിയലിനെ വിലയിരുത്തുന്നത്.
എഡിറ്ററിയലിന്റെ പൂർണ്ണരൂപം..
തിരുസഭയുടെ തിരുമുറിവുകള്‍..
സീറോ-മലബാര്‍ സഭാ ഗാത്രത്തിലെ സമകാലിക മുറിവുകളില്‍ ഏറ്റവും ആഴമേറിയത് അനീതിയുടെയോ, അനൈക്യത്തിന്റെയോ എന്ന സങ്കടം സാധാരണ വിശ്വാസിയുടേതാണ്. രണ്ടും ആഴത്തില്‍ മുറിപ്പെടുത്തി എന്നതാണ് വാസ്തവം.എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്പനയിലെ അക്രമോത്സുകമായ അനീതിയുടെ പുറകില്‍ തെറ്റായ തീരുമാനങ്ങളായിരുന്നു എന്ന് വ്യക്തമാണ്. അപ്പോഴും അതാരുടെ തീരുമാനമായിരുന്നു എന്നതിന്മേലുള്ള അന്തിമവിധി രാജ്യത്തെ നീതി ന്യായ കോടതിയുടേതാകും. ഐക്യത്തിന്റെ കൂദാശയായ വി. കുര്‍ബാന തന്നെ അനൈക്യത്തിന്റെ വിഷയമായതിന്റെ പരുക്കുകള്‍ക്ക് സഭയില്‍ ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
advertisement
ഈ അനൈക്യത്തെ വലിയ വിഭാഗീയതയായി വളര്‍ത്തിയതില്‍ വേണ്ടത്ര കൂടിയാലോചനകളില്ലാതെ ഐകരൂപ്യത്തിനായി സിനഡ് കൈക്കൊണ്ട ഏകപക്ഷീയമായ തീരുമാനമായിരുന്നു എന്ന വസ്തുത നിലനില്‌ക്കെ, അതങ്ങനെയല്ല എന്ന് ഔദ്യോഗികമായി പറയാനുള്ള ശ്രമങ്ങളിലൂടെ അനൈക്യത്തിന്റെ മുറിവാഴം വര്‍ദ്ധിക്കാനാണിടയായത്. ഐകരൂപ്യശ്രമങ്ങളെല്ലാം അധികാരവുമായി ബന്ധപ്പെട്ടതെന്നാണ് ചരിത്രസാക്ഷ്യം. എല്ലാവരും ഒരേപോലെ ചിന്തിക്കുകയും ഒടുവില്‍ ഒരാളുടെ ചിന്തയോട് മറ്റുള്ളവരുടേത് ഏകീഭവിക്കുകയും ചെയ്യുന്ന ആലോചനാ ശൈഥില്യത്തിന്റെ അപകടവഴിയാണത്. ചിന്തയുടെ ഉത്തരവാദിത്വം ഒരാളില്‍ മാത്രം നിക്ഷിപ്തമാക്കുന്ന ഈ അസാധാരണത്വം സഭയുടേതാകുമ്പോള്‍ അത് സുവിശേഷ വിരുദ്ധമാകുന്നു എന്നു മാത്രമല്ല, ക്രിസ്തു വിരുദ്ധവുമാകും.
advertisement
'തെക്കു നിന്നും വടക്കുനിന്നും കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകര്‍ വന്ന് ഒരുമിച്ചിരിക്കുന്ന' ദൈവരാജ്യസങ്കല്പത്തിലെ വിരുന്നു മേശകള്‍ അങ്ങനെയാണ് അനാഥമാകുന്നത്. ഐകരൂപ്യം മാത്രം പ്രധാന പ്രശ്‌നമായി കണ്ട് പരിഹരിക്കാനുള്ള പരിശ്രമങ്ങളിലൂടെ സഭാ നേതൃത്വം മുന്നേറിയപ്പോള്‍ വിശ്വാസികള്‍ വിപരീത ദിശകളിലേക്ക് വിഘടിച്ചുവെന്നതാണ് വാസ്തവം. മാത്രവുമല്ല, അതിനായി അനീതിയുടെ മാര്‍ഗ്ഗങ്ങളെപ്പോലും അവലംബിച്ചു. അനീതിയുടെ തീരുമാന ഫലമായുണ്ടായ അനൈക്യത്തെ ഐകരൂപ്യത്തിലൂടെ പരിഹരിക്കാമെന്ന നേതൃത്വത്തിന്റെ ചിന്താശൂന്യതയാണ് സഭയിലെ ഇപ്പോഴത്തെ അന്തഃഛിദ്രത്തിന് അടിസ്ഥാനം.
advertisement
''ഒരാളുടെ ആശയങ്ങള്‍ എല്ലാവരുടെയും മേല്‍ സമ്മര്‍ദ്ദം ചെലു ത്തി അടിച്ചേല്പിക്കുന്നതും വ്യത്യസ്തമായി ചിന്തിക്കുന്നവരെ താഴ്ത്തിക്കെട്ടുന്നതും വ്യര്‍ത്ഥമായ പ്രവൃത്തിയാണെന്ന്'' ആഗോള മെത്രാന്‍ സിനഡിനായി സമര്‍പ്പിച്ച കൈപ്പുസ്തകത്തില്‍ ഫ്രാന്‍സിസ് പാപ്പ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ടാണ് സഭയോടൊപ്പം ചിന്തിക്കുന്നവരെ മാത്രം കേള്‍ക്കാനുള്ള പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കാനുള്ള കൃപയുടെ പരിശ്രമം ഈ സിനഡൊരുക്കത്തിലുടനീളം ഉണ്ടായിക്കാണാന്‍ പാപ്പ ആഗ്രഹിക്കുന്നതും.''നിസ്സാരരെന്ന് കാണാന്‍ നാം പ്രലോഭിതരാകുന്ന ആളുകളെയും നമ്മുടെ ചിന്താരീതികളെത്തന്നെ വ്യത്യാസപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്ന പുതിയ വീക്ഷണങ്ങളുള്ളവരെയും കേള്‍ക്കാന്‍ നാം പ്രത്യേകശ്രമം നടത്തേണ്ടതുണ്ടെന്ന്'' എന്ന് ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിക്കു ന്നിടത്ത് വ്യത്യസ്തത തന്നെയാണ് ഐക്യത്തിലേക്കുള്ള വിശുദ്ധവഴിയെന്ന് വ്യക്തമാണ്.
advertisement
ഇതര മതസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും അതിഥിത്തൊഴിലാളികളെയും ഭിന്നലിംഗക്കാരെയും സിനഡല്‍ പ്രക്രിയയിലുള്‍പ്പെടുത്തി, സക്രിയമായ സംവാദ തലങ്ങളെ വികസിപ്പിച്ചതിലൂടെ എറണാകുളം-അങ്കമാലി അതിരൂപത മാതൃകയാകുമ്പോള്‍, ഐക്യത്തിലേക്കുള്ള യാത്രകള്‍ പുറത്തുനിന്നും അകത്തേക്കല്ല, അകത്തുനിന്നും പുറത്തേക്കാണെന്ന സത്യത്തെ സാക്ഷാത്ക്കരിക്കുക കൂടിയാണ്.'എല്ലാവരെയും കേള്‍ക്കണം' എന്ന ആഹ്വാനമാണ് സിനഡാത്മകതയുടെ ആത്മാവ്. ഭൂമി വില്പന വിവാദ വിഷയത്തില്‍ ഈ ശ്രവണം സാര്‍വ്വത്രികമായി സുതാര്യമാകാതിരുന്നതിന്റെ അനീതി തന്നെയാണ് പിന്നീട് സഭയെ അനൈക്യത്തിലേക്ക് നയിച്ചത്. അനീതിയുടെ ഈ ആദ്യ മുറിവിനെ അഭിസംബോധന ചെയ്യാതെയാണ് 'ഐക്യത്തി'നായുള്ള ഐകരൂപ്യശ്രമങ്ങള്‍ ആരംഭിച്ചതും.
advertisement
അതാണിപ്പോള്‍ വിഭാഗീയതയുടെ വലിയ വൃണമായി സമൂഹത്തില്‍ ദുര്‍ഗന്ധം പരുത്തുന്നതും. ഏറ്റവും ഒടുവില്‍ മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനത്തു നിന്നു ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്റണി കരിയിലിന്റെ രാജി വത്തിക്കാന്‍ (നിര്‍ബന്ധപൂര്‍വ്വം) ആവശ്യപ്പെട്ടു എന്നു പ്രചരിക്കുന്ന വാര്‍ത്തകളിലൂടെ നീതിയുടെ രക്തസാക്ഷിത്വം മറ്റൊരു മുറിവായി സഭാ ഗാത്രത്തെ ആഴത്തില്‍ പരിക്കേല്പിക്കുന്നുണ്ട്. എല്ലാവരെയും കേള്‍ക്കാന്‍ തയ്യാറായവന്റെ തിരുമുറിവാണത്. അതിരൂപതാ സിനഡു സമ്മേളനത്തിന്റെ ഉദ്ഘാടനവേളയില്‍ കരിയില്‍ പിതാവ് പറഞ്ഞതിങ്ങനെ, 'നമ്മെ ആരും കേള്‍ക്കുന്നില്ലെങ്കിലും നാം എല്ലാവരെയും കേട്ടു.' വിവിധ തലങ്ങളിലെ സിനഡ് സമ്മേളനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു എന്നതാണതിന്റെ ആധികാരികത.
advertisement
അഭിനവ പ്രത്തോറിയത്തിന്റെ അധികാരികള്‍ നിര്‍ണ്ണായക നിമിഷങ്ങളില്‍ പുലര്‍ത്തിയ മനഃപൂര്‍വ്വമായ നിസ്സംഗത അനിവാര്യമാക്കിയതാണ് ഈ രക്തസാക്ഷിത്വം. നാഥാന്റെ പ്രവാചകത്വം നഷ്ടപ്പെട്ട നേതൃത്വത്തിന്റെ അപചയമാണിത്. സാംസ്‌കാരിക ഐകരൂപ്യം തകര്‍ത്ത കനേഡിയന്‍ ദുരിതക്കാഴ്ച കളിലേക്കാണ് കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് പാപ്പ 'അനുതാപത്തിന്റെ തീര്‍ത്ഥാടനം' നടത്തി മാപ്പ് പറഞ്ഞത്. എല്ലാം ഒരു പോലെയാക്കാനുള്ള ശ്രമത്തില്‍ ഒന്നാകാന്‍ മറന്നുപോയ സീറോ മലബാര്‍ സഭയ്ക്ക് ക്രിസ്തുവും കാലവും മാപ്പ് കൊടുക്കുമോ?
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 28, 2022 6:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിഷപ്പ് ആന്റണി കരിയിലിനോട് രാജി ആവശ്യപ്പട്ടത് മുറിവുണ്ടാക്കി'; വത്തിക്കാനെതിരെ സത്യദീപം